Connect with us

Ongoing News

ഒരു ശരാശരി ജമാഅത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍

Published

|

Last Updated

സകരിയ

2006ലോ 2007ലോ ആണ്. ഞാൻ പൂനൂര്‍ മദീനതുന്നൂര്‍ കോളജില്‍ പഠിക്കുന്ന കാലത്താണ് “സിനിമ ഇസ്‌ലാമിന് ഹറാമല്ല” എന്ന വലിയ തലക്കെട്ടോടെ തമിഴ് സിനിമാ സംവിധായകനായ അമീര്‍ സുല്‍ത്താന്റെ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. എന്റെ ഓര്‍മയില്‍ മുഖ്യധാരാ മലയാളത്തില്‍ സിനിമ ഹലാല്‍ ആണോ എന്ന ചര്‍ച്ച ആദ്യമായി വായിക്കുന്നത് ആ അഭിമുഖത്തിലാണ്. അതൊരു ചര്‍ച്ചയായി കൊണ്ടുവരാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ശ്രമിച്ചെങ്കിലും മുസ്‌ലിം സമുദായത്തിനുള്ളില്‍ ആ വിഷയം പക്ഷേ വേണ്ടത്ര ചര്‍ച്ചയായില്ല. പ്രസ്തുത അഭിമുഖത്തോട് പ്രതികരിച്ചുകൊണ്ട് ഒരു വായനക്കാരന്‍ എന്ന നിലയില്‍, ഹറാമിലേക്ക് നയിക്കുന്നതെല്ലാം ഇസ് ലാമില്‍ ഹറാമാണെന്നും ഇത് സംവിധായകന്‍ അമീര്‍ സുല്‍ത്താന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അന്ന് ഞാനെഴുതിയത് മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇത്രയും ഓര്‍ത്തത് കഴിഞ്ഞ കുറേ ദിവസങ്ങളായി സകരിയ സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്റ്റോറി എന്ന സിനിമയെക്കുറിച്ചുള്ള ധാരാളം എഴുത്തുകള്‍ കണ്ടപ്പോഴാണ്. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ പരിമിതികളും സംഘര്‍ഷങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ എന്ന് ധാരാളം പേര്‍ എഴുതിക്കണ്ടു. സമൂഹ മാധ്യമങ്ങളില്‍ ഈ ആഴ്ച നിറഞ്ഞുനിന്നതും ഈ ഹലാല്‍ സ്റ്റോറി തന്നെ. സിനിമ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന സംഘടനാവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍- ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍- സിനിമയെടുക്കാന്‍ തീരുമാനിക്കുന്നതാണ് പ്രമേയം. രണ്ടായിരത്തിനടുത്ത കാലത്ത് മലബാറില്‍ സജീവമായ ഹോം സിനിമ പശ്ചാത്തലമാക്കിയുള്ള കഥയിലൂടെ ജമാഅത്തുകാരുടെ “നിഷ്‌കളങ്ക” ജീവിതം കൂടി ഒളിച്ചുകടത്തുന്നു ഹലാല്‍ ലൗ സ്റ്റോറി.

നിങ്ങളിങ്ങനെ എല്ലാ വിഷയത്തിലും ഹറാമും ഹലാലും കൊണ്ടുവരല്ലേ എന്ന് കേരളത്തിലെ പരമ്പരാഗത സുന്നിവിശ്വാസികളെ കളിയാക്കിയിരുന്ന ജമാഅത്തുകാര്‍ ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചും സംസാരിച്ചുതുടങ്ങിയെന്നത് വളരെ നല്ലൊരു മാറ്റമാണ്. പൊതുധാരയെ തൃപ്തിപ്പെടുത്തുന്ന ഇസ്‌ലാം മതി എന്ന താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സുന്ദരസുമോഹന സമവാക്യത്തില്‍ നിന്ന് വഴിമാറാന്‍ തയ്യാറാകുന്നു എന്ന കാര്യമാണ് ഒരുപക്ഷേ ഈ സിനിമാ ചര്‍ച്ചയിലെ ഏറ്റവും നല്ല കാര്യമായി എനിക്ക് തോന്നുന്നത്. പൊതുവില്‍ ഇസ്‌ലാമിനകത്തെ കര്‍മശാസ്ത്ര സംബന്ധിയായ ചര്‍ച്ചകളോട് വിമുഖത കാണിക്കുന്നു എന്ന് പുറമേക്ക് നടിക്കുന്ന ഒരു സ്വഭാവം ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. വലിയ രാഷ്ട്രീയപ്രശ്‌നങ്ങളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോള്‍ ഹലാലും ഹറാമും ചര്‍ച്ച ചെയ്ത് സമയം പാഴാക്കുന്നവര്‍ എന്നാണ് ഇവര്‍ പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാരെ പൊതുവില്‍ പരിഹസിച്ചിരുന്നത്. മുസ്‌ലിം സ്‌പെയിനിന്റെ തകര്‍ച്ചക്ക് കാരണം ഇത്തരം കര്‍മശാസ്ത്ര ചര്‍ച്ചകളില്‍ സമുദായം കുരുങ്ങിക്കിടന്നതാണ് എന്നൊക്കെ ജമാഅത്തുകാര്‍ പ്രസംഗിച്ചുനടക്കാറുണ്ടായിരുന്നു. വൈകിയാണെങ്കിലും അതേ ഹലാല്‍-ഹറാം ചര്‍ച്ചകളിലേക്ക് ജമാഅത്തിലെ പുതിയ തലമുറ ഭാഗഭാക്കാവുന്നു എന്നത് നല്ല കാര്യമാണ്. അത് ആത്യന്തികമായി ജമാഅത്തിനെയും അവരുടെ മുന്‍ഗണനകളെയും പുനഃക്രമീകരിക്കും എന്നാണ് തോന്നുന്നത്.

പുറമേ സവര്‍ണത ആരോപിക്കുകയും സമുദായത്തിനകത്ത് സവര്‍ണത അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് ജമാഅത്തുകാര്‍. “പൊതു” ഇടത്തെ തൃപ്തിപ്പെടുത്താന്‍ ഇവര്‍ നടത്തിയ ഫലസ്തീന്‍-സാമ്രാജ്യത്വ വിരുദ്ധ സെമിനാറുകളും ദളിത്-മുസ്‌ലിം- പരിസ്ഥിതി സമരങ്ങളും മതത്തെ എത്രമേല്‍ ദുര്‍ബലപ്പെടുത്തി എന്നുകൂടി അന്വേഷിക്കുമ്പോഴാണ് ഈ സംഘടനയുടെ ആന്തരിക ദൗര്‍ബല്യം കൂടുതല്‍ വ്യക്തമാകുക. തങ്ങളുടെ പുരോഗമന നാട്യങ്ങളെല്ലാം കേവലം മിഥ്യയായിരുന്നുവെന്നും ഇസ്‌ലാമിക കര്‍മശാസ്ത്രവുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും ജമാഅത്തുകാര്‍ തന്നെ അടിവരയിടുന്നു, പുതിയ സിനിമയും അനുബന്ധ ചര്‍ച്ചകളും. പൊതുസിനിമകളില്‍ ജമാഅത്തുകാര്‍ ആരോപിക്കുന്ന മുസ്‌ലിം പ്രതിനിധാന, സ്റ്റീരിയോടൈപ്പ് പ്രശ്‌നങ്ങളുടെ കുറച്ചുകൂടി വിശാലമായ വേര്‍ഷനാണ് ഹലാല്‍ ലൗ സ്റ്റോറിയും എന്നതാണ് ഏറെ രസകരം. ഇതു തന്നെയാണ് ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിമിതിയും. കലയെ സമീപിക്കുമ്പോള്‍ ഇസ്‌ലാമിന് നിരവധി പരിമിതികള്‍ ഉണ്ടെന്നും അത്തരം പരിമിതികള്‍ പരിഹരിക്കാനും മറികടക്കാനും ചില ജമാഅത്ത് യുവാക്കള്‍ ഉണ്ടെന്നുമുള്ള അതിദയനീയമായ സന്ദേശം ഈ സംഘടന നാളിതുവരെ പുലര്‍ത്തിവന്ന വൈരുദ്ധ്യത്തെയും പരിമിതിയെയും തുറന്നുകാണിക്കുന്നു.

ഇസ്‌ലാം അൽപ്പംകൂടി യാഥാസ്ഥിതികമാണെന്നും പുതിയ കാലത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നും ഊട്ടിയുറപ്പിക്കുന്നതാണ് സകരിയയുടെ പുതിയ ചിത്രമെന്നും വിമര്‍ശകര്‍ വിശദമായി എഴുതിയിട്ടുണ്ട്. പൊതു സിനിമകളില്‍ ജമാഅത്തുകാര്‍ ആരോപിക്കുന്ന ഇസ്‌ലാമോഫോബിയ ആഴത്തില്‍ ഉറപ്പിക്കാനും തങ്ങളുടെതായ പുതിയ ഒരു സ്റ്റീരിയോടൈപ്പ് സംഭാവന ചെയ്യാനും മാത്രമാണ് ഈ സിനിമയിലൂടെ ജമാഅത്തെ ഇസ്‌ലാമി സിനിമാപിടിത്തക്കാര്‍ക്ക് സാധിച്ചിട്ടുള്ളത്. സിനിമ പിടിക്കാന്‍ സംഘടനാതലത്തില്‍ ഫണ്ട് ശേഖരണം നടത്തുമ്പോള്‍ ബേങ്കില്‍ കിടക്കുന്ന പലിശയെടുക്കാന്‍ വിസമ്മതിച്ച് സംരംഭം ഹലാലാക്കുന്നവര്‍ തന്നെ സിനിമാ ചിത്രീകരണത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മത്തിനായി തേങ്ങയുടക്കാനും പൂജനടത്താനും സന്നദ്ധമാകുകയും അതില്‍ യാതൊരു സംഘര്‍ഷവും കാണാതിരിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും വിമർശകർ തുറന്നെഴുതുന്നുണ്ട്. അത്രമേല്‍ ദുര്‍ബലമായ ഒരു ഹലാല്‍ സങ്കൽപ്പമാണ് ജമാഅത്തിനുള്ളത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമേയല്ല.

ഇസ്‌ലാമിൽ ഒരു കാര്യം ഹലാൽ ആകുന്നതും ഹറാം ആകുന്നതും നിങ്ങൾക്ക് ഒരു കാര്യത്തിൽ അറിവുണ്ട്, അല്ലെങ്കിൽ അജ്ഞതയുണ്ട്‌ എന്നതിന്റെ അടിസ്ഥാനത്തിലല്ല. നിങ്ങൾക്ക് സിനിമ പിടിക്കാൻ അറിയാം എന്നത് ആ മാധ്യമം ഇസ്‌ലാമിൽ അനുവദനീയമാകാനുള്ള മാനദണ്ഡമായി കണക്കാക്കാനാകില്ല. ഹലാൽ എന്നത് പുതിയ ഒരു കണ്ടുപിടിത്തം അല്ലല്ലോ.

സിനിമ കാണുന്ന മുസ്‌ലിംകൾ ഉണ്ട്, അഭിനയിക്കുന്ന മുസ്‌ലിംകൾ ഉണ്ട്, നിർമിക്കുന്ന മുസ്‌ലിംകൾ ഉണ്ട്. അതേപോലെ സിനിമ കാണാത്തവർ ഉണ്ട്. സിനിമയിൽ നിൽക്കുമ്പോൾ ഈമാൻ നഷ്ടപ്പെടുന്നു എന്നു പറഞ്ഞു രണ്ട് നടിമാർ ഈയിടെ അഭിനയം നിർത്തി. ഇങ്ങനെ സിനിമയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉപേക്ഷിക്കുന്നവരും ഉണ്ട്. അവർക്കൊന്നും ഇക്കാര്യത്തിൽ സംഘർഷങ്ങൾ ഇല്ല. ജമാഅത്തുകാർ പറയുന്നത് നിഷിദ്ധം ആകുന്നത് അറിവില്ലായ്മ കൊണ്ടാണ്, എന്നാൽ ഹലാൽ ആകുന്നത് അറിവ് കൊണ്ടാണ് എന്നാണ്. ഇത് ഒരു സ്റ്റീരിയോ ടൈപ്പ് ആണ്. അതിനു പുറമേ ഇസ്‌ലാമിക് ലീഗൽ തിയറിയെക്കുറിച്ചുള്ള അജ്ഞതയുമാണ്. ഒരു കാര്യം ഹലാൽ ആക്കാൻ എത്രമേൽ വലിയ ഗവേഷണം നടന്നിട്ടുണ്ടോ അത്രമേൽ തന്നെ ഗവേഷണം ഹറാം ആക്കാനും നടന്നിട്ടുണ്ട്. ഹറാം ആകുന്നത് ദീർഘകാലത്തെ വൈജ്ഞാനിക ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. പാശ്ചാത്യ ആധുനികതയുടെ വിമർശകർ എന്ന് സ്വയം അവകാശപ്പെടാറുള്ള ജമാഅത്ത് തന്നെ ഇവിടെ ആധുനികതയെ സ്വയം സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്.
പൊതുവിനോടുള്ള വിമർശനത്തിൽ നിന്നാണ് ജമാഅത്ത് തങ്ങളുടെ എല്ലാ മാധ്യമസംരംഭങ്ങളും ആരംഭിക്കുക. പക്ഷേ, അതിന്റെ ഒരു വൈരുദ്ധ്യം, പൊതുവിൽ ഇവർ ആരോപിക്കുന്ന എല്ലാ പ്രശ്നങ്ങളെയും സമുദായത്തിനകത്ത് ആവിഷ്കരിക്കുന്നതിലാണ് ഇത് കലാശിക്കാറുള്ളത് എന്നതാണ്.

ജമാഅത്തെ ഇസ്‌ലാമിക്കാർ കൂടുതൽ സിനിമകൾ എടുക്കണം എന്നാണ് എന്റെ ആഗ്രഹം. അതവരെ മുഖ്യധാരാവത്കരിക്കും. ആ പ്രലോഭനത്തിൽ നിന്നാണ് അവർ സിനിമ തന്നെ എടുക്കുന്നത്. അത്തരം മുഖ്യധാരാവത്കരണം ജമാഅത്തിനുള്ളിലെ അഭ്യന്തര സംഘർഷങ്ങളെ ശക്തിപ്പെടുത്തും. അത് ആത്യന്തികമായി അവരുടെ നിലപാടുകളെ പുനഃപ്രതിഷ്ഠിക്കും. ജിന്ന് മുജാഹിദുകളോട് ചെയ്തത് സിനിമ ജമാഅത്തുകാരോട് ചെയ്യും.

Latest