Connect with us

Kerala

മുന്നാക്ക സംവരണം: നടപ്പാക്കുന്നത് രാജ്യത്ത് ആകെ ബാധകമായ നിയമം, ആരുടെയും സംവരണാനുകൂല്യം ഇല്ലാതാക്കുകയില്ലെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് ആകെ ബാധകമായ നിയമമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും ആരുടെയും സംവരണം ഇല്ലാതാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഈ സംവരണം. എന്നാല്‍ അതിന് പാര്‍ലിമെന്റില്‍ ഭരണാഘടന ഭേദഗതി ആവശ്യമായിരുന്നു. കേന്ദ്രം ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസും ഇടുതപക്ഷവുമടക്കമുള്ളവര്‍ പിന്തുണച്ചു. പാര്‍ലിമെന്റില്‍ സന്നിഹിതരായ 326 അംഗങ്ങളില്‍ 323 പേരും അനുകൂലിക്കുകയും നിയമമായി പാസ്സാക്കുകയും ചെയ്തു. സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നും പിണറായി ചൂണ്ടിക്കാട്ടി.

പൊതുമത്സര വിഭാഗത്തില്‍ നിന്ന് പത്ത് ശതമാനം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നീക്കിവെക്കുകയാണ് ചെയ്തത്. നിലവിലുള്ള ഒരു വിഭാഗത്തിന്റെയും അവസരം ഹനിക്കുന്നില്ല. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ സംവരണാനുകൂല്യവും ഇല്ലാതാക്കുകയുമില്ല. നിലവിലെ സംവരണം അതേപോലെ നിലനില്‍ക്കുമെന്നും പിണറായി പറഞ്ഞു.