Kerala
ലൗ ജിഹാദ് ആരോപണവുമായി വീണ്ടും ക്രൈസ്തവ സഭ
ആലപ്പുഴ | “തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണ ഏജൻസികളും കോടതിയും തള്ളിയ ലൗ ജിഹാദ്” ആരോപണവുമായി വീണ്ടും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സംഘടന. കേരള കാത്തലിക് ബിഷപ് കൗൺസിലിന്റെ (കെ സി ബി സി) മുഖപത്രമായ ജാഗ്രതാ ന്യൂസിലാണ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത്.
സ്വകാര്യ വിതരണത്തിനുള്ള ജാഗ്രതാ ന്യൂസിന്റെ നവംബർ ലക്കത്തിൽ ജാഗ്രതാ കൗൺസിൽ ഭാരവാഹികളുടേതടക്കമുള്ള വിവിധ ലേഖനങ്ങളിൽ ലൗ ജിഹാദ് ആരോപണം ശക്തമാക്കുകയാണ്. ലൗ ജിഹാദ് എന്ന പേരിൽ ഒരു പദ്ധതി ഇല്ലാ യെന്ന് സാങ്കേതികമായി സ്ഥാപിക്കാമെങ്കിലും പ്രണയക്കുരുക്കുകളിൽ അകപ്പെട്ട് ജീവിതം പോലും കൈവിട്ടുപോകുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ ഇന്ന് നമുക്ക് ചുറ്റുമുണ്ടെന്നുള്ളത് കേവല യാഥാർഥ്യം മാത്രമാണെന്ന് കെ സി ബി സി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. സാജു കൂത്തോടി പുത്തൻപുരയിൽ എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുള്ള സകലർക്കും ഇത്തരമൊരു കെണി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംശയങ്ങളില്ല. താൻ “ലൗ ജിഹാദി”നെ കാണുന്നത് വേറൊരു രീതിയിലാണെന്ന മുൻ ഡി ജി പിയും മുൻ സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണറും കൂടിയായ സിബി മാത്യൂസ് എഴുതിയ ലേഖനത്തിൽ പറയുന്നതിങ്ങനെ. അന്യമതസ്ഥരായ പെൺകുട്ടികളെ ഇസ്‌ലാമിന്റെ ആശയങ്ങൾ പഠിപ്പിക്കാനും അവർക്കിടയിൽ ഇസ്‌ലാം മതം പ്രചരിപ്പിക്കാനുമുള്ള ബോധപൂർവമായ ഒരു ശ്രമം നടക്കുന്നുണ്ട്. ഏതെങ്കിലുമൊരു മുസ്‌ലിം പെൺകുട്ടിയെ ഒരു ഹൈന്ദവ യുവാവോ ക്രൈസ്തവ യുവാവോ പ്രേമിക്കാനോ അവരുടെ മതം പഠിപ്പിക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. വിരളമായി അത്തരം പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മതം പഠിപ്പിക്കുക എന്നുള്ളത് മുഖ്യവിഷയമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വലിയ സംരക്ഷണ വലയം മുസ്‌ലിം സമൂഹം ഒരുക്കിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. മുസ്‌ലിം യുവാക്കൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയിക്കുന്ന സംഭവങ്ങളിൽ, അവിടെ വിവാഹത്തെക്കാൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത് മത പഠനത്തിനാണെന്നുള്ളത് മറ്റൊരു വസ്തുതയാണ്. ക്രിസ്ത്യൻ, ഹൈന്ദവ ആശയങ്ങളിൽ ആകൃഷ്ടരായി തിരിച്ച് ഒരൊഴുക്ക് എന്നെങ്കിലും ഉണ്ടായിട്ടുള്ളതായി അറിവില്ല. ബോധപൂർവമായ ഒരു ക്യാമ്പയിൻ നടക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് ഇതൊക്കെ. അത് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത് “ലൗ ജിഹാദ്” എന്നാണ്. സിബി മാത്യൂസ് ആരോപിക്കുന്നു.
ഫാ. ജയിംസ് കൊക്കാവലയിൽ തന്റെ ലേഖനത്തിൽ കുറിക്കുന്നതിങ്ങനെ: അന്യമതസ്ഥരെ വിവാഹം ചെയ്തു പോകുന്ന പെൺകുട്ടികളുടെ എണ്ണത്തിലെ വർധനവ് മറ്റൊരു വെല്ലുവിളിയാണ്. പഠനത്തിനും ജോലിക്കുമായി കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്ന പെൺകുട്ടികൾക്കിടയിൽ നിന്ന് മോശമല്ലാത്ത ഒരു വിഭാഗം പ്രണയബന്ധങ്ങളിൽ അകപ്പെട്ട് കുടുംബത്തെയും സഭയേയും സമുദായത്തെയും ഉപേക്ഷിച്ച് പോകുന്നുണ്ട്. സ്വന്തം സമുദായത്തിലെ പെൺകുട്ടികളെ സംരക്ഷിക്കാൻ സാധിക്കാത്ത ഒരു സമുദായത്തിന്റെ പിന്നാക്കാവസ്ഥ ദയനീയമാണെന്നും ക്രൈസ്തവ സഭയെ കുറിച്ച് അദ്ദേഹം പരിഭവപ്പെടുന്നു.