Connect with us

Vazhivilakk

ചിലന്തി നൽകുന്ന പാഠം

Published

|

Last Updated

പലപ്പോഴും നമ്മുടെ വീടിന്റെ മുക്കിലും മൂലയിലും ഉയരുന്ന ചിലന്തിവല നമുക്ക് ശല്യമായി തോന്നാറുണ്ട്. ആ ചിലന്തിവലയിൽ ചെറുപ്രാണികൾ കുരുങ്ങിക്കിടക്കുന്നതും നാം കണ്ടിട്ടുണ്ടാകും.
സാധാരണഗതിയിൽ മനുഷ്യന്റെ പെരുമാറ്റം അധികം എത്തിച്ചേരാത്ത സുരക്ഷിതവും അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലമാണ് ചിലന്തി തിരഞ്ഞെടുക്കാറുള്ളത്. വളരെ വിദഗ്ധനാണ് ചിലന്തി. നമുക്ക് ഒറ്റയടിക്ക് കാണാവുന്നതിനേക്കാൾ നേർത്ത നൂലുകൊണ്ടാണത് വല നിർമിക്കുന്നത്. വലയുടെ ഡിസൈൻ ശ്രദ്ധിച്ചാൽ ചിലന്തിയുടെ ഉള്ളിലെ ശിൽപ്പിയെ തിരിച്ചറിയാം. അൽപ്പം പശിമയുള്ള വല പരസ്പരം ഒട്ടിപ്പോകാതെ നിശ്ചിത അകലത്തിലാണവ നെയ്യുന്നത്. ഭീകരമല്ലാത്ത കാറ്റിനെ പ്രതിരോധിക്കാനുള്ള ശക്തിയും ചിലന്തിവലക്കുണ്ട്. ഒരു അത്ഭുത സൃഷ്ടിയാണ് ചിലന്തി എന്നർഥം.

ഇര പിടിക്കാൻ വേണ്ടിയാണല്ലോ ചിലന്തികൾ വല നെയ്യുന്നത്. എന്നാൽ, എപ്പോഴെങ്കിലും ഇരയെ സംരക്ഷിക്കാൻ ചിലന്തി വല നെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതൊരു കൗതുകകരമായ ചരിത്ര സംഭവത്തിൽ എത്തി നിൽക്കും.

സത്യവും ധർമവും നീതിയും പ്രബോധനം ചെയ്താണ് മുഹമ്മദ് നബി (സ്വ) രംഗത്തു വന്നത്. ബുദ്ധിയും യുക്തിയും നിർജീവമായ വിഗ്രഹങ്ങളെ ഉപാസന ചെയ്യുന്നതിൽ തളച്ചിടരുതെന്ന് അവിടുന്ന് അധ്യയനം ചെയ്തു. വിശാലമായി ചിന്തിക്കാനും പ്രപഞ്ചത്തിന്റെ കർത്താവിനെ അന്വേഷിക്കാനും ഓർമപ്പെടുത്തി. അതിന്റെ പേരിൽ അനഭിമതനായ അവിടുത്തെ ആക്രമിക്കാൻ പലതരത്തിലുള്ള ശ്രമങ്ങളുണ്ടായി. നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് പലായനം നടക്കുന്നത്.
മദീനയിലേക്കുള്ള യാത്രക്കിടയിൽ അവർ സൗർ മലയിലെ ഒരു ഗുഹയിൽ അഭയം തേടുന്നു. ശത്രു ദൃഷ്ടിയിൽ നിന്ന് തത്്കാലം മറഞ്ഞിരിക്കുകയായിരുന്നു ലക്ഷ്യം.
ശത്രുക്കൾ അന്വേഷിച്ചന്വേഷിച്ചു സൗർ മലയിലുമെത്തി. ഒരു പൊത്തു പോലും അവർ ഒഴിവാക്കിയില്ല. എല്ലായിടത്തും കയറിനോക്കി. ഗുഹക്കകത്തിരുന്ന് സ്വിദ്ദീഖ് (റ) അവരെ കണ്ടു.

“അല്ലാഹുവിന്റെ റസൂലേ..! ഇതാ ശത്രുക്കൾ. അവർ ഇങ്ങോട്ടു തന്നെ വരുന്നു. നമ്മെ കണ്ടാലുള്ള അവസ്ഥ..!”
“സമാധാനിക്കൂ..! നാം രണ്ടുപേർ മാത്രമല്ല, നമ്മോടൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ട്, അല്ലാഹു.” തിരുനബി (സ്വ) സാന്ത്വനിപ്പിച്ചു.
ബദ്ധശത്രുവായ ഉമയ്യത്ത്ബ്‌നു ഖലഫ് ഇപ്പോൾ സൗർ ഗുഹയുടെ നേരെ മുമ്പിൽ വന്നു നിൽക്കുന്നു!
“നമുക്ക് ഈ ഗുഹയിലൊന്നു കയറി നോക്കാം” : ചിലർ അഭിപ്രായപ്പെട്ടു.

ഉമയ്യത്ത് ഗുഹയിലേക്കു സൂക്ഷിച്ചു നോക്കി. ഗുഹാമുഖത്ത് ഒരു ചിലന്തി വല കെട്ടിക്കൊണ്ടിരിക്കുന്നു. രണ്ട് പ്രാവുകൾ മുട്ടയിട്ടു കാവലിരിക്കുന്നു. ഉമയ്യത്ത് ഇങ്ങനെ വിളിച്ചു പറഞ്ഞു: “മുഹമ്മദിനെ (സ്വ) പ്രസവിക്കുന്നതിനു മുമ്പുള്ള ചിലന്തിവലയാണിത്.” അവർ ഗുഹയെ അവഗണിച്ചു മുമ്പോട്ടു പോയി.

അന്നു മുഴുവൻ നടന്നിട്ടും അവർക്കൊരു പ്രയോജനവുമുണ്ടായില്ല. ഒടുവിലവർ പ്രഖ്യാപിച്ചു. “മുഹമ്മദിനെ (സ്വ) ജീവനോടെയോ അല്ലാതെയോ പിടിച്ചു തരുന്നവർക്ക് നൂറ് ഒട്ടകം ഇനാം..!”
നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ് ചിലന്തി. അതിന്റെ വീടാണ് ഏറ്റവും ദുർബലം എന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ആത്മാർഥമായി പ്രപഞ്ചനാഥനിൽ പ്രതീക്ഷയർപ്പിക്കുന്നവർക്ക് തീർച്ചയായും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഹായം ലഭിക്കും. ആത്മാർഥമായ നിശ്ചയദാർഢ്യത്തിനും ശുഭപ്രതീക്ഷക്കും മുമ്പിൽ മറ്റെല്ലാം വഴിമാറും. അതുകൊണ്ടാണ് ഈ സംഭവം പരാമർശിച്ച ശേഷം ഖസീദതുൽബുർദയിൽ ഇമാം ബൂസ്വീരി (റ) ഖുറൈശികളുടെ ശക്തിയും വർധനവും വിലയിരുത്തുമ്പോൾ തിരുനബി (സ്വ) ക്ക് ഉയർന്ന കോട്ടകളിലെ സുരക്ഷിതത്വവും പ്രതിരോധത്തിന് ഇരട്ട അങ്കിയും വേണ്ടതായിരുന്നു, പക്ഷേ, അല്ലാഹുവിന്റെ സംരക്ഷണം ഉള്ളതിനാൽ അവയുടെ യാതൊരു ആവശ്യവുമില്ല എന്നു പറഞ്ഞത്.

അചഞ്ചലമായ വിശ്വാസവും ആത്മാർഥമായ സമർപ്പണവും സത്യസന്ധമായ നിശ്ചയദാർഢ്യവും ഉള്ളവർക്ക് എന്നും വിജയത്തിലെത്താൻ സാധിക്കും. അതുള്ളയിടത്ത് വെറും ചിലന്തിവലയും അതിശക്തമായ ഒരു കോട്ടക്ക് തുല്യമാണ്; വിശ്വാസശക്തിയും ആത്മധൈര്യവും ഇല്ലാത്തിടത്ത് ഏതു മഹാകോട്ടയും വെറും ചിലന്തിവലയുമാണ്. അവരുടെ പ്രതീക്ഷാ സൗധങ്ങൾ വളരെ വേഗം ഛിന്നഭിന്നമായിപ്പോകുന്നു.

മനുഷ്യനിൽ ശുഭപ്രതീക്ഷ വളർത്തുന്ന ഏറ്റവും ഉത്തമമായ ഘടകം പ്രപഞ്ച നാഥനിൽ ആത്മാർഥമായി വിശ്വാസമർപ്പിക്കുക എന്നതു തന്നെ. രക്ഷിക്കാൻ ഒരു സർവാധിപതിയുണ്ടെന്ന സനാഥബോധം ഇല്ലാത്തവർ എപ്പോഴും അപകർഷതയുടെയും ആത്മസംഘർഷത്തിന്റെയും അസ്വസ്ഥതയുടെയും ലോകത്തായിരിക്കും. വിശ്വാസം എന്നും ഒരു പോസിറ്റീവ് എനർജിയാണ്.