Covid19
#FACTCHECK: പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ കൊവിഡ് സാധ്യത വര്‍ധിപ്പിക്കുമോ?
പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ ഉപയോഗിച്ചവരില്‍ കൊവിഡ്- 19 ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് വ്യാപക പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലാണ് പ്രചാരണം ശക്തമായത്. ഇതിന്റെ സത്യാവസ്ഥയറിയാം.
അവകാശവാദം: പകര്‍ച്ചപ്പനി കുത്തിവെപ്പ് നടത്തിയവരില്‍ കൊവിഡിനുള്ള സാധ്യത ഏറെയാണ്. ഈയടുത്ത് സൈനികരില്‍ നടത്തിയ പഠനം അതാണ് തെളിയിക്കുന്നത്. സൈനികരില്‍ നടത്തിയ പഠനം അനുസരിച്ച്, കൊവിഡ് പോസിറ്റീവായവരില്‍ 36 ശതമാനം പേരും പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
ഡോ.റാശിദ് ബത്താര്‍ എന്നയാള്‍ ഇക്കാര്യം പറഞ്ഞുവെന്ന നിലക്കും പ്രചാരണമുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഇംഗ്ലീഷിലാണ് പ്രചാരണം. അടുത്തുതന്നെ നമ്മുടെ നാട്ടിലും പ്രാദേശിക ഭാഷകളില്‍ പ്രചാരണമുണ്ടാകാനുള്ള സാധ്യതയുണ്ട്.
യാഥാര്‍ഥ്യം: സയന്‍സ് ഡയറക്ട് എന്ന പ്രസിദ്ധീകരണത്തിലെ പഠനമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. ഈ പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്, നോവല്‍ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2017- 18 കാലത്താണ്. കൊവിഡുമായി പഠനത്തിന് യാതൊരു ബന്ധവുമില്ലെന്ന് എഴുത്തുകാരന്‍ ഗ്രെഗ് ജി വോള്‍ഫ് പറയുന്നു.
കൊറോണവൈറസിന്റെ 229ഇ, എന്‍എല്‍ 63, ഒസി 43, എച്ച് കെ യു 1 എന്നീ വകഭേദങ്ങളെ കുറിച്ചുള്ള പഠനമാണിത്. 2017- 18 കാലത്താണിത് പ്രസിദ്ധീകരിച്ചത്. അതേസമയം, കൊവിഡിന് കാരണമാകുന്ന നോവല്‍ കൊറോണവൈറസിനെ സംബന്ധിച്ച് അല്ല പഠനമെന്നും എഴുത്തുകാരന്‍ അറിയിച്ചു.