Ongoing News
എന്റെ കൂട്ടുകാരൻ അനുസ്മരണം
1961 മാർച്ച് 31 നാണ് എം മുഹമ്മദലിയെ ഞാൻ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ഉസ്താദും കെല്ലൂരിലെ മുദർരിസും ആയിരുന്ന എം മരക്കാർ മുസ്‌ലിയാരുടെയും അക്കാലത്തെ പ്രമുഖ മതപ്രഭാഷകൻ ആയ കുന്നപ്പള്ളി ഹംസ മുസ്‌ലിയാരുടെയും പിന്നിൽ കെല്ലൂർ ജുമാ മസ്ജിദിലേക്ക് കടന്നുവരുന്ന മുഹമ്മദലിയുടെ മുഖം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. വയനാട്ടിൽ ആദ്യമായി സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരക്ക് ഹംസ മുസ്‌ലിയാരെ കൂട്ടിക്കൊണ്ടുവരാൻ പോയ ഉസ്താദ് ബന്ധുവായ മുഹമ്മദലിയെയും കൂടെ കൂട്ടിയാണ് തിരിച്ചുവന്നത്. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു ഫലവും കാത്തിരിക്കുകയായിരുന്നു അവൻ. ആ ഇടവേളക്കു ദർസിലേക്കു കൂട്ടിക്കൊണ്ടുവന്നതാണ്. പിറ്റേ ദിവസം തന്നെ ഞങ്ങൾ മീസാൻ ഓതി തുടങ്ങി. വയനാട്ടിലേക്ക് അതിഥിയായി എത്തിയ മുഹമ്മദലി ആദ്യമായി വന്നത് സഹപാഠി കൂടിയായ എന്റെ പള്ളിയുടെ അടുത്തുള്ള വീട്ടിലേക്കായിരുന്നു. ഏതാണ്ട് അറുപത് വർഷം നീണ്ടു നിന്ന ഞങ്ങളുടെ സൗഹൃദം അന്നുമുതൽ ഒരേ മാർഗത്തിലും ലക്ഷ്യത്തിലേക്കുമായിരുന്നു.
ഞങ്ങൾക്കിടയിൽ അക്കാലത്ത് എസ് എസ് എൽ സി പാസ്സായ ഏക വിദ്യാർഥി മുഹമ്മദലി ആയിരുന്നു. അതുകൊണ്ടുതന്നെ ദർസിതര പഠനങ്ങളിൽ അവന്റെ സാനിധ്യം ഞങ്ങളെ ഏറെ സഹായിച്ചു. കിതാബുകൾ വേഗത്തിൽ മനസ്സിലാക്കിയിരുന്ന അവൻ, ഞങ്ങളെ പഠിപ്പിക്കുകയും ആവശ്യമാകുമ്പോൾ ശാസിക്കുകയും ചെയ്യുമായിരുന്നു. കെല്ലൂരിൽ അക്കാലത്ത് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മുഹമ്മദലിയുടെ വക പ്രത്യേക ട്യൂഷൻ ആരംഭിച്ചിരുന്നു. അക്കാലത്ത് സമീപ പ്രദേശങ്ങളിൽ പത്താം ക്ലാസ് പാസ്സായ പലരും ഈ മുതഅല്ലിമിന്റെ ശിഷ്യന്മാരായിരുന്നു. ഇങ്ങനെ ഒരേ സമയം സ്വയം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനുമുള്ള ജാഗ്രത ജന്മ സിദ്ധം എന്ന പോലെ എക്കാലത്തും അവന്റെ കൂടെ ഉണ്ടായിരുന്നു. കെല്ലൂരിൽ നിന്ന് പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലേക്കും അവിടുന്ന് മൈത്ര, കുണ്ടൂർ എന്നിവിടങ്ങളിലേക്കും ഞങ്ങളുടെ പഠന യാത്രകൾ തുടർന്നു. മുഹമ്മദലി ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാരുടെ അടുത്ത് കൊണ്ടോട്ടിയിൽ ഓതാൻ പോയ ഒരു വർഷം മാത്രമാണ് ഞങ്ങൾ പഠനത്തിൽ വേർപിരിഞ്ഞിരുന്നത്. കുണ്ടൂരിൽ നിന്ന് വലിയ മഴക്കാലത്ത് മമ്പുറം സ്വലാത്തിൽ പങ്കെടുക്കാൻ വേണ്ടി വയൽക്കരയിലൂടെ നടന്ന നടത്തങ്ങൾ, ദാരിദ്ര്യം കോടി കുത്തിവാണ അക്കാലത്തെ വിശപ്പ്, നാട്ടിലേക്കും തിരിച്ചുമുള്ള ഒന്നിച്ചുള്ള യാത്രകൾ…എന്റെ ജീവിതത്തിൽ മുഹമ്മദലിയോട് സംസാരിച്ചത്ര മറ്റൊരു കൂട്ടുകാരനോടും സഹപ്രവർത്തകനോടും ഞാൻ സംസാരിച്ചുട്ടുണ്ടാവില്ല. പരസ്‌പരം കൂടിയാലോചിക്കാതെ ഞങ്ങൾ ഒരു പ്രധാനപ്പെട്ട കാര്യവും ചെയ്തിട്ടുണ്ടാവില്ല. എം പി രായിൻ കുട്ടി, എം. സൈദാലി, ആബുട്ടി മുസ്‌ലിയാർ, കെ ടി ഹംസ മുസ്‌ലിയാർ ആനമങ്ങാട് അബ്ദുറഹിമാൻ മുസ്‌ലിയാർ, ആനമങ്ങാട് അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ ആയിരുന്നു ഞങ്ങളുടെ സതീർഥ്യർ.
മുഹമ്മദാലിയും ഞാനും ചേർന്ന് അക്കാലത്ത് ധാരാളം മാപ്പിള പാട്ടുകൾ എഴുതുമായിരുന്നു. ചിലത് പ്രിന്റ് ചെയ്ത് ഞങ്ങൾ തന്നെ വില്പനയും നടത്തി. 1970 ൽ മാന്തവാടിയിൽ നടന്ന മുസ്‌ലിം ലീഗ് സമ്മേളനത്തോട് അനുബന്ധിച്ചു ഞങ്ങൾ എഴുതിയുണ്ടാക്കിയ നാല് പാട്ടുകൾ കോപ്പി ഒന്നിന് പത്ത് പൈസ നിരക്കിലാണ് വിറ്റത്. അരമണിക്കൂർ കൊണ്ട് തന്നെ പ്രിന്റ് ചെയ്തത് മുഴുവനും തീർന്നു. വയനാട്ടിൽ അക്കാലത്ത് ശക്തമായിരുന്ന നക്സൽ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ സഖാവ് വർഗീസിനെയും അദ്ദേഹത്തെ ഒറ്റുകൊടുക്കാൻ സഹായിച്ചു എന്ന് പറയപ്പെടുന്ന ചേക്കുവിനെയും കുറിച്ചുള്ള മാപ്പിള പാട്ടുകളാണ് ഓർമ്മയിൽ ഉള്ള മറ്റൊന്ന്. മുഹമ്മദലിയുടെ ശുദ്ധമായ ഭാഷയും വമ്പിച്ച പദ ശേഖരവും ആ പാട്ടെഴുത്തിൽ വലിയ മുതൽക്കൂട്ടായി. പഠന ശേഷം ആദ്യം സർക്കാർ ജോലിയിൽ പ്രവേശിച്ചത് മുഹമ്മദാലിയാണ്. തരുവണ കോക്കടവ് സ്‌കൂളിൽ ആയിരുന്നു അവൻ ആദ്യം ജോലിക്ക് കയറിയത്. അവന്റെ മാർഗ നിർദേശവും പിന്തുണയും ജോലി നേടുന്ന കാര്യത്തിൽ എന്നെയും സഹായിച്ചു. ഇക്കാര്യങ്ങളിൽ തരുവണയിലെ മന്ദംകണ്ടി അന്ത്രുക്കയുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങളുടെ വലിയ കരുത്തായി.
പഠന സമയത്തു തന്നെ ഞങ്ങൾ തരുവണയിലും കാപ്പുണ്ടിക്കലിലും ഒരേ മദ്രസ്സയിൽ അധ്യാപകനായും ജോലി ചെയ്തു. അധ്യാപനത്തിന്റെ ഗുണമേന്മയെ കുറിച്ച് അവൻ അന്നേ ഉത്കണ്ഠാകുലനായിരുന്നു. സഹ അധ്യാപകരുടെ തെറ്റുകളും വീഴ്ചകളും തിരുത്തുന്നതിലും പുതിയ കാര്യങ്ങൾ പറഞ്ഞു തരുന്നതിലും വലിയ ഉത്സാഹം കാണിച്ചു. അക്കാലത്തെ മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ എല്ലാം വരുത്തിക്കുകയും എല്ലാവരെയും കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു. അൽ ബയാൻ മാസികയുടെ വലിയ ശേഖരം തന്നെ അവന്റെ പക്കൽ ഉണ്ടായിരുന്നു. മദ്‌റസാ അധ്യാപകർ എന്ന നിലയിൽ ജം ഇയ്യത്തുൽ മുഅല്ലിമീനിൽ ആണ് ഞങ്ങൾ സംഘടനാ പ്രവർത്തനം തുടങ്ങിയത്. തരുവണ അബ്ദുല്ല മുസ്‌ലിയാരുമായുള്ള അടുപ്പവും ഇക്കാര്യത്തിൽ ഒരു കാരണമായിത്തീരുന്നു. ജംഇയ്യത്തുൽ മുഅല്ലിമീന് വയനാട്ടിൽ ആദ്യമായി ജില്ലാ ഘടകം രൂപീകരിച്ചപ്പോൾ തന്നെ മുഹമ്മദലി ഭാരവാഹി ആയി ഉണ്ടായിരുന്നു. എറണാകുളം സമ്മേളനത്തിന് മുന്നേ തന്നെ എസ് വൈ എസിന്റെ ഭാരവാഹികളായി ഞങ്ങൾ ജില്ലാ ഘടകത്തിൽ പ്രവർത്തിച്ചു പോന്നു.
1989 ലെ സമസ്ത പുനസംഘാടനത്തിനു ശേഷം വയനാട്ടിൽ എസ് വൈ എസിന്റെ ആദ്യത്തെ യോഗം വിളിക്കാൻ വേണ്ടി ഒരേ അംഗത്തെയും നേരിൽ കണ്ടു ക്ഷണിക്കാനും സാന്നിധ്യം ഉറപ്പിക്കാനും വേണ്ടി വയനാടിന്റെ മുക്കു മൂലകളിലേക്ക് ഇരുവരും ചേർന്ന് നടത്തിയ യാത്രകളാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സാഹസികമായ ഓർമ്മകളിൽ ഒന്ന്. ഓരോ അംഗത്തിനും കത്തു കൈമാറി, ലഡ്ജറിൽ ഒപ്പു വെപ്പിച്ചായിരുന്നു യാത്ര. തരുവണയിൽ നടന്ന ആ യോഗത്തിൽ പി.പി. മുഹ്യദ്ധീൻ കുട്ടി മുസ്‌ലിയാർ ആയിരുന്നു സംസ്ഥാന പ്രതിനിധി. യോഗം വിളിക്കാൻ ഞങ്ങളെ ഏറെ പ്രേരിപ്പിക്കുകയും മുൻകൈ എടുക്കുകയും ചെയ്ത കെ. ടി. ഹംസ മുസ്‌ലിയാർ അവസാന നിമിഷം വിട്ടു നിന്നെങ്കിലും അക്കാലത്തെ ജില്ലയിലെ എസ് വൈ എസ് പ്രവർത്തകരും നേതാക്കളും കീഴ് ഘടകങ്ങളും ഏതാണ്ട് പൂർണ്ണമായി തന്നെ ഔദ്യോഗിക വിഭാഗത്തോടൊപ്പം നിന്നു. എറണാകുളം സമ്മേളന പ്രചാരണത്തിന് ജില്ലയിൽ മുന്നിൽ നിന്നതും മുഹമ്മദലി ആയിരുന്നു. നീലിക്കണ്ടി പക്കർ ഹാജി, കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ. അബ്ദുൽ സലാം ഫൈസി എന്നിവർ ആയിരുന്നു മുൻ നിരയിൽ ഉണ്ടായിരുന്ന മറ്റു പ്രവർത്തകർ. ഏറ്റെടുത്ത കാര്യങ്ങൾ സൂക്ഷ്മമായും സുതാര്യമായും ചെയ്യാനുള്ള അവന്റെ സ്വാതസിദ്ധമായ മിടുക്ക് അപാരമാണ്. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ദീർഘകാലം ഉണ്ടായപ്പോഴും കാപ്പുണ്ടിക്കൽ മഹല്ല് സെക്രട്ടറിയായി 18 വർഷം പ്രവർത്തിച്ചപ്പോഴും ഒരാക്ഷേപവും കൂടാതെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു.
പിന്നീട്, ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ, മാനന്തവാടി മുഅസ്സസ എന്നീ സ്ഥാപനങ്ങളുടെ തുടക്കത്തിലും നടത്തിപ്പിലും ഞങ്ങൾ ഒരു പോലെ പങ്കാളികളായി. ഞങ്ങളുടെ സൗഹൃദത്തിൽ നിന്ന് ഈ ബന്ധം കുടുംബങ്ങൾക്കിടയിലെ സൗഹൃദമായി വളർന്നു. ആ ബന്ധത്തിന്റെ സാക്ഷ്യം എന്ന നിലയിലായിരിക്കണം മാസങ്ങളോളമായി വീട്ടിൽ നിന്നിറങ്ങാതിരുന്ന മുഹമ്മദലി ക്ഷീണിതനായിട്ടും മരണത്തിനു ഒരാഴ്ച മുൻപ് മഗ്‌രിബിനോട് അടുത്ത സമയം കുടുംബ സമേതം കെല്ലൂരിലെ എന്റെ വീട്ടിലേക്കു അതിഥിയായി എത്തിയത്. അന്ന് കുറെറേ സമയം ഒരുമിച്ച് ചെലവൊഴിച്ചും സൗഹൃദം പങ്കുവെച്ചുമാണ് അവൻ ഇറങ്ങിപ്പോയത്. അതുപക്ഷേ യാത്രപറയാനുള്ള അവസാനത്തെ വരവായി.1961 ൽ വയനാട്ടിൽ അവൻ ആദ്യമായി എത്തിയതും ഈ വീട്ടിലേക്കായിരുന്നല്ലോ.