Connect with us

Book Review

വ്യർഥമോഹത്തിന്റെ അപഭ്രംശം

Published

|

Last Updated

അന്ധകാരനഴി- ഇ സന്തോഷ്കുമാർ

കേരളത്തിൽ ഏറ്റവും കൂടുതൽ വായനയെ ആകർഷിച്ച പ്രസ്ഥാനം അല്ലെങ്കിൽ മലയാളിയുടെ വായനാലോകം മടുപ്പുകൂടാതെ വായിച്ചാസ്വദിക്കാൻ തിടുക്കംകൂട്ടിയത് വിജയം വരിച്ച ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള കഥകളോ കവിതകളോ നോവലുകളോ ആകില്ല. മനുഷ്യ മോചനം സ്വപ്നംകണ്ട് അനീതികൾക്കെതിരെയുള്ള കലാപങ്ങൾക്ക് ചുക്കാൻ പിടിക്കുകയും അതിനെ വസന്തത്തിന്റെ ഇടിമുഴക്കമായി പ്രചരിപ്പിക്കുകയും ചെയ്ത, ഇന്ത്യൻ വിപ്ലവം ഇതാ സമാഗതമായി എന്ന് ചിലരെങ്കിലും അമിത പ്രതീക്ഷയർപ്പിച്ച ഒരു പ്രസ്ഥാനമാണ്, 1969ൽ പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ നക്സൽ ബാരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട നക്സൽബാരി പ്രസ്ഥാനം. പ്രതീക്ഷകൾ ബാക്കിവെച്ചു എന്നല്ലാതെ ലക്ഷ്യത്തിന്റെ നാലയലത്തുപോലും എത്തിപ്പെടാതെ അൽപ്പായുസ്സായി കലാശിച്ച ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള വായന എന്നും മനസ്സിനേയും ചിന്തയേയും തീ പിടിപ്പിക്കാൻ പോന്ന ഒന്നാണ്.

എന്നാൽ, യുവ നോവലിസ്റ്റും കഥാകൃത്തുമായ ഇ സന്തോഷ്കുമാറിന്റെ തൂലികയിൽ നിന്നും മലയാള നോവൽ സാഹിത്യത്തിലേക്ക് അടർന്നുവീണ ഒരു അസാധാരണ സൃഷ്ടിയാണ് 465 ഓളം പേജുകളിൽ പരന്നുകിടക്കുന്ന “അന്ധകാരനഴി” എന്ന നോവൽ. നക്സലിസത്തിന്റെ ഉദയവും അസ്തമയവും അതിന്റെ കാര്യകാരണങ്ങളും ചർച്ചചെയ്ത് തളർന്ന ഒരു വായനാഭൂമികയിലേക്ക് അൽപ്പം വൈകി കടന്നുവന്ന ഭ്രമിപ്പിക്കുന്ന വായനാനുഭവവും പ്രസ്ഥാന ചരിത്രത്തിന്റെ ഇരുൾഗുഹകളിലേക്ക് വെളിച്ചം വീശി ചരിത്രാന്വേഷണമായി മാറുകയും ചെയ്തത് അന്ധകാരനഴിയാണ് എന്ന് പറയേണ്ടിവരും.

പുനർവായനയിലും ഈ കൃതി വായനക്കാരെ മഥിപ്പിക്കുന്നു എന്നതിനർഥം പ്രസ്ഥാനം പിന്നിട്ട വിചിത്രവഴികളേയും അതുണ്ടാക്കിയെടുത്ത കാൽപ്പനിക സ്വപ്നങ്ങളേയും ഒടുവിൽ അതിന്റെ മാർഗത്തിന്റെ അപ്രായോഗികതയാൽ നേരിടേണ്ടിവന്ന തകർച്ചയേയും അത് മനസ്സിൽ തട്ടും വിധത്തിൽ ആവിഷ്കരിച്ചു എന്നത് കൊണ്ടു കൂടിയാണ്. വലിയ പ്രതീക്ഷയോടെ ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കമായി പ്രത്യക്ഷപ്പെട്ട നക്സൽബാരി പ്രസ്ഥാനം ഒടുവിൽ ഒരു നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയതിന്റെ കാര്യകാരണങ്ങൾ എത്ര കൃത്യതയോടെയാണ് ഇ സന്തോഷ് കുമാർ വരച്ചുവെച്ചിരിക്കുന്നത്. വായന തീരാറായിത്തുടങ്ങിയപ്പോൾ തോന്നിയ വികാരം ഇപ്പോഴൊന്നും തീരാതിരുന്നെങ്കിൽ എന്നാകുന്ന അപൂർവം നോവലുകളിൽ ഒന്ന് എന്നതിൽ സംശയമില്ല.

ഇ സന്തോഷ് കുമാർ

ശിവൻ എന്ന ജീവിക്കുന്ന കഥാപാത്രം എവിടം വരെ തന്റെ യാത്ര തുടരും? ശ്രീനിവാസൻ എന്ന കാൽപ്പനികനായ കവിയെ ഒടുവിൽ കണ്ടെത്തുമോ? കാണാമറയത്തുള്ള അച്ചാച്ചനും തുരുത്ത് ഭരിക്കുന്ന പപ്പായിയും വേർപിരിയുന്നത് എവിടെയാണ്.? അച്ചാച്ചൻ ഒരു സങ്കൽപ്പ കഥാപാത്രമോ? നൂറുകൂട്ടം സംശയങ്ങൾക്ക് പൂർണ ഉത്തരമാകാതെ വിരാമമാകുമ്പോൾ “അന്ധകാരനഴി” ശരിക്കും ബാക്കിവെക്കുന്നത് കാൽപ്പനികതക്കപ്പുറം വ്യർഥമോഹങ്ങൾ കൊണ്ട് ഒരു വിപ്ലവവും പ്രായോഗികമായ ഒരു ലൈൻ ഇല്ലാതെപോയാൽ ഒടുവിൽ അത് അപഹാസ്യമായിത്തീരും എന്നതാണ്.

വർഷങ്ങളോളം വിചിത്രമായൊരു ദീപിൽ ഒളിവുജീവിതം നയിക്കേണ്ടിവന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന സഖാവ് ശിവനിൽ അയാൾ പോലും അറിയാതെ സംഭവിച്ച മാറ്റം വിപ്ലവത്തിന്റെ പരാജയമല്ല സൂചിപ്പിക്കുന്നത്. പ്രതിസന്ധികൾക്കുമേൽ പിടിച്ചു നിൽക്കാനാകാത്ത പച്ചയായ മനുഷ്യന്റെ ആകുലതകളുടെയും ആസക്തികളുടെയും പടയോട്ടത്തിനു മുമ്പിൽ പരാജയം സമ്മതിക്കേണ്ടിവരുന്ന കാൽപ്പനിക സ്വപ്നങ്ങളുടെ തകർച്ചയെയാണ്.

ശിവൻ എത്തിപ്പെട്ട പുല്ലാനിപ്പുഴക്കക്കരെയുള്ള ദ്വീപിൽ വർഷങ്ങൾക്കുശേഷം തന്റെ ഒളിവുകാല ജീവിതത്തിൽ സഹായിയായിരുന്ന രമണിയും എത്തിപ്പെട്ടപ്പോൾ ശരിക്കും അമ്പരന്നുപോയ ശിവൻ പിന്നീട് രമണിയോട് പഴയ സഖാക്കളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
“പലരും പിടിയിലായി. ചിലർ കൊല്ലപ്പെട്ടു. പലരേയും കാണാതായി. നിങ്ങളെ ഒളിപ്പിച്ചവരെയെല്ലാം അവർ കൊണ്ടുപോയി.” രമണിയിൽനിന്ന് ഇത്രയും കേട്ടപ്പോളാണ് ശിവൻ എന്ന എന്നോ മറവിബാധിച്ച പഴയ നേതാവിന് ബോധോദയം സംഭവിക്കുന്നത്. പിന്നീട് രമണിയോട് ഇത്രയും ചോദിക്കാതിരിക്കാൻ ഒരു കാലത്തെ പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന സഖാവിനായില്ല.

“എന്നിട്ട് ഇതിനെല്ലാമെതിരെ ജനങ്ങൾ പ്രതിഷേധിച്ചില്ലേ? ഭൂതകാലം മറന്നുതുടങ്ങിയ ശിവൻ പഴയ ഓർമകളെ ഏറ്റെടുത്തുകൊണ്ട് ചോദിച്ചു.” രമണി എന്ന അന്നത്തെ സഹപ്രവർത്തക അതിനു നൽകിയ ഉത്തരത്തിലാണ് എന്തായിരുന്നു ആ പ്രസ്ഥാനത്തിനു സംഭവിച്ച തകർച്ചയുടെ അടിസ്ഥാന പ്രശ്നം എന്നതിലേക്ക് അത് വിരൽ ചൂണ്ടുന്നുണ്ട്. “അവർക്കതിനു നേരമില്ലായിരുന്നു. അവരിപ്പോഴും അരിക്കും മണ്ണെണ്ണക്കും വേണ്ടി വരിനിൽക്കുകയാണ്. മുന്പത്തേതുപോലെത്തന്നെ.” രമണി ചിരിച്ചു.
“നിങ്ങൾ അവർക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്തിരുന്നതെന്ന് അവർക്കറിയില്ലായിരുന്നു.” പരസ്പരം ഒറ്റിയും ഭിന്നിച്ചും ഭരണകൂട മർദനത്തിനുമുമ്പിൽ പിടിച്ചു നിൽക്കാനാകാതെ തകർന്നുപോയ കേരളത്തിലേയും നക്സൽ പ്രസ്ഥാന ചരിത്രത്തിന്റെ ബാക്കിപ്പത്രം രമണിയെക്കൊണ്ട് വിശദീകരിക്കുകയാകാം നോവലിസ്റ്റ്.

ചില പുസ്തകങ്ങൾ അങ്ങനെയാണ്, വായനയുടെ ആവർത്തനങ്ങൾ തീരേ മടുപ്പിക്കാതെ വായനയെ പുതിയ ചരിത്രാന്വേഷണമാക്കും. കാരണം, അതൊരു ലക്ഷ്യപ്രാപ്തിയിലേക്കെത്താതെ പോയ അതേസമയം വലിയൊരു വിഭാഗം ആളുകൾ തങ്ങളുടെ വാഗ്ദത്ത ഭൂമി ഇതാ അടുത്തെത്തിയെന്ന് മോഹിപ്പിക്കുന്ന സ്വപ്നങ്ങളിൽ അഭിരമിച്ച ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണെന്നതു തന്നെ. അതുകൊണ്ടാകാം വ്യത്യസ്തമായ ഒരു വായനാനുഭവമായി ഇ സന്തോഷ് കുമാറിന്റെ അന്ധകാരനഴി പുനർവായനയിലും ചിന്തയെ ജ്വലിപ്പിച്ചുനിർത്തുന്നത്. പ്രസാധനം മാതൃഭൂമി ബുക്സ്. വില. 300 രൂപ.