Educational News
സംസ്ഥാന മെഡിക്കൽ, ആയുർവേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം | ഈ വർഷത്തെ മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ദേശീയ നീറ്റ് പട്ടികയിൽ ദേശീയ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എസ് ആയിഷക്കാണ് ഒന്നാം റാങ്ക്. പാലക്കാട് കയറാടി നെന്മാറ അടിപ്പെരണ്ട കെ എ കെ മൻസിലിൽ എ ലുലു (നീറ്റ് AIR 22) രണ്ടാം റാങ്ക് നേടി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി സനീഷ് അഹമ്മദിനാണ് (നീറ്റ് AIR 25) മൂന്നാം റാങ്ക്. ഫിലെമോൻ കുര്യാക്കോസ് (നീറ്റ് AIR 50) നാലാം റാങ്ക് നേടി. ആയുർവേദ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 48,541 പേരാണ് റാങ്ക് പട്ടികയിൽ സ്ഥാനംപിടിച്ചത്.
ദേശീയ നീറ്റ് പട്ടികയിൽ ദേശീയ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി എസ്. ആയിഷയാണ് കേരളത്തിൽ നിന്നുള്ളവരിൽ മുന്നിൽ. 710 മാർക്കാണ് ആയിഷയ്ക്ക്. ഇരുപത്തിരണ്ടാം റാങ്ക് നേടിയ എ ലുലു (706 മാർക്ക്), ഇരുപത്തഞ്ചാം റാങ്ക് നേടിയ സനീഷ് അഹമ്മദ് (705 മാർക്ക്) എന്നിവർ കേരള ലിസ്റ്റിൽ തൊട്ടുപിന്നിൽ. അമ്പതാം റാങ്ക് കേരളത്തിൽ നിന്നുള്ള ഫിലെമോൻ കുര്യാക്കോസിന്- 705 മാർക്ക്.
മെഡിക്കൽ പ്രവേശനത്തിനായി അപേക്ഷിച്ചവരും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി നീറ്റ് യു ജി 2020 ഫലം നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരുമാണ് പട്ടികയിലുള്ളത്. റാങ്കുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിദ്യാർഥികൾക്ക് “KEAM 2020- Candidate Portal” എന്ന ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച് “Result” എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ റാങ്ക് വിവരങ്ങൾ ലഭ്യമാകും. സംസ്ഥാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ പ്രൊഫഷനൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പക്ടസിലെ ക്ലോസ് 6 പ്രകാരമുള്ള യോഗ്യതകൾ പ്രവേശന സമയത്ത് നേടിയിരിക്കണം.