Editors Pick
ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് അറബ് വിപണികള്‍; കാരണം മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍
ദോഹ | ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് കൂടുതല്‍ അറബ് വ്യാപാര സംഘടനകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഈയടുത്തായി നിരന്തരം നടത്തുന്ന ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണിത്. ലോകവ്യാപകമായി പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നതടക്കമുള്ള നിരവധി വിദ്വേഷ പ്രസ്താവനകളാണ് മാക്രോണ്‍ നടത്തിയത്.
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ആക്ഷേപഹാസ്യ മാസിക പ്രസിദ്ധീകരിച്ചതിനെയും മാക്രോണ്‍ പിന്തുണച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറബ് രാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങളില്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുണ്ടായത്. തുര്‍ക്കിയിലും പ്രതിഷേധം വ്യാപകമാണ്.
ഖത്വര്‍, കുവൈത്ത്, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, സഊദി അറേബ്യ, തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം വ്യാപകമാണ്. ഇവിടങ്ങളിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ഖത്വര്‍ യൂനിവേഴ്‌സിറ്റി ഫ്രഞ്ച് സാംസ്‌കാരിക വാരം എന്ന പരിപാടി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.