Religion
ക്ഷമയിലെ സുഗന്ധം
മുഹമ്മദ് മർമഡ്യൂക് പിക്താൾ എന്ന പേര് കേട്ടിട്ടുണ്ടോ? വിശുദ്ധ ഖുർആനിന് നൽകിയ കാവ്യാത്മകമായ ഇംഗ്ലീഷ് വിവർത്തനത്തിലൂടെയാണ് നമുക്കദ്ദേഹത്തെ പരിചയം. മുസ്്ലിം ലിറ്റററി സൊസൈറ്റി സംഘടിപ്പിച്ച Islam and Progress എന്ന വിഷയത്തിലെ പ്രഭാഷണത്തിനൊടുവിൽ വളരെ നാടകീയമായ രീതിയിൽ ഇസ്്ലാമാശ്ലേഷം പ്രഖ്യാപിച്ച പിക്താളിനെ അതിനു പ്രചോദിപ്പിച്ച ഘടകങ്ങളിലൊന്ന് ചെറിയൊരു സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു ദിവസം വീടിന്റെ മട്ടുപ്പാവിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. താഴെ റോഡിൽ അരോഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനെ അവശനായ ഒരു വൃദ്ധൻ ദേഷ്യത്തോടെ അടിക്കുന്നത് കാണുന്നു. യുവാവ് നിർവികാരനായി അടി കൊള്ളുകയും അയാളുടെ ശകാരം മൊത്തം പ്രതികരണങ്ങളില്ലാതെ കേട്ടു നിൽക്കുകയും ചെയ്യുന്നു. വൃദ്ധൻ പോയപ്പോൾ പിക്താൾ ഇറങ്ങിവന്നു അദ്ദേഹത്തോട് കാര്യം അന്വേഷിക്കുന്നു. താൻ അദ്ദേഹത്തിന് കൊടുക്കാനുണ്ടായിരുന്ന കടം അവധി തെറ്റിപ്പോയതിൽ ക്ഷോഭിച്ചാണ് അദ്ദേഹം അടിച്ചതെന്ന് യുവാവ് മറുപടി പറയുന്നു. “നിങ്ങളെന്തുകൊണ്ട് പ്രതികരിച്ചില്ല” എന്ന ചോദ്യത്തിന് മുതിർന്നവരോട് ബഹുമാനവും ഇളയവരോട് കാരുണ്യവും കാണിക്കാനാണ് എന്റെ മതം എന്നോട് നിർദേശിച്ചിട്ടുള്ളത്” എന്നായിരുന്നു മറുപടി. ആ രംഗത്തിന്റെ സൗന്ദര്യമാണത്രേ പിക്താളിനെ ഇസ്്ലാമിലേക്ക് എത്തിച്ചത്!
വീഴ്ചകൾ സംഭവിച്ചവർക്ക് ഗുരുവാകാൻ സാധിക്കും!. അവർക്കു വീണവന്റെ മനസ്സ് അറിയാൻ പറ്റും. വീണിടത്തു നിന്ന് എഴുന്നേൽക്കേണ്ടത് എങ്ങനെയാണെന്നും തിരിച്ചു നടക്കേണ്ടത് എവിടേക്കാണെന്നും പറഞ്ഞുകൊടുക്കാൻ കഴിയും. കുറ്റപ്പെടുത്തുന്നവരെക്കാൾ കുറ്റമറ്റവരാകാൻ പ്രചോദനം നൽകുന്ന വഴികാട്ടിയായി മാറാൻ കഴിയും.
ഒരിക്കൽ ഒരു െശയ്ഖിന്റെ പർണശാലയിൽ മോഷണം നടന്നു. ശിഷ്യന്മാരിൽ ആരോ ആണ് അതു ചെയ്തതെന്ന് അദ്ദേഹത്തിന് തോന്നി. അതു വ്യംഗ്യമായി സൂചിപ്പിക്കുന്ന വാക്പ്രയോഗം മാത്രം നടത്തി അവസാനിപ്പിച്ചു. അന്ന് രാത്രി ഒരു ശിഷ്യൻ പരസ്യമായി മാപ്പ് ചോദിച്ചു. “നീ എന്തിനാണു പരസ്യമായി ക്ഷമ ചോദിച്ചത്?” ശിഷ്യൻ: “ഞാൻ ഇതു പരസ്യമായി ചെയ്തില്ലെങ്കിൽ എല്ലാവരും പരസ്പരം സംശയിക്കും. അത് നമ്മുടെ കെട്ടുറപ്പിനെ ബാധിക്കും”.
താത്കാലികമായ മൗനം പാലിക്കലല്ല ക്ഷമ. ചിലയാളുകൾ പറയാറുണ്ട്: “നിന്നോട് ഞാൻക്ഷമിച്ചു, ഇനിയെന്റെ മനസ്സിൽ ഒന്നുമില്ല”. ഉള്ളിലെ പകയും വിദ്വേഷവുമൊക്കെ മറച്ചു വെച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ അതു പിന്നീടവരെ പ്രതികാരദാഹികളാക്കും. അത്തരം ക്ഷമ കാപട്യമാണ്.
ശിലാഹൃദയരായ ഖുറൈശികളുടെ പീഡനങ്ങൾ അതിരുഭേദിച്ചപ്പോൾ ബന്ധുക്കൾ സഹായിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിൽ നബിതിരുമേനി (സ്വ) ത്വാഇഫിലേക്ക് യാത്ര തിരിച്ചു. എന്നാൽ, വളരെ ക്രൂരമായിരുന്നു അവരുടെ പ്രതികരണം. ത്വാഇഫുകാർ ഭ്രാന്തൻ എന്നാക്ഷേപിച്ചു അവിടുത്തെ കല്ലെറിഞ്ഞോടിച്ചു. കാലിൽ നിന്നു രക്തം വാർന്നു. ചില നിവേദനങ്ങളനുസരിച്ച് അവിടുന്ന് മോഹാലസ്യപ്പെട്ടു വീണു. ബോധം തെളിഞ്ഞിട്ടും അക്രമികളുടെ കൈയും നാവും അടങ്ങിയില്ല. അല്ലാഹുവിന്റെ സഹായവുമായി ജിബിരീൽ (അ) വന്നു: “ശത്രുക്കളെ സമൂലം നശിപ്പിക്കാൻ അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ സമ്മതമുണ്ട്”.
“ഇവരിലാരെങ്കിലും എന്നെങ്കിലും സത്യം ഗ്രഹിക്കുമെങ്കിൽ അതായിരിക്കും ഏറ്റവും ഉത്തമം” എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ് അവിടുന്ന് ചെയ്തത്.
ഒരിക്കൽ ഒരു സൂഫിഗുരുവിനോട് ഒരാൾ ചോദിച്ചു: ക്ഷമ എന്നാലെന്താണ്? അദ്ദേഹത്തിന്റെ പ്രതികരണം: “ഒരു പൂവിനെ കൈയിലിട്ടു ഞെരിച്ചമർത്തുമ്പോഴും അത് തിരിച്ചു നൽകുന്ന സുഗന്ധമാണ് ക്ഷമ”.
ചരിത്രപ്രസിദ്ധമാണ് ഹുദൈബിയ സന്ധി. പ്രതിപക്ഷത്തിന്റെ മാത്രം ഇഷ്ടങ്ങളെ പരിഗണിച്ചു കൊണ്ട് ഒരു ഉഭയകക്ഷി കരാർ! നബി തിരുമേനി (സ്വ) യുടെ സന്തത സഹചാരികൾക്കു പോലും ആദ്യഘട്ടത്തിൽ അതുൾക്കൊള്ളാൻ പ്രയാസം തോന്നി. എന്നാൽ, ആ സമാധാനക്കരാറിന്റെ ഫലം തിരുനബി (സ്വ) പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ഹിജ്‌റ പോകുമ്പോൾ വെറും 1400 പേർ മാത്രം ഉണ്ടായിരുന്ന മുസ്്ലിം സമുദായം ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ളവരായി വളർന്നത് ഹുദൈബിയ സന്ധി വാഗ്ദാനം ചെയ്ത ക്ഷമയും സമാധാനവും കൊണ്ടാണ് സാധിച്ചെടുത്തത്.
വിശുദ്ധ ഖുർആൻ പറഞ്ഞു: നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക. അപ്പോൾ നിന്നോട് ശത്രുതയിൽ കഴിയുന്നവൻ ആത്മമിത്രത്തെപ്പോലെ ആയിത്തീരും. (41:34).