Connect with us

Ongoing News

ഇന്ന് നബിദിനം; ആഘോഷങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ

Published

|

Last Updated

കോഴിക്കോട് | ഇന്ന് മീലാദ് ശരീഫ്. പ്രവാചകാനുരാഗികളുടെ മനം കുളിർപ്പിക്കുന്ന തിരുപ്പിറവിയുടെ ദിനം. നബി കീർത്തനങ്ങളാൽ മുഖരിതമാണ് ഇന്ന് നാടും നഗരവും. കൊവിഡ് മഹാമാരിക്കിടയിൽ വിരുന്നെത്തിയ ദിനത്തെ വിശ്വാസികൾ ആദരവോടെയാണ് വരവേൽക്കുന്നത്.
വർണ ബൾബുകളാൽ അലംകൃതമായ പള്ളികളും വീടുകളും നാട്ടുവീഥികളും പുണ്യ റബീഇന്റെ തുടക്കം മുതൽ ഹൃദയഹാരിയായ രാത്രിക്കാഴ്ചയാണ്. മൗലിദിന്റെ ഈരടികൾ കാതിനിമ്പം പകരുന്ന അനുഭൂതിയാണ്. ഖുർആൻ പാരായണം, സ്വലാത്തുകൾ, ഇസ്‌ലാമിക കലാ സദസ്സുകൾ, നബി ചരിത്ര വിവരണം, പ്രകീർത്തനം, മതപ്രസംഗം, ഭക്ഷണ വിതരണം തുടങ്ങി വൈവിധ്യമാർന്ന രീതിയിലാണ് സാധാരണ നബിദിന പരിപാടികൾ നടത്തിവരാറുള്ളത്. ഇതിൽ പ്രധാനപ്പെട്ടതാണ് നബികീർത്തന ആലാപനം.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നബിദിന ആഘോഷങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് ചുരുങ്ങി. നബിദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും മദ്‌റസകൾ കേന്ദ്രീകരിച്ച് വ്യത്യസ്തമായ മത്സര പരിപാടികൾ വിവിധ സ്ഥലങ്ങളിൽ ഓൺലൈനിൽ സംഘടിപ്പിച്ചിട്ടുണ്ട്. നബി തിരുമേനിയുടെ ജീവിതദർശനങ്ങളെ കുറിച്ച് ഉദ്‌ബോധനം നൽകുന്ന ഓൺലൈൻ മതപ്രഭാഷണ പരിപാടികളും മൗലിദ് സദസ്സുകളും കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും നടന്നു.


നബിദിനത്തോടനുബന്ധിച്ച് ഇന്ന് പുലർച്ചെ പള്ളികൾ കേന്ദ്രീകരിച്ച് പ്രത്യേക മൗലിദ് സദസ്സുകൾ നടന്നു. കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 16 മുതൽ നവംബർ 15 വരെ നീണ്ടുനിൽക്കുന്ന “തിരുനബി അനുപമ വ്യക്തിത്വം” എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള മീലാദ് ക്യാമ്പയിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യൂനിറ്റ്, സർക്കിൾ, സോൺ, ജില്ല, സംസ്ഥാന തലങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് വീടുകളിൽ ഒതുങ്ങിയും ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തിയും നടക്കുന്നത്.

---- facebook comment plugin here -----

Latest