Connect with us

Articles

മാധ്യമ സ്വാതന്ത്ര്യം ഓര്‍മവന്നതിപ്പോഴോ?

Published

|

Last Updated

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തിനെയാകെ പിറകോട്ടടിപ്പിച്ചതിന്റെ പേരിലായിരിക്കും അര്‍ണബ് ഗോസ്വാമി ഓര്‍മിക്കപ്പെടുക. അത്രമേല്‍ അധഃപതിച്ച രീതികളിലൂടെയും ഇടപെടലുകളിലൂടെയുമാണ് അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി വിയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേയുള്ള ഒരു കേസിന്റെ പുറത്ത് മുംബൈ പോലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കി എന്നതാണ് ഏറ്റവും പുതിയ കാര്യം. 2018ല്‍ ജീവനൊടുക്കിയ അന്‍വയ് നായിക് എന്ന ആര്‍ക്കിടെക്ടിന്റെ ആത്മഹത്യക്ക് പ്രേരണ നല്‍കി എന്നതാണ് കുറ്റം. അറസ്റ്റിനിടെ പോലീസുകാരെ മര്‍ദിച്ചെന്ന പേരില്‍ പുതിയ ചാര്‍ജുകളുമുണ്ട്.
അര്‍ണബിന്റെ അറസ്റ്റോടെ ബി ജെ പിയുടെ നേതൃത്വത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തെ ചൊല്ലി വലിയ രോധനങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നതാണ് വലിയ തമാശ. മാധ്യമ പ്രവര്‍ത്തനത്തിന് ലോകത്തിലേറ്റവും മോശം സാഹചര്യമുള്ള നാടാക്കി ഭാരതത്തെ മാറ്റിയ ആളുകളാണ് വര്‍ണ- വംശീയ- വര്‍ഗീയ വെറിമൂത്ത ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി കരഞ്ഞു കണ്ണീരൊലിപ്പിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എത്രത്തോളം സാധ്യമാണ് എന്നന്വേഷിക്കുന്ന കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കുന്ന പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ മോദി രാജ് താഴോട്ടിറങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ആകെ 180 രാജ്യങ്ങളുള്ള സൂചികയില്‍ 142 ആണ് നിലവിലത്തെ സ്ഥാനം. ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട രാജ്യങ്ങളുടെ പട്ടിക നോക്കിയാല്‍ സൗത്ത് സുഡാനും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും ഫിലിപ്പൈന്‍സും അഫ്ഗാനിസ്ഥാനുമൊക്കെ കാണാം.

ആര്‍ എസ് എസും കോര്‍പറേറ്റുകളും വട്ടമിട്ട് ഭരിക്കുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നത് ഇല്ലാതായിട്ടുണ്ട് എന്ന് ആശങ്കപ്പെടാതെ വയ്യ. സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് സമരസപ്പെട്ടുകഴിഞ്ഞ മാധ്യമ മുതലാളിമാര്‍ എഡിറ്റോറിയല്‍ പോളിസി തന്നെ നാഗ്പൂരിലെ വര്‍ഗീയ രാഷ്ട്രീയത്തിനുള്ള പ്രോപഗണ്ട മിഷനറിയാക്കി മാറ്റിയിട്ടുണ്ട്.
കച്ചവട താത്പര്യങ്ങള്‍ അടക്കിവാഴുന്ന മാധ്യമ ലോകത്ത് നൈതികതയെ പറ്റി അല്‍പ്പമെങ്കിലും വീണ്ടുവിചാരമുള്ള മാധ്യമങ്ങള്‍ക്കാകട്ടെ വിലക്കുകളും കരിനിയമങ്ങളുടെ ചാപ്പയടിയുമാണ് ഇവിടെയുള്ളത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിലുണ്ടായ പ്രതിസന്ധികള്‍ കൃത്യമായി പുറംലോകത്തെ അറിയിക്കാനുള്ള അവിടുത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ യു എ പി എ അടക്കമുള്ള നിയമങ്ങള്‍ ചുമത്തി നിശ്ശബ്ദമാക്കുന്നതാണ് പ്രകാശ് ജാവ്‌ദേകര്‍ ഇപ്പോള്‍ പറയുന്ന “ജനാധിപത്യ ഇന്ത്യയുടെ” അവസ്ഥ എന്ന് വെറുതെ ഒന്നോര്‍മിപ്പിക്കുന്നു. മസ്രത് സഹ്റ അടക്കമുള്ള ചുറുചുറുക്കും ധൈര്യവും നൈതിക ബോധവുമുള്ള യുവ മാധ്യമ നിരക്ക് അവരുടെ തൊഴിലെടുക്കാന്‍ കഴിയുന്നില്ല എന്നതിനെ ചൊല്ലി ആരുമെന്തേ ഇതുവരെ ആശങ്കപ്പെടാതിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. മോദി സര്‍ക്കാറിന്റെ വര്‍ഗീയ രാഷ്ട്രീയം താറുമാറാക്കിയ നിലവിലെ കശ്മീരിന്റെ നേര്‍ക്കാഴ്ചകള്‍ ലോകം കണ്ടത് ഈ മാധ്യമ പ്രവര്‍ത്തകരുടെയും ചില വിദേശ വാര്‍ത്താ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ഇന്ത്യയിലെ ചുരുക്കം ചില മാധ്യമ ശ്രമങ്ങളുടെയും ഭാഗമായായിരുന്നു.

ഇതില്‍ അസ്സോസിയേറ്റ് പ്രസ്സിന്റെ മൂന്ന് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് ഇത്തവണത്തെ പുലിസ്റ്റര്‍ സമ്മാനവും ലഭിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു ബഹുമതി ഇന്ത്യക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചപ്പോള്‍ അഭിനന്ദിച്ചതിന് ഗാന്ധിയെ വരെ രാജ്യദ്രോഹിയാക്കിയ “സഹിഷ്ണുത”യുടെ ഉടമകളാണ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിന്റെ പേരില്‍ ജനാധിപത്യം തകര്‍ന്നുപോയെന്ന് കുണ്ഠിതപ്പെടുന്നത്. പറഞ്ഞു ചിരിക്കാന്‍ പോന്ന വിരോധാഭാസം തന്നെയാണിത്.

തങ്ങള്‍ക്ക് വിധേയപ്പെടാത്ത മാധ്യമ സ്ഥാപനങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും കടുത്ത ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന ഒരു രീതി മാത്രമാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്ക് വശമുള്ളത്. കശ്മീരിലെ ഗുരുതരമായ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ പ്രകോപിതരായി ഗ്രെയ്റ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ തുടങ്ങിയ പത്രങ്ങള്‍ക്ക് ഇനി സര്‍ക്കാര്‍ പരസ്യം നല്‍കേണ്ടതില്ലെന്ന് നേരിട്ട് നിയന്ത്രിക്കുന്ന യൂനിയന്‍ ടെറിട്ടറി ഭരണകൂടം തീരുമാനിച്ചു. ഇതേ “കുറ്റ”ത്തിന് തന്നെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ടെലിഗ്രാഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂനപക്ഷ വിരുദ്ധ കലാപത്തിന്റെ വസ്തുതാപരമായ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ മലയാള മാധ്യമ സ്ഥാപനങ്ങളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയതും യോഗി ആദിത്യനാഥ് സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ദി വയറിന്റെ മുഖ്യ പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ എഫ് ഐ ആര്‍ ചമച്ചതും മോദിയുടെ “ശ്രേഷ്ഠ ഭാരതത്തിലെ ഉല്‍കൃഷ്ട ജനാധിപത്യ മര്യാദ”യായിരിക്കും.
ഹാഥ്‌റസിലെ ദളിത് പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു എ പി എയും ചുമത്തി അജ്ഞാത കാരാഗൃഹത്തിലേക്ക് തള്ളിയപ്പോള്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിക്ക് “അടിയന്തരാവസ്ഥയുടെ ഓര്‍മ” വരാതിരുന്നത് ചികിത്സിക്കപ്പെടേണ്ട അംനീഷ്യയാണ്. 2014ന് ശേഷം ഇന്ത്യയില്‍ എത്ര ചാനലുകള്‍ക്ക് സംപ്രേഷണ വിലക്കുണ്ടായി, എത്ര മാധ്യമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ് നല്‍കപ്പെട്ടു എന്നൊക്കെയുള്ള കണക്കുകള്‍ നമുക്ക് മുന്നിലുണ്ടല്ലോ. അവ പറഞ്ഞു തരുന്നുണ്ട് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും. ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിച്ഛേദനങ്ങളെ സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ ഒരുപക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദനം നടത്തുന്ന രാജ്യവും ഇന്ത്യ തന്നെയായിരിക്കും.

റിപ്പബ്ലിക് ടി വി പോലുള്ള ചാനലുകള്‍ ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങളെ എത്രമേല്‍ വിഷലിപ്തമാക്കി എന്നത് ഏറെ ഗൗരവത്തോടെ തന്നെ കണക്കിലെടുക്കേണ്ട കാര്യമാണ്. പ്രതിപക്ഷ ബഹുമാനത്തെ ഇല്ലാതാക്കി ആക്രോശങ്ങളുടെ കുരച്ചു ചാട്ടം മുഖമുദ്രയാക്കിയ അര്‍ണബ് ഇതുവരെ നടപ്പാക്കി വന്നത് സംഘ്പരിവാറിനിഷ്ടപ്പെട്ട വാര്‍ത്താ സംസ്‌കാരമാണ്. ഇക്കാര്യത്തില്‍ സീ ന്യൂസിലെ സുധീര്‍ ചൗധരി മുതല്‍ യു പി എസ് സി ജിഹാദ് എന്ന കണ്ടുപിടിത്തവുമായി വന്ന സുദര്‍ശന്‍ ചാനല്‍ വരെ കാണിക്കുന്ന മിടുക്ക് ഓരോ ഭാരതീയനെയും ലജ്ജിപ്പിക്കുന്നതാണ്. വസ്തുതകള്‍ക്കും വിവരങ്ങള്‍ക്കും പകരം പ്രോപഗണ്ടകളും നുണകളും പ്രചരിപ്പിക്കുന്ന എളുപ്പ വഴികളാണ് ഈ മാധ്യമങ്ങള്‍.
രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ബോധപൂര്‍വം പ്രേക്ഷകരുടെ ശ്രദ്ധതിരിക്കലാണ് അവരുടെ ജോലി. വിഭജനാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പലായനമായിരുന്നു ലോക്ക്ഡൗണ്‍ കാലത്തുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പരിതാപകരമായ യാത്രകള്‍. അത്തരം കാഴ്ചകളെ മറച്ചുവെക്കാന്‍ ഈ മാധ്യമങ്ങള്‍ ഗൂഢമായി കൊണ്ടുവന്നതായിരുന്നു “തബ് ലീഗ് കൊവിഡ്” അടക്കമുള്ള വര്‍ഗീയ വംശീയ പ്രചാരണങ്ങള്‍.

പരസ്യവും അതുവഴിയുള്ള ലാഭവുമാണ് മാധ്യമ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്നത് അത്യന്തം ഗുരുതരമായ സ്ഥിതിയാണ്. അത്തരത്തില്‍ ടി ആര്‍ പി റേറ്റിംഗില്‍ കൃത്രിമം നടത്തിയതിന് അര്‍ണബിന്റെ ചാനലിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പാല്‍ഗഢില്‍ ഈ വര്‍ഷം ഏപ്രിലില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണ സംഭവത്തിലും ജാമിഅയിലെ വിദ്യാര്‍ഥി റാലിക്ക് നേരേ ഈ വര്‍ഷം ജനുവരി മുപ്പതിന് ഉണ്ടായ ഭീകരാക്രമണ വിഷയത്തിലും റിപ്പബ്ലിക് ടി വി യാതൊരു അടിസ്ഥാനവുമില്ലാത്ത വിധം വാര്‍ത്തകള്‍ പടച്ചുവിട്ടതും അവ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് എന്തുമാത്രം അകലെയായിരുന്നു എന്നതും ലോകം കണ്ടതാണ്. സെന്‍സേഷനലായ വാര്‍ത്താ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ചില പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യം വെക്കുന്ന അര്‍ണബിന്റെ ചാനല്‍ സംസ്‌കാരം ലോകത്ത് തന്നെ തുല്യതയില്ലാത്ത വിധം മലീമസമാണ്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ സംബന്ധിച്ച് റിപ്പബ്ലിക് ചാനല്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അപസര്‍പ്പക കഥകളും ഒരു മാധ്യമ സ്ഥാപനത്തിന് യോജിച്ചതായിരുന്നില്ലല്ലോ. ദേശീയ മാധ്യമങ്ങള്‍ എന്നുവിളിക്കപ്പെടുന്ന ചാനലുകളുടെ നിലവാരം ബി ജെ പിയുടെ ഐ ടി സെല്ലിന്റെ നിലവാരത്തിലേക്ക് അധപ്പതിച്ചിരിക്കുന്ന ഒരു കാലത്ത് മുംബൈ പോലീസ് ചെയ്യുന്നതുപോലെ ചില ശുദ്ധികലശങ്ങള്‍ അത്യാവശ്യമാണെന്ന് പറയാതെ വയ്യ.

---- facebook comment plugin here -----

Latest