Kozhikode
മീലാദ് ക്യാമ്പയിൻ: ഗ്ലോബൽ മൗലിദ് മജ്‌ലിസ് ഇന്ന്
കോഴിക്കോട് | ഇശ്ഖിന്റെ ശീലുകളിൽ വിശ്വാസികളുടെ മനം ലയിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് ഇന്ന് ലോകം സാക്ഷി. പ്രവാചക കീർത്തനങ്ങളാൽ ധന്യമായ റബീഉൽ അവ്വലിന് കുളിര് പകർന്ന് ഇന്ന് ഗ്ലോബൽ മൗലിദ് മജ്‌ലിസ്.
സ്‌നേഹ കാവ്യങ്ങൾ മദ്ഹ് ഗീതങ്ങളായി പരന്നൊഴുകുമ്പോൾ അത് മുത്ത് നബിയോടുള്ള ആദരവാകും. “തിരുനബി(സ്വ) അനുപമ വ്യക്തിത്വം” എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഗ്ലോബൽ മൗലിദ് മജ്‌ലിസ്.
പ്രസ്ഥാന നായകരും അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സംഗമം ഇന്ന് രാത്രി ഏഴ് മുതൽ മീഡിയാ മിഷൻ, മദ്‌റസാ മീഡിയ യു ട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഈ മാസം 16നാരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് മുസ്‌ലിം ജമാഅത്തിന് കീഴിൽ സംഘടിപ്പിച്ചു വരുന്നത്.
തിരുനബിയുടെ സ്‌നേഹദർശനങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യൂനിറ്റ്, സർക്കിൾ, സോൺ, ജില്ലാ, സംസ്ഥാന തലങ്ങളിലായാണ് പരിപാടികൾ.
ഇന്ന് നടക്കുന്ന ഗ്ലോബൽ മൗലിദ് മജ്‌ലിസിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും. ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂരിന്റെ നേതൃത്വത്തിൽ മൗലിദ് ആലപിക്കും.
കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും നിയന്ത്രണങ്ങൾ പാലിച്ചുള്ള ചടങ്ങുകളുമായിട്ടാണ് റബീഉൽ അവ്വൽ പരിപാടികൾ. വിശ്വാസികളുടെ വീട്ടകങ്ങൾ മൗലിദ് പാരായണങ്ങളാൽ മുഖരിതമാണ്. വിശുദ്ധ മാസത്തെ വരവേറ്റ് പള്ളികളും വീടുകളും വർണബൾബുകളാൽ അലംകൃതമായി.
പുണ്യറബീഇന്റെ പവിത്ര രാവുകളെ സമ്പന്നമാക്കി ഓൺലൈനിൽ ക്ലാസുകൾ, മദ്ഹ് ഗാനങ്ങൾ, പ്രഭാഷണങ്ങൾ, മത്സരപരിപാടികൾ എന്നിവ വിവിധ ഘടക സംഘടനകളുടെ കീഴിൽ സംഘടിപ്പിച്ചിട്ടുണ്ട്. മദ്‌റസകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് വിപുലമായ ഓൺലൈൻ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.