Connect with us

Articles

പിന്നാക്ക സംവരണവും അട്ടിമറിയുടെ കഥകളും

Published

|

Last Updated

പിന്നാക്ക – ദളിത് സംവരണം ഇന്ന് രാജ്യത്തെ സാമൂഹികമായി പിന്നണിയിലുള്ള ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ ഭരണഘടനാപരമായ അവകാശമാണ്. സംവരണം സമൂഹത്തിലെ താഴെത്തട്ടിലുള്ള ഈ ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഭരണത്തില്‍ ഇവരെ പങ്കാളികളാക്കുന്നതിനും വേണ്ടിയാണ്. നിയമനങ്ങളിലും മറ്റും ഈ സംവരണം നല്‍കപ്പെട്ടില്ലെങ്കില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും നൂറ്റാണ്ടുകളായി വളരെ പിന്നിലായിപ്പോയ ഈ ജനസമൂഹത്തെ ഒരിക്കലും മുന്നിലേക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. അതുകൊണ്ടാണ് സംവരണം ഭരണഘടനയുടെ ഭാഗമായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4)ലാണ് സംവരണത്തെ സംബന്ധിച്ചുള്ള ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സംവരണത്തിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ രാജ്യത്തെ മാറിമാറിവന്ന ഭരണാധികാരികളില്‍ പലര്‍ക്കും കഴിയാതെ പോയി. അതിനാല്‍, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവരുടെ ശോചനീയ സ്ഥിതിക്ക് പരിഹാരം കാണാനോ സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം നേടിയെടുക്കാനോ കഴിഞ്ഞില്ല.
മിക്ക സംസ്ഥാനങ്ങളും ഇപ്പോഴും ജാതി-മത പരിഗണനകളുടെ വന്‍ സ്വാധീനത്തിലാണ്. ഇക്കൂട്ടര്‍ക്ക് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മഹാഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല.

സമൂഹത്തിലെ താഴേക്കിടയിലെ ജനകോടികള്‍ക്ക് ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കുന്നതിനെതിരായി എക്കാലവും സമൂഹത്തിലെ മേല്‍ത്തട്ടിലുള്ള ഒരു വിഭാഗം ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഭരണഘടനാ നിര്‍മാണ സഭയില്‍ പോലും സംവരണത്തിനെതിരായി ശബ്ദം ഉയര്‍ന്നിരുന്നു. ന്യൂനപക്ഷ സമുദായക്കാര്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ചില സമുദായങ്ങള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കപ്പെട്ടതിനെച്ചൊല്ലി ചിലര്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടുണ്ട്. ഈ വകുപ്പിലടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “”എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പിന്നാക്ക – ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മാണസഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല””.

ഭരണഘടനാപരമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട 27 ശതമാനം സംവരണം കേന്ദ്ര- സംസ്ഥാന നിയമനങ്ങളില്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് പിന്നാക്ക സംവരണം നടപ്പായി രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും നിയമപരമായി നല്‍കേണ്ട ഈ സംവരണത്തില്‍ പകുതി പോലും നല്‍കാതിരിക്കുന്നത്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ അധ്യാപക – അനധ്യാപക നിയമനങ്ങളിലെ സംവരണമാണ് ഏറ്റവും ഒടുവില്‍ വലിയ അട്ടിമറിക്ക് പാത്രമായിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരായും വിദ്യാര്‍ഥികളായും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ കടന്നുവരുന്നതിനെതിരായി എക്കാലവും ഭരണ വര്‍ഗത്തിലെ ഒരു വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് സര്‍വകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലെ നിയമനം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടയക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ (യു ജി സി) സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്.
എസ് സി, എസ് ടി, ഒ ബി സി സംവരണ തസ്തികകള്‍ ഉടന്‍ നികത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളോടും കോളജുകളോടും യു ജി സി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം നടത്തിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യു ജി സി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന സംവരണ തസ്തികകളില്‍ നിയമനം നടക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് യു ജി സി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

ഒഴിഞ്ഞുകിടക്കുന്ന അധ്യാപക, അനധ്യാപക സംവരണ സീറ്റുകളുടെ എണ്ണം സര്‍വകലാശാലകള്‍ വെബ്‌സൈറ്റുകളില്‍ വേര്‍തിരിച്ച് രേഖപ്പെടുത്തണം. അടുത്ത അധ്യയന വര്‍ഷത്തില്‍ സംവരണ സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച രേഖകളും സൂക്ഷിക്കണമെന്നും യു ജി സി ആവശ്യപ്പെടുന്നു.
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ മാഗ്നാകാര്‍ട്ടയാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 27 ശതമാനം പിന്നാക്ക സംവരണം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 27 ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലെ 2,498 പ്രൊഫസര്‍ തസ്തികകളിലെ 678 എണ്ണം ഒ ബി സിക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ആകെ നീക്കിവെച്ചത് 313 എണ്ണം മാത്രം. അതില്‍ തന്നെ നിയമനം നടന്നത് ഒമ്പ് ഒഴിവുകളില്‍ മാത്രമാണ്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 735 ഒ ബി സിക്കാര്‍ക്ക് നിയമനം ലഭിക്കേണ്ടിടത്ത് ലഭിച്ചത് 38 പേര്‍ക്ക് മാത്രം. ഒ ബി സിക്കാര്‍ക്കുള്ള 2,232 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം ലഭിച്ചത് 1,327 പേര്‍ക്കും. കേന്ദ്ര സര്‍വകലാശാലകളില്‍ അധ്യാപകരുടെ 6,688 സംവരണ തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. ഇതില്‍ 1,084 എണ്ണം എസ് സിക്കും 604 എണ്ണം എസ് ടിക്കും 1,684 എണ്ണം ഒ ബി സിക്കും മാറ്റി വെച്ചതാണ്. കഴിഞ്ഞ ഒക്‌ടോബറിലെ കണക്കുകള്‍ പ്രകാരം സംസ്ഥാന സര്‍വകലാശാലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 2,46,509 തസ്തികകളില്‍ 1,79,980 എണ്ണത്തിലാണ് ഇതുവരെ നിയമനം നടന്നിട്ടുള്ളത്.

പിന്നാക്ക സംവരണം ഏതുനിലയിലും അട്ടിമറിക്കണം എന്ന് പ്രതിജ്ഞ ചെയ്ത വിഭാഗങ്ങള്‍ ദേശീയ രാഷ്ട്രീയ രംഗത്ത് സജീവമാണ്. അതിന്റെ ഭാഗമായാണ് സര്‍വകലാശാലകളിലെ സംവരണ സീറ്റുകള്‍ നിരന്തരമായി ഒഴിച്ചിട്ടിരിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ടവരുടെ പ്രതിനിധികള്‍ ഇനിയെങ്കിലും സര്‍വകലാശാലകളിലെ അധ്യാപക- അനധ്യാപക തസ്തികകളില്‍ വന്നേ മതിയാകൂ. ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ യു ജി സി തയ്യാറായാല്‍ അത് പിന്നാക്ക ജനവിഭാഗത്തിന് ഏറെ ഗുണകരമായിരിക്കും.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest