Kozhikode
പൂമുഖങ്ങളിൽ വൈറലായി ടർട്ടിൽ വൈൻ
കോഴിക്കോട് | ടർട്ടിൽ വൈൻ കൊണ്ടൊരു വള്ളിക്കുടിൽ തീർത്ത് അലങ്കാരച്ചെടി സങ്കൽപങ്ങളിൽ നിന്ന് അൽപ്പം മാറിനടക്കുകയാണ് ചേവരമ്പലം സ്വദേശിയായ ഗോകുലൻ. ലോക്ക്ഡൗണിന് ശേഷം മലയാളികൾ ഓമനിച്ചു കൂടെ കൂട്ടിയതാണ് എവർഗ്രീൻ ടർട്ടിൽ വൈൻ എന്ന ഈ വള്ളിച്ചെടിയെ. കണ്ടാൽ പുല്ല് പോലെയിരിക്കുന്ന ഇവയിന്ന് വീടുകളുടെയെല്ലാം പൂമുഖത്ത് അലങ്കാരമാം വിധം തൂങ്ങിക്കിടക്കുന്നത് കാണാം. മുറ്റം നിറയെ ടർട്ടിൽ വൈൻ ഇനത്തിൽപ്പെട്ട വള്ളിച്ചെടികൾ കൊണ്ടൊരു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് ഗോകുലൻ.
ഓട്ടോ ഡ്രൈവറായിരുന്ന ഗോകുലൻ ഒരു ഹോബി എന്ന നിലക്കായിരുന്നു തുടക്കത്തിൽ ചെടി വളർത്തൽ തുടങ്ങിയത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം ഓട്ടം കുറഞ്ഞതോടെ പൂർണമായും ചെടി വളർത്തലിലേക്ക് തിരിഞ്ഞു. ലോക്ക്ഡൗണിൽ വീടുകളിൽ തന്നെയായപ്പോൾ വിരസതയകറ്റാൻ പലരും ചെടികൾ പരിപാലിക്കാൻ തുടങ്ങിയതോടെ ഗോകുലന്റെ വള്ളിച്ചെടികൾക്ക് പ്രചാരം വർധിച്ചു.
എവർഗ്രീൻ ടർട്ടിൽ വൈൻ, ചാർലി, റിയോപ്ലാന്റെ, ഹപ്പിസിയ, ഹൾട്ടൻ അന്തര, കോളിയിയ റിപ്പൻസ് തുടങ്ങിയ ഇനങ്ങളുടെ വൻ ശേഖരമാണ് ഗോകുലനുള്ളത്. വള്ളി പോലുള്ളവയും പന്തുപോലെ ഉരുണ്ടു തൂങ്ങിയവയും മറ്റ് പലതരം ആകൃതിയിലും നിറങ്ങളിലുമുള്ള ചെടികൾ കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കുകയാണ്.
വള്ളിച്ചെടികൾക്ക് കൂടുതൽ വെയിൽ ആവശ്യമില്ലാത്തതിനാൽ വീടിനു മുന്നിലും ബാൽക്കെണിയിലും മുറ്റത്ത് മരച്ചുവട്ടിലുമായാണ് ചെടികൾ വളർത്തുന്നത്. ഇവയിൽ ചിലയിനം മാത്രമാണ് പുഷ്പിക്കുന്നവ. 200 രൂപ മുതലാണ് ചെടികളുടെ വില. രാവിലെയും വൈകുന്നേരവുമാണ് ചെടികളുടെ പരിപാലനം. ജൈവവളമാണ് ഉപയോഗിക്കുന്നത്. ചെടികളോട് താത്പര്യവും കൃത്യമായ പരിപാലനവുമുണ്ടെങ്കിൽ ആർക്കും വീടുകളിൽ വള്ളിച്ചെടികൾ ഒരുക്കാമെന്നും ഗോകുലൻ പറയുന്നു.