Ongoing News
എത്ര സമ്പാദിക്കണം?
“ഗുരോ, ഞാനെത്രയാണ് സമ്പാദിക്കേണ്ടത്?”
അപൂർവങ്ങളിൽ അപൂർവമായ ചോദ്യം കേട്ടു ഗുരു കണ്ണുകളുയർത്തി. സാധാരണ കൂടുതൽ സമ്പാദിക്കുന്നതിനുള്ള കുറുക്കുവഴികൾ മാത്രം അന്വേഷിച്ചുവരുന്ന ഇക്കാലത്ത് ഇങ്ങനെയും ചോദിക്കുന്നവരുണ്ടോ?! അദ്ദേഹം ഒന്നും പറയാതെ അകത്തേക്കു പോയി. ഒരു പാത്രത്തിൽ നിറയെ മുട്ടകളുമായി വന്നു.
“കൈ നീട്ടൂ”
അയാൾ രണ്ട് കൈകളും നീട്ടി. ഗുരു മുട്ടകൾ ഓരോന്നോരോന്നായി എടുത്ത് അയാളുടെ കൈകളിൽ വെച്ചു. മൂന്നെണ്ണം വെച്ചപ്പോൾ കൈക്കുടം നിറഞ്ഞു. അഡ്ജസ്റ്റ് ചെയ്തു നാലാമത്തേതും വെച്ചു. അതിനു മുകളിലായി അഞ്ചാമത്തേത് വെച്ചപ്പോൾ അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഗുരു പാത്രത്തിൽ നിന്ന് ആറാമത്തേത് എടുത്തപ്പോൾ അയാൾ പറഞ്ഞു: “വേണ്ട ഗുരോ, താഴെ വീണു ഉടഞ്ഞു പോകും”
ഗുരു പുഞ്ചിരിച്ചു: “നിന്റെ ചോദ്യത്തിന്റെ ഉത്തരമിതാണ്. നിനക്ക് സ്വന്തമായി കൈകാര്യം ചെയ്യാവുന്നത് മാത്രമേ സമ്പാദിക്കാവൂ. അതിനുമപ്പുറത്ത് സമ്പാദിച്ചാൽ അള്ളിപ്പിടിച്ചിരിക്കാം എന്നല്ലാതെ നിനക്ക് ഉപകരിക്കുകയില്ല. അതിനുമപ്പുറത്തേക്ക് സമ്പാദിക്കാനുള്ള ആർത്തി ഉള്ളതെല്ലാം നശിച്ചുപോകാൻ കാരണമാകും”
“ശരി ഗുരോ, ഞാൻ എനിക്ക് ജീവിക്കാനാവശ്യമായതു മാത്രം സമ്പാദിക്കും”
“അതു ശരിയല്ല, നിനക്ക് അധ്വാനശേഷി ഉണ്ടെങ്കിൽ അത് ദൈവം തന്ന അനുഗ്രഹമാണ്; പ്രയോജനപ്പെടുത്തിയേ തീരൂ. സമ്പാദ്യത്തിൽ നിനക്കാവശ്യമുള്ള വിഹിതം കഴിഞ്ഞാൽ ബാക്കി അർഹതപ്പെട്ടവർക്ക് നൽകുക, അവരുടെയും സന്തോഷമാണ് നിന്റെ വിജയത്തിന്റെ ഊർജം.”
ഇന്ന് എല്ലാവരും സമ്പത്തിനു പിറകെയാണ്. എങ്ങനെ കൂടുതൽ സമ്പാദിക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. സമ്പാദിക്കാനുള്ള വ്യഗ്രതയിൽ കുടുംബ സാമൂഹിക ബന്ധങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ. നമ്മുടെ കർമശേഷി സക്രിയമായി പ്രയോജനപ്പെടുത്തുന്നത് നല്ല കാര്യം. ജീവിതകാലം മുഴുവനും അധ്വാനിക്കുകയും അതിന്റെ മധുരഫലം ആസ്വദിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നതിൽ എന്തർഥം?! ചുറ്റുമുള്ളവരെ കൂടി പരിഗണിക്കുമ്പോഴാണ് യഥാർഥത്തിൽ കർമഫലം ആസ്വദിക്കുന്നത്.
സമ്പത്തിനേക്കാൾ വലുതാണ് ആത്മസംതൃപ്തി. “യഥാർഥത്തിലുള്ള ഐശ്വര്യം ധനം കുന്നുകൂടുമ്പോൾ ഉണ്ടാകുന്നതല്ല, മനസ്സിൽ ഉണ്ടാകുന്നതാണ്” എന്ന് നബിതിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞത്: “നാം ഈ ലോകത്ത് വെറുമൊരു വഴിയാത്രക്കാരനെ പോലെയാണ് എന്നത്രേ”. ക്ഷണനേരത്തേക്ക് മാത്രം കൂടെ ഉണ്ടാകുന്ന സഹയാത്രികരെ സന്തോഷിപ്പിക്കാനും സഹായിക്കാനും ലഭിക്കുന്ന അവസരങ്ങൾ നാം പാഴാക്കരുത്. വഴിയറിയാതെ ഉഴറി നിന്നപ്പോൾ കൃത്യമായ ദിശ കാണിച്ചു തന്ന ആളുകളെ നാം പിന്നീട് നന്ദിപൂർവം സ്മരിക്കാറുള്ളതു പോലെ സഹജീവികൾ മുഴുവനും നമ്മെ ഓർമിക്കുന്ന അവസ്ഥ സാധ്യമാക്കണം. മറ്റുള്ളവരെ പരിഗണിക്കുക എന്നത് ഒരു നല്ല ഗുണമാണ്. അവരുടെ വീക്ഷണത്തിൽ അവരുടെ ആവശ്യങ്ങൾ / ഇഷ്ടങ്ങൾ എന്തായിരിക്കുമെന്ന് തിരിച്ചറിയാനുള്ള നമ്മുടെ ശേഷിയെയാണ് യഥാർഥത്തിൽ പരിഗണന എന്ന് പറയുന്നത്.
പ്രത്യുത, നമ്മുടെ ഇഷ്ടങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതുകൊണ്ട് ഒരിക്കലും പ്രയോജനം ഉണ്ടാകണമെന്നില്ല. ശത്രുവിനോട് പോലും ഈ സമീപനം സ്വീകരിക്കാൻ നമുക്ക് സാധ്യമായാൽ ഈ ലോകം എത്ര മോഹന സുന്ദര മായിരിക്കും. മനഃശാസ്ത്രജ്ഞനും സാമൂഹിക ചിന്തകനുമായ ഡെയിൽ കാർനഗി ചൂണ്ടിക്കാണിക്കുന്നു: നിങ്ങൾ മീൻ പിടിക്കാൻ ചൂണ്ടയിടുമ്പോൾ ചൂണ്ടയുടെ അറ്റത്ത് മുന്തിരിയോ സ്ട്രോബറിയോ തൊടുത്തു വെക്കാറില്ലല്ലോ, മണ്ണിരയോ മറ്റെന്തെങ്കിലും പ്രാണിയോ ആയിരിക്കും കോർത്തുവെക്കുന്നത്. എന്നിട്ടും നിങ്ങൾ മീനിനോടു പറയുന്നത്: “ഇത് നിനക്കിഷ്ടമുള്ളതല്ലേ, ആസ്വദിച്ചോളൂ” എന്നായിരിക്കുമല്ലോ. ഇവിടെ മത്സ്യത്തിന്റെ താത്പര്യവും അഭിരുചിയുമാണ് നിങ്ങൾ കണക്കിലെടുക്കുന്നത്. ഇതുപോലെ നമ്മളോട് ബന്ധപ്പെടുന്ന വ്യക്തികളുടെ വീക്ഷണങ്ങളും ഇഷ്ടങ്ങളും പരിഗണനകളും മുഖവിലക്കെടുക്കാൻ നമുക്ക് സാധ്യമാകണം.
“നിന്നെക്കാളും നിന്റെ സഹോദരനെ പരിഗണിക്കുന്നതു വരെ നീ പൂർണ വിശ്വാസി ആകുന്നില്ല” എന്ന തിരുനബി (സ്വ) വചനം പ്രസക്തമാണ്. സ്വാർഥതയുടെ കൂച്ചുവിലങ്ങുകൾ ഭേദിച്ച് മാനവസ്നേഹത്തിന്റെ പ്രതിരൂപങ്ങളായി മാറാൻ നമുക്ക് സാധിക്കണം. ധനം മാർഗതടസ്സമായല്ല, ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് ചാലകശക്തിയായാണ് മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയത്. ദൈവത്തിലുള്ള വിശ്വാസം സമൂഹികജീവിതത്തിൽ നിന്നും കുടുംബാന്തരീക്ഷത്തിൽ നിന്നും ഒറ്റപ്പെട്ട ആധ്യാത്മിക അനുഭൂതികളിലേക്കുള്ള ഒളിച്ചോട്ടമല്ല, സമൂഹമധ്യത്തിൽ മാതൃകാപരമായി ജീവിച്ച് കാണിക്കലാണെന്ന് അവിടുന്ന് പഠിപ്പിച്ചു. അവിടുത്തെ ജന്മവസന്തം ഒരിക്കൽക്കൂടി ആഗതമായിരിക്കുന്നു. ജീവിതത്തിൽ വഴിവിളക്കായി അവിടുന്ന് പ്രശോഭിച്ചു നിൽക്കട്ടെ.