Connect with us

Ongoing News

അർണബ് നോട്ട് ദി മാറ്റർ ഓഫ് ജേണലിസം

Published

|

Last Updated

മുംബൈയിൽ അറസ്റ്റിലായ റിപബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ റായ്‌ഗ ഡിലെത്തിച്ചപ്പോൾ

“ഉദ്ധവ് താക്കറെ ജീ, കേൾക്കൂ. ധൈര്യത്തോടെ ഞാൻ പറയുകയാണ്. ഗ്രൗണ്ടിലേക്ക് വരൂ. ഞാൻ നേരേ ചൊവ്വേ പറയുകയാണ്, ഏത് കോടതിയിലാണോ നിങ്ങൾ എന്നെ വിളിക്കുന്നത്, അവിടെ ഞാൻ ഹാജരാകും.” തന്റെ അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർണബ് ഗോസ്വാമി റിപ്പബ്ലിക് ടി വിയുടെ ന്യൂസ് റൂമിലിരുന്ന് നടത്തിയ പ്രഖ്യാപനമാണിത്. തനിക്കെതിരെ മഹാരാഷ്ട്ര സർക്കാരും മുംബൈ പോലീസും രാഷ്ട്രീയവിദ്വേഷത്തോടെ നീങ്ങുകയാണെന്നും ഏത് നിയമനടപടിയെയും താൻ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി റിപ്പബ്ലിക് ടി വി മാനേജിംഗ് ഡയറക്ടർ അർണബ് ഗോസ്വാമിയുടെ വീരവാദങ്ങൾ. പക്ഷേ, അറസ്റ്റ് ചെയ്യാൻ പോലീസ് തന്റെ വീട്ടിലെത്തിയപ്പോഴാണ് അർണബ് എന്ന ധീരനെ മാലോകർ കൺകുളിർക്കെ കാണുന്നത്. പോലീസിനൊപ്പം പോകാൻ വിസമ്മതിക്കുകയും കുതറി മാറാൻ ശ്രമിക്കുകയും ചെയ്ത അർണബിനെ ഒടുവിൽ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടി വന്നു, മുംബൈ പോലീസിന്. അറസ്റ്റിന്റെ ദൃശ്യങ്ങൾ വൈകാതെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തു.

സംഗതി ക്രിമിനൽ കേസാണ്. റിപ്പബ്ലിക് ടി വിയുടെ ഓഫീസ് ഇന്റീരിയർ ജോലികൾ ചെയ്തതിന്റെ പണം നൽകാത്തതിനെ തുടർന്ന് 53-കാരനായ ആർകിടെക്ട് അൻവേ നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. 83 ലക്ഷം രൂപയാണ് അർണബ് ഗോസ്വാമി ഇന്റീരിയർ ഡിസൈനർക്ക് കൊടുക്കാതെ കബളിപ്പിച്ചത്. 2018 മെയിലാണ് ഇന്റീരിയർ ഡിസെനറും അമ്മയും അലിബാഗിലെ ഫാം ഹൗസിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.

2019 ഏപ്രിലിൽ അന്നത്തെ ബി ജെ പി സർക്കാർ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഉദ്ധവ് താക്കറെ സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ബുധനാഴ്ച അറസ്റ്റിലായ ഗോസ്വാമിക്ക് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമാണുണ്ടായത്.

അതിനിടെ അർണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി കഴിഞ്ഞ ദിവസം മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പോലീസ് സംഘത്തിലെ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്.

അറസ്റ്റ് നടന്ന ദിവസം റിപ്പബ്ലിക് ടിവിയിലെ മറ്റു മാധ്യമപ്രവർത്തകർ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ പ്രഹരമാണിതെന്നും മഹാരാഷ്ട്ര സർക്കാർ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടേയിരുന്നു.

പോലീസ് ആക്രമണം എന്ന രീതിയിലാണ് റിപ്പബ്ലിക് ടി വി അർണബിന്റെ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇതൊക്കെ കാണുമ്പോൾ നിയമ വിരുദ്ധമായി തന്നെ രാജ്യത്ത് നടന്ന വിവിധ അറസ്റ്റുകൾ റിപ്പബ്ലിക് കവർ ചെയ്ത രീതി കണ്ടവർ മൂക്കത്ത് വിരൽ വെച്ചിട്ടുണ്ടാകും. എത്രയെത്ര നിരപരാധികളെയാണ് റിപ്പബ്ലിക് ടി വി രാജ്യദ്രോഹികളും കുറ്റവാളികളുമാക്കിയത്. അടുത്തിടെയാണ് ടെലിവിഷൻ റേറ്റിംഗ് പോയിന്റ്സിൽ (ടി ആർ പി) കൃത്രിമം കാണിച്ച് പരസ്യ വരുമാനത്തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അർണബ് ഗോസ്വാമിക്കെതിരെ കേസന്വേഷണത്തിന് മുംബൈ പോലീസ് ഉത്തരവിട്ടത്.

രാജ്യത്തെ നമ്പർ വൺ ചാനലുകൾ തങ്ങളുടേതെന്ന റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ വാദം വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. അന്ന് മുതൽ മഹാരാഷ്ട്ര സർക്കാരിനെതിരെയും മുംബൈ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വ്യാജ വാർത്തകൾ ബ്രോഡ്കാസ്റ്റ് ചെയ്യലായിരുന്നു അർണബിന്റെ പ്രധാന കലാപരിപാടി.

ഏതായാലും അർണബിന്റെ അറസ്റ്റ് അനിവാര്യതതന്നെയായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മനുഷ്യത്വ വിരുദ്ധമായ, മുസ്‌ലിം വിരുദ്ധമായ വ്യാജ വാർത്തകൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഈ അറസ്റ്റിൽ മാറ്റൊരഭിപ്രായമുണ്ടാകില്ല. സർവോപരി, അറസ്റ്റ്, മാധ്യമപ്രവർത്തനത്തെയും മൂല്യങ്ങളെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ അർണബ് എന്ന കുറ്റവാളിയുടേതാകുമ്പോൾ.

---- facebook comment plugin here -----

Latest