Connect with us

National

റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ

Published

|

Last Updated

മുംബൈ | റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫും മാനേജിംഗ് എഡിറ്ററും രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുമായ അര്‍ണാബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വി നായിക്കിന്റെയും മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുംബൈയിലെ വസതിയില്‍ നിന്നാണ് അര്‍ണബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അലിബാഗിലേക്ക് കൊണ്ടുപോയി. ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്നതിനിടയിലാണ് മറ്റൊരു കേസില്‍ അര്‍ണബ് പിടിയിലാകുന്നത്.

അന്‍വി നായിക്കും മാതാവും ആത്മഹത്യ ചെയ്യുവാനിടയായ സംഭവത്തില്‍, ആത്മഹത്യാ പ്രേരണാ കുറ്റമാണ് അര്‍ണബിന് എതിരെ ചുമത്തിയത്. അര്‍ണബും മറ്റു രണ്ട് പേരും തനിക്ക് നല്‍കാനുണ്ടായിരുന്ന 5.40 കോടി രൂപ തനിക്ക് നല്‍കുവാനുണ്ടെന്നും പണം കിട്ടാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണ കാരണമെന്നും ആത്മഹ്യ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഏതാനും നാളുകളായി മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന് അര്‍ണബ് നേരത്തെ ആരോപിച്ചിരുന്നു. സമണ്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പബ്ലിക് ടിവി ആരോപിച്ചു. വീട്ടില്‍ കയറിയ പോലീസ് ബലമായാണ് അദ്ദേഹത്തെ പിടികൂടിയതെന്നും മര്‍ദിച്ചെന്നും ആരോപണമുണ്ട്.

Latest