Articles
മുന്നാക്ക സംവരണവും ഇടതുപക്ഷ നിലപാടും
എന്താണ് പുതിയ സംവരണ നിയമവും ഇടതുപക്ഷ നിലപാടും? നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങളെ ഹനിക്കാത്ത തരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
2019 ഫെബ്രുവരി ഒന്ന് മുതല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമമനുസരിച്ച് നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യം ഒരു തരത്തിലും ഹനിക്കപ്പെടുന്നില്ല. അത് അതേപടി തന്നെ തുടരുന്നുണ്ട്. ആരുടെയും സംവരണാവകാശത്തെ ഇല്ലാതാക്കാതെ 2019ലെ നിയമമനുസരിക്കുന്ന തരത്തില്‍ 10 ശതമാനം സാമ്പത്തികമായി ദുര്‍ബലരായവര്‍ക്ക് നല്‍കണമെന്നത് എങ്ങനെയാണ് സംവരണത്തിന്റെ അട്ടിമറിയാകുക.
പാര്‍ലിമെന്റില്‍ ഇങ്ങനെയൊരു ഭേദഗതി വന്നപ്പോള്‍ സഭയില്‍ സന്നിഹിതരായ 326 അംഗങ്ങളില്‍ 323 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു. എന്ന് പറഞ്ഞാല്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്.
1990 മുതല്‍ ഇന്ത്യയില്‍ സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിഗണിച്ചു വരുന്നുണ്ട്. സംവരണ വിഭാഗങ്ങളില്‍ എസ് സി /എസ് ടി വിഭാഗമൊഴിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും സംവരണത്തിന് സാമ്പത്തിക മാനദണ്ഡങ്ങള്‍ ബാധകമാണ്. സ്വാതന്ത്ര്യാനന്തരം രാജ്യത്തുണ്ടായ മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പിന്നാക്ക വിഭാഗങ്ങളില്‍ ഒരു ക്രീമിലെയര്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ വിദ്യാഭ്യാസ അവസരങ്ങളില്‍ നിന്നും ഉദ്യോഗ പദവികളില്‍ നിന്നും പുറന്തള്ളപ്പെടുന്നുവെന്നുമുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക മാനദണ്ഡങ്ങള്‍ സംവരണത്തിലേക്ക് കടന്നുവന്നത്. സാമൂഹിക നീതിയെന്നത് സാമ്പത്തിക നീതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്ന നിലപാട് ഭരണഘടനാ ശിൽപ്പികള്‍ തന്നെ മുന്നോട്ട് വെച്ചിട്ടുള്ളതാണ്. അംബേദ്കറും മണ്ഡല്‍ കമ്മീഷനും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ സാമൂഹികമായ മര്‍ദിതാവസ്ഥ പരിഹരിക്കാന്‍ സംവരണത്തെ ഒറ്റമൂലിയായി കണ്ടിട്ടില്ല. മണ്ഡല്‍ നിര്‍ദേശിച്ചത് സാമൂഹിക, സാമ്പത്തിക ബന്ധങ്ങളിലെ അഴിച്ചുപണിയാണ്. ഘടനാപരമായ മാറ്റങ്ങളാണ്.
മണ്ഡലിന്റെ കാലത്ത് ബി ജെ പിയും കോണ്‍ഗ്രസും ഒരുപോലെ സവര്‍ണ ജാതി ധ്രുവീകരണമുണ്ടാക്കി വി പി സിംഗ് സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ നോക്കിയ ചരിത്രമൊന്നും ആരും മറന്നു പോകരുത്. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ മണ്ഡലുണ്ടാക്കിയ സ്വാധീനത്തെയും ഉണര്‍വിനെയും തങ്ങളുടെ ഹൈന്ദവ ഏകീകരണത്തിന് ഭീഷണിയാകുമെന്ന് കണ്ടുകൊണ്ടാണല്ലോ രഥയാത്രയാരംഭിച്ചുകൊണ്ട് ബാബരി മസ്ജിദ് പ്രശ്‌നം സംഘ്പരിവാര്‍ തീവ്രമാക്കിയത്. ഈയൊരു സാഹചര്യത്തിലാണ് ജാതി ഭിന്നതകളുണ്ടാക്കി ജനങ്ങളുടെയും പണിയെടുക്കുന്ന വര്‍ഗങ്ങളുടെയും ഐക്യം തകര്‍ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെയും ഭരണവര്‍ഗങ്ങളുടെയും നീക്കങ്ങളെ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് പ്രതിരോധിക്കേണ്ടി വന്നത്.
നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ക്വാട്ടയെ ബാധിക്കാത്ത തരത്തില്‍ മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരായവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നത് സി പി ഐ എമ്മിന്റെ ദേശീയ നയമാണ്. ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണമെന്ന വാദത്തെയോ, ജാതി സംവരണത്തിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാമെന്ന സംവരണ മാത്രവാദത്തെയോ സി പി ഐ എം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ചരിത്രപരമായ കാരണങ്ങളാല്‍ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പിന്നാക്ക മര്‍ദിതാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ സാമൂഹിക, സാമ്പത്തിക ബന്ധങ്ങളിലെ അഴിച്ചുപണി വഴി മാത്രമേ സാധ്യമാകൂ. സംവരണമടക്കമുള്ള ഭരണഘടനാപരമായ പരിരക്ഷാ വ്യവസ്ഥകളിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സി പി ഐ എം നിലപാട്.
മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം മറ്റു പലതുമാകാം. മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നത് സംവരണത്തിന്റെ അന്തസ്സത്തക്കെതിരാണെന്ന് വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്നാമതായി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലല്ല. ഭരണഘടനാ ഭേദഗതി പ്രകാരം 10 ശതമാനം സംവരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള നിയമം 2019 ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ടല്ലോ.
സംവരണത്തെ ഒരു അഫര്‍മേറ്റീവ് ആക്ഷന്‍ എന്ന നിലയിലാണ് ഭരണഘടന പറയുന്നതെന്ന പ്രാഥമികമായ കാര്യമെങ്കിലും മനസ്സിലാക്കിയിരിക്കണം.
ജാതികള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കലായി സംവരണത്തെ പരിമിതപ്പെടുത്തി കാണാനാകില്ല. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഒ ബി സി സംവരണം 27 ശതമാനം മാത്രമാണെന്ന് മറന്നു പോകരുത്. ഒരു കാര്യം സംശയരഹിതമായി പറയാനുള്ളത്, സംവരണം കൊണ്ട് ജാതിയോ ജാതീയതയോ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ലെന്നതാണ്. ജാതിയുടെ അടിസ്ഥാനമായ വര്‍ഗ ബന്ധങ്ങളെയും തലമുറകളിലൂടെ ജാതിയെ പുനരുത്പാദിപ്പിച്ചു പോരുന്ന പ്രത്യുത്പാദന വ്യവസ്ഥയെയും അവയെ നിലനിര്‍ത്തുന്ന മൂല്യവ്യവസ്ഥകളെയും ചോദ്യം ചെയ്തും അവയെ മാറ്റാനുള്ള സമരങ്ങള്‍ വികസിപ്പിച്ചും മാത്രമേ ഇത് സാധ്യമാകൂ.
ഒരു കാര്യം പ്രധാനമായി മനസ്സിലാക്കേണ്ടത്, ഇന്ത്യയില്‍ സംവരണം ഒരു പുതിയ കാര്യമേയല്ല. 1990കള്‍ മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. എസ് സി, എസ് ടി, എസ് ഇ ബി സി, ഇ ഡബ്ല്യു എസ് എന്നീ വിഭാഗങ്ങളില്‍ ആദ്യ രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാകാത്തതായുള്ളൂ. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡമെന്നത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതാണ്. 1990 മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ് ഇതെന്നും സൂചിപ്പിച്ചതാണല്ലോ.
ഇപ്പോഴത്തെ നിയമം സംവരണാനുകൂല്യം ലഭിക്കുന്നവരുടെ അവകാശം ഒരു തരത്തിലും കവരുന്നില്ല. എല്ലാവരും മത്സരിക്കുന്ന മെറിറ്റ് സീറ്റില്‍ പത്ത് ശതമാനം യാതൊരു സംവരണവും ലഭിക്കാത്തവര്‍ക്ക് നല്‍കുമ്പോള്‍ ഒരിക്കലും അത് നിലവിലുള്ള സംവരണ വിഭാഗങ്ങളെയോ അവരുടെ അവകാശത്തെയോ ബാധിക്കുന്നില്ല.