Articles
'ജമാഅത്വ’യും യു ഡി എഫും
‘ഒന്ന്: അല്ലാഹു അല്ലാത്തവരുടെ പരമാധികാരം സ്ഥാപിക്കാനുദ്ദേശിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതും അനനുവദനീയവും തൗഹീദിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി നേരത്തേ വ്യക്തമാക്കിയതാണ്. അതിലിപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണതെന്ന് ജമാഅത്ത് മനസ്സിലാക്കുന്നതിനാല്‍ അതില്‍ നിന്ന് വ്യതിചലിക്കുന്ന പ്രശ്‌നം ഉത്ഭവിക്കുന്നുമില്ല”.
രണ്ട്: ദൈവിക പരമാധികാരം നിരാകരിക്കുന്ന അനിസ്‌ലാമിക വ്യവസ്ഥിതിയില്‍ ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും അസംതൃപ്തമാണ്. അത് അടിമുടി മാറണമെന്ന് അതാഗ്രഹിക്കുന്നു. പകരം ദൈവത്തിന്റെ പരമാധികാരത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതി (ഭരണം) സ്ഥാപിതമാകണമെന്നും ജമാഅത്ത് ആഗ്രഹിക്കുന്നു. അതിമഹത്തായ ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള നിരന്തര പ്രയത്‌നങ്ങള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ജമാഅത്ത് വലിയ കാര്യമായി കരുതുന്നില്ല. അതില്‍ സാഫല്യമടയുന്നുമില്ല””- ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി സൈദ്ധാന്തികന്‍). എങ്കില്‍ ജമാഅത്തുകാരെന്തിന് പാര്‍ട്ടി രൂപവത്കരിക്കണം, സഖ്യമുണ്ടാക്കണം? പറയാം. ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വല്‍പ്പം സങ്കീര്‍ണമായ പ്രക്രിയയാണ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ താഗൂത്തിയന്‍ ചേരുവകള്‍ സമാസമം ചേര്‍ത്ത് വേണം ഏക ദൈവ പരമാധികാര രാജ്യം സ്ഥാപിച്ചെടുക്കാന്‍. അതിനാണ്, അതിന് മാത്രമാണ് അവര്‍ പാര്‍ട്ടിയുണ്ടാക്കുന്നതും ഇപ്പോള്‍ യു ഡി എഫുമായി സഖ്യം ചേരുന്നതും. കൃത്യമായി പറഞ്ഞാല്‍ യു ഡി എഫിന്റെ മുതുകില്‍ ചവിട്ടി ദൈവ രാജ്യത്തിലേക്ക് കടക്കാമോ എന്ന് പരീക്ഷിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി.
ജമാഅത്ത് സഖ്യത്തിന്റെ രാഷ്ട്രീയ ഗുണഫലങ്ങളെ കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ചും യു ഡി എഫ് നേതൃത്വം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. നാലോട്ടും രണ്ട് സീറ്റുമെന്നതാകരുത് രാഷ്ട്രീയ ധാരണകളുടെ മാനദണ്ഡം.
ഭൂമിയില്‍ ദൈവിക ഭരണം സ്ഥാപിക്കാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഭരണത്തിന്റെ അഭാവത്തില്‍ ഭൂമിയിലെ ദൈവിക പരമാധികാരം നഷ്ടപ്പെടുമെന്നും ദൈവാധികാരത്തെ പുനഃസ്ഥാപിക്കാനായി പ്രവര്‍ത്തിക്കേണ്ടത് ജമാഅത്തംഗങ്ങളുടെ ബാധ്യതയാണെന്നും ജമാഅത്തെ ഇസ്‌ലാമി സിദ്ധാന്തിക്കുന്നു. മുസ്‌ലിം ലോകം ഈ വിധ്വംസക സംഘത്തെ അംഗീകരിക്കുന്നില്ലെന്നും ഇവരുടെ നിലപാടുകള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ച് തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു എന്നിടത്താണ്, ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസും ജമാഅത്തെ ഇസ്‌ലാമിയും വ്യത്യാസപ്പെടുന്നത്.
ഇന്ത്യന്‍ ഭരണഘടന, ജനാധിപത്യം, മതേതരത്വം, തിരഞ്ഞെടുപ്പ്, വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലികള്‍, ഇന്ത്യന്‍ കോടതികള്‍ എല്ലാം വര്‍ജ്യമെന്ന് വിശ്വസിക്കുന്ന അത്യപകടകരമായ വാദങ്ങള്‍ ഇന്നും ജമാഅത്ത് പിന്തുടരുന്നു. അവ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി സാഹിത്യങ്ങള്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നു. ഇന്ത്യയില്‍ കലാപവും സംഘര്‍ഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതി. ഭഗല്‍പ്പൂര്‍ കലാപമില്ലായിരുന്നെങ്കില്‍ ജമാഅത്ത് പത്രം പൂട്ടിപ്പോകുമായിരുന്നെന്ന് മറ്റാരേക്കാളും നന്നായറിയുന്നത് ജമാഅത്ത് നേതാക്കള്‍ക്കാണ്. സമാധാനാന്തരീക്ഷത്തില്‍ സാമ്രാജ്യത്വമില്ല, ജമാഅത്വയോ ഹിന്ദുത്വയോ ഇല്ല.
1970 മെയ് 28ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന്റെ ഏകദേശ ഉള്ളടക്കം ഇതായിരുന്നു.
“ഒന്ന്, ആര്‍ എസ് എസിനെപ്പോലെ ജമാഅത്തും ഒരര്‍ധസൈനിക സംഘടനയാണ്. രണ്ട്, കോണ്‍ഗ്രസിന്റെ വിഭാവന പ്രകാരം സെക്യുലര്‍ സമൂഹത്തില്‍ ജീവിക്കാന്‍ ജമാഅത്തിന് അവകാശമില്ല. മൂന്ന്, ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങള്‍ ഇളക്കി വിടുന്നു.” (ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്, 1992 പേ: 194)
ജമാഅത്തിനെ തിരസ്‌കരിക്കുന്നതിന് എഴുപതില്‍ പറഞ്ഞ കാരണങ്ങള്‍ ഇപ്പോള്‍ അപ്രസക്തമെന്ന് കോണ്‍ഗ്രസോ യു ഡി എഫോ വിചാരിക്കുന്നെങ്കില്‍ അത് അവര്‍ മുസ്‌ലിം സമുദായത്തെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നേതാവുമായ എം കെ മുനീര്‍ 2010ല്‍ എഴുതിയ “മതരാഷ്ട്രവാദികളുടെ പുരോഗമന നാട്യങ്ങള്‍” എന്ന ലേഖനത്തില്‍ ജമാഅത്തിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു- “ജമാഅത്തെ ഇസ്‌ലാമി ഒരു മതരാഷ്ട്രവാദ മുസ്‌ലിം സംഘടനയാണെങ്കിലും ഈയിടെയായി കേരളത്തില്‍ അത് ഇടതുപക്ഷ സാംസ്‌കാരിക മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് തെരുവുകളില്‍ അലയുന്നതാണ് നാം കാണുന്നത്. തങ്ങള്‍ ഇടതുപക്ഷത്താണുള്ളതെന്ന് മറ്റുള്ളവര്‍ ധരിച്ചു കൊള്ളട്ടെ എന്നാകാം ഇതിന്റെ ഉദ്ദേശ്യം. എന്നല്ലാതെ അവരുടെ ഇസ്‌ലാമീകരണ ലക്ഷ്യം മാറ്റിവെച്ചതായി മനസ്സിലാക്കാനാകില്ല. മൗദൂദിയുടെ കൃതികള്‍ അവര്‍ ഇപ്പോഴും തടസ്സമേതുമില്ലാതെ അച്ചടിച്ചു പ്രചരിപ്പിക്കുന്നുണ്ടല്ലോ”.
മുനീറുയര്‍ത്തിയത് തന്നെയാണ് ചോദ്യങ്ങള്‍. വോട്ട് മതവിരുദ്ധമെന്ന്, തിരഞ്ഞെടുപ്പ് നിഷിദ്ധമെന്ന്, ഇന്ത്യന്‍ കോടതി താഗൂത്തെന്ന്, വിധി തേടി കോടതിയെ സമീപിക്കുന്നത് മതവിരുദ്ധമെന്ന്, സര്‍ക്കാര്‍ ഉദ്യോഗം നിഷിദ്ധമെന്ന്, മതേതര, ജനാധിപത്യ ഇന്ത്യയിലെ വിദ്യാഭ്യാസം തിരസ്‌കരിക്കണമെന്ന്, ജനാധിപത്യം ബിംബമെന്ന്, മതേതരത്വം മതനിഷേധവും വര്‍ജ്യവുമെന്ന് ഉള്ളടക്കമുള്ള ജമാഅത്ത് സാഹിത്യങ്ങള്‍ ഇന്നും വില്‍പ്പനക്കുണ്ട്. അവ പിന്‍വലിക്കപ്പെട്ടതായോ ജമാഅത്ത് അത്തരം ആശയങ്ങള്‍ ഉപേക്ഷിച്ചതായോ പാര്‍ട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ അതാണ് കാര്യം. അടവ് നയം. ജമാഅത്തിന് ജനാധിപത്യവും തിരഞ്ഞെടുപ്പും രാഷ്ട്രീയ സഖ്യവുമെല്ലാം ദൈവരാജ്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍ മാത്രം. അത് തിരിച്ചറിയാനായാല്‍ ലീഗിനും മുന്നണിക്കും നല്ലത്. ജമാഅത്ത് ബാന്ധവം ലീഗിനെ കൂടുതല്‍ മലിനമാക്കും. കെട്ട ചേറിന്റെ ദുര്‍ഗന്ധം ലീഗുള്ള കാലം മാറില്ല. മതരാഷ്ട്രവാദ വിഷലായനി ലീഗിനെക്കൊണ്ട് പാനം ചെയ്യിക്കുന്നതിലുപരി രാഷ്ട്രീയ ലക്ഷ്യമൊന്നും മുന്നണി ബാന്ധവം കൊണ്ട് ജമാഅത്തുകാര്‍ക്ക് ഉണ്ടാകാനിടയില്ല. മൗദൂദികള്‍ ഇടതു വേഷമണിയുന്നതും വലതുപക്ഷം ചേരുന്നതും അവര്‍ ജനാധിപത്യമോ മതേതരത്വമോ ഏറ്റുപറയുന്നതും ദൈവരാജ്യം സ്വപ്‌നം കണ്ടുള്ള കാപട്യങ്ങളാണ്. ഹിന്ദുത്വയുടെ മതരാഷ്ട്രവും ജമാഅത്വയുടെ ദൈവരാജ്യവും അടിസ്ഥാനപരമായി വ്യത്യാസമില്ല. രണ്ടിലും മതമല്ലുള്ളത് എന്ന സാമ്യത ഉണ്ട് താനും.
മതരാഷ്ട്രവാദ പ്രതിച്ഛായ കുടഞ്ഞെറിയാന്‍ ഇന്ത്യന്‍ ജമാഅത്ത് ഇതിന് മുമ്പും പലവട്ടം ശ്രമിച്ചിട്ടുണ്ട്. സെക്യുലര്‍ ജനാധിപത്യത്തെ മതനിഷേധമെന്ന് ചാപ്പ കുത്തി താഗൂത്തിന്റെ എണ്ണം കൂട്ടിയവര്‍ ഇപ്പോള്‍ മതേതരത്വത്തിന്റെ ആള്‍രൂപങ്ങളായി സ്വയം പ്രദര്‍ശിപ്പിക്കുന്നു. തിരഞ്ഞെടുപ്പും സമ്മതിദാനാവകാശ പ്രയോഗവും മതവിരുദ്ധമെന്ന് ദീര്‍ഘ ദീര്‍ഘം ഉപന്യസിച്ചവര്‍ ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്ക് വേഷം മാറിയെത്തുന്നത് രാജ്യസ്‌നേഹികള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ജമാഅത്തിന് മതേതരമാകാമോ എന്ന ചോദ്യത്തിന് 2017ല്‍ വന്ന മറുപടി ഇങ്ങനെയാണ്. “പ്രസ്ഥാനം (ജമാഅത്തെ ഇസ്‌ലാമി) അതിന്റെ ലക്ഷ്യം ആദ്യം അവതരിപ്പിച്ചത് ഹുകൂമത്തെ ഇലാഹിയ്യ- ദൈവിക ഭരണം – എന്ന വാക്കിലൂടെയായിരുന്നു. (സ്വാതന്ത്ര്യാനന്തരം) ജമാഅത്ത് അതിന്റെ ലക്ഷ്യം അവതരിപ്പിക്കാന്‍ പുതിയൊരു വചനം സ്വീകരിച്ചു. അതാണ് ഇഖാമത്തുദ്ദീന്‍. ഇതുവഴി ജമാഅത്ത് ലക്ഷ്യം (ദൈവിക ഭരണം) തെറ്റുകയായിരുന്നില്ല. പ്രത്യുത യഥാര്‍ഥ ലക്ഷ്യത്തെ (ദൈവിക ഭരണം) കൂടുതല്‍ കൃത്യമായി കുറിക്കുന്നതും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത കുറഞ്ഞതുമായ ഒരു ലക്ഷ്യ വചനം കണ്ടെത്തുകയായിരുന്നു” (പ്രബോധനം വിശേഷാല്‍ പതിപ്പ്, 2017). ലക്ഷ്യം മതരാഷ്ട്രം തന്നെ. ദുഷ്‌പേര് മതത്തിന് നല്‍കി രാഷ്ട്രീയ ലാക്ക് നേടുക. ഇതാണ് ജമാഅത്ത് രാഷ്ട്രീയം. തിരഞ്ഞെടുപ്പല്ല, വിപ്ലവമാണ് അതിന്റെ വഴി. ഇസ്‌ലാമല്ല, സലഫിസ്റ്റ് തീവ്രവാദമാണ് അതിന്റെ ആദര്‍ശാടിത്തറ. ഹസനുല്‍ ബന്ന സ്ഥാപിച്ച ബ്രദര്‍ഹുഡാണ് (ഇഖ് വാന്‍) അതിന്റെ പ്രചോദനം.
കേരളീയ ഉലമ ഈ വിധ്വംസക ധാരയെ മുമ്പേ തിരസ്‌കരിച്ചത് കൊണ്ടാണ് കേരളത്തില്‍ ഇന്നും ഒരു ലഘു ന്യൂനപക്ഷമായി ജമാഅത്തെ ഇസ്‌ലാമി ചുരുങ്ങിപ്പോകാന്‍ കാരണം. മത രാഷ്ട്രീയമാണ് ജമാഅത്തിന്റേതെന്ന് സമസ്ത ഉലമ നിലപാട് സ്വീകരിച്ചിരുന്നു.
സംസ്ഥാന ജനസംഖ്യയില്‍ ജമാഅത്തിന്റെ അളവെത്ര? കേരളത്തില്‍ അതിന്റെ വളര്‍ച്ചയുടെ തോതെത്ര? യു ഡി എഫ് ഇതുകൂടി പരിശോധിക്കണം. 1992ലാണ് ആള്‍ബലം പുറത്താകുന്ന രേഖകള്‍ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവയുടെ കണക്കും അന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് വെച്ചാരും വോട്ടളത്തം നടത്തുമെന്ന് ജമാഅത്തുകാര്‍ സ്വപ്‌നേപി നിനച്ചതല്ല. വെളിച്ചം വീണത് കണക്കുകള്‍ നിരത്തിയപ്പോഴാണ്. പിന്നീടൊരിക്കലും ജമാഅത്തുകാര്‍ ഇത്തരം സ്ഥിതിവിവര കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. ഇനി അതൊട്ട് പ്രതീക്ഷിക്കാനും നിവൃത്തിയില്ല. എങ്കിലും ആ പഴയ കണക്ക് വെച്ച് തന്നെ കേരള ജമാഅത്തിനെ അളന്നെടുക്കാന്‍ പ്രയാസമില്ല.
1992ല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് 13 ജില്ലകളിലായിരുന്നു സാന്നിധ്യമുണ്ടായിരുന്നത്. പത്തനംതിട്ടയില്‍ പച്ച തൊട്ടില്ല. തൊട്ടപച്ചയുടെ കണക്ക് നോക്കാം. കാസര്‍കോട് ജില്ലയില്‍ പ്രാദേശിക ജമാഅത്ത് ഒന്ന്. കാര്‍കുന്‍ ഹല്‍ഖ നാല്, മുത്തഫിഖ് ഹല്‍ഖ നാല്, വനിതാ കാര്‍കുന്‍ ഹല്‍ഖ പൂജ്യം, വനിതാ മുത്തഫിഖ് ഹല്‍ഖ ഒന്ന്. (ജമാഅത്ത് രാജ്യത്തിന്റെ കോഡ് ഭാഷയാണ്. മലയാള വായനക്കാര്‍ ക്ഷമിക്കണം). കണ്ണൂരില്‍ യഥാക്രമം നാല്, 20, എട്ട്, പൂജ്യം, രണ്ട്. കോഴിക്കോട്ട് 17, 82, 25, എട്ട്, ആറ്. വയനാട്ടില്‍ ഒന്ന്, 12, ആറ്, ഒന്ന്, എട്ട്. മലപ്പുറത്ത് 87, 149, 23, 19. പാലക്കാട്ട് ഏഴ്, 36, അഞ്ച്, നാല്, രണ്ട്. തൃശൂരില്‍ ഏഴ്, 89, എട്ട്, എട്ട്, രണ്ട്. എറണാകുളത്ത് അഞ്ച്, 40, രണ്ട്, രണ്ട്, പൂജ്യം. കോട്ടയത്തും ഇടുക്കിയിലും രണ്ട്, എട്ട്, അഞ്ച്, പൂജ്യം, എട്ട്. കൊല്ലത്ത് ഒന്ന്, ആറ്, അഞ്ച്, പൂജ്യം, പൂജ്യം. തിരുവനന്തപുരത്ത് ഒന്ന്, 11, ആറ്, രണ്ട്, മൂന്ന് (ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്. 1992 പേജ് 249). ശരിയാണ്, 18 വര്‍ഷം മുമ്പുള്ള കണക്കാണ്. പക്ഷേ, ഇത് 50 വര്‍ഷത്തെ വളര്‍ച്ചയുടെ കണക്കാണ്. ശേഷിക്കുന്ന 18 വര്‍ഷത്തെ വളര്‍ച്ച സ്വപ്‌നങ്ങളെല്ലാം സമം ചേര്‍ത്ത് കണക്കാക്കിയാലും 50 വര്‍ഷത്തോളം വരില്ലെന്ന് ആര്‍ക്കുമറിയാം. ജമാഅത്തോട്ടുകള്‍ കേന്ദ്രീകരിക്കുന്നതായി കരുതപ്പെടുന്നത് കാര്‍കുന്‍ ഹല്‍ഖകളിലാണ്. ഇതാണ് സാക്ഷാല്‍ ജമാഅത്തംഗങ്ങളുടെ ഒരു യൂനിറ്റ്. കേരളത്തില്‍ കാര്‍കുനും മുത്തഫിഖും പുരുഷനും വനിതയും ഹല്‍ഖകളും എല്ലാം ചേര്‍ത്താല്‍ ആകെ വരുന്നത് ഏകദേശം 768 യൂനിറ്റുകള്‍. യൂനിറ്റുകളുടെ അംഗത്വ ബാഹുല്യമറിയാന്‍ ഒരു ഇന്ത്യന്‍ കണക്ക് നോക്കിയാല്‍ മതി.
1992ല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അഖിലേന്ത്യാ തലത്തില്‍ 17 സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി ഘടകങ്ങളുള്ളത്. അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവയാണത്. ഇത്രയും സംസ്ഥാനങ്ങളിലെ ജമാഅത്തംഗങ്ങളുടെ കണക്കാണ് ആകെ ജമാഅത്തോട്ടിന്റെ ഇന്ത്യന്‍ കണക്ക്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഒറ്റ നോട്ടത്തില്‍ എന്ന ശീര്‍ഷകത്തില്‍ കേരള ജമാഅത്ത് പ്രസിദ്ധീകരിച്ച കണക്ക് ഇങ്ങനെയാണ്. “അംഗങ്ങള്‍: പുരുഷന്മാര്‍ 3,690. സ്ത്രീകള്‍ 181. പ്രവര്‍ത്തകര്‍: പുരുഷന്മാര്‍- 12,665. സ്ത്രീകള്‍- 1,880. അനുഭാവികള്‍: പുരുഷന്മാര്‍- 97,955. സ്ത്രീകള്‍- 27,841. അമുസ്‌ലിം അനുഭാവികള്‍: പുരുഷന്മാര്‍- 2,965. സ്ത്രീകള്‍- 41. ആകെ: 1,22,018. ഇത്രയും വോട്ടര്‍മാരെ സംസ്ഥാന വൈപുല്യവും ജനസംഖ്യാ വ്യത്യാസങ്ങളും പരിഗണിക്കാതെ വിഹിതം വെച്ചാല്‍ കേരളത്തിന് ലഭിക്കുക 7,177 വോട്ടുകള്‍. ഇത് 1992 വരെയുള്ള 50 വര്‍ഷത്തെ വളര്‍ച്ച. ഇനി 18 വര്‍ഷത്തെ വളര്‍ച്ച കൂടി കോണ്‍ഗ്രസ് നേതൃത്വവും ലീഗും ചേര്‍ന്ന് കൂട്ടി നോക്കണം. ജമാഅത്തല്ലേ, സഖ്യ സഹയല്ലേ, മൂന്നിരട്ടി അധിക വളര്‍ച്ചയും വകയിരുത്തിക്കൊള്ളുക. എത്ര വോട്ടുണ്ടാകും കേരളത്തില്‍? സര്‍, എന്തിന് നാറണം.
ഇനി കേരളത്തിലെ ജമാഅത്ത് മദ്‌റസകളുടെ കണക്ക് നോക്കാം. 50 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി ഉണ്ടായത് 135 മദ്‌റസകള്‍. വര്‍ഷത്തില്‍ 2.7 തോതില്‍. വിദ്യാര്‍ഥികളുടെ എണ്ണമാണ് കൗതുകകരം, 22,000. ശരാശരി ഒരു മദ്‌റസയില്‍ 162ലധികം കുട്ടികള്‍. സ്വല്‍പ്പം ഉപ്പ് ചേര്‍ത്ത് അതങ്ങട്ട് വിഴുങ്ങാം. 18 വര്‍ഷത്തേക്ക് 50 വര്‍ഷത്തിന്റെ മൂന്നിരട്ടി വളര്‍ച്ച അനുവദിച്ചാല്‍ മദ്‌റസകളുടെ എണ്ണമെത്ര? 400. ഈ മുരടിച്ച വളര്‍ച്ചയുടെ കാരണമെന്തന്നല്ലേ, അത് ജമാഅത്ത് അമീര്‍ തന്നെ പറയുന്നത് യു ഡി എഫ് നേതൃത്വം അറിഞ്ഞിരിക്കുന്നത് നന്ന്. “”പ്രചാരണത്തിന്റെ പൊതു മാധ്യമമായി എഴുത്തും പ്രഭാഷണവുമാണ് ജമാഅത്ത് സ്വീകരിച്ചത്. സ്വാഭാവികമായും ഇത് അഭ്യസ്തവിദ്യരെയാണ് കൂടുതല്‍ ആകര്‍ഷിക്കുക. ആശയ കൈമാറ്റത്തിന്റെ ജനകീയവും ജനപ്രിയവുമായ രീതികള്‍ ഉപയോഗിക്കാന്‍ പ്രസ്ഥാനത്തിന് വേണ്ടത്ര സാധിച്ചിട്ടില്ല (പ്രസ്ഥാനത്തിന് പ്രായം 75 ആണെന്നോര്‍ക്കണം.) നമുക്ക് സ്വപ്‌നമുണ്ട്. പ്രതീക്ഷയുണ്ട്. പക്ഷേ, ധൃതിയില്ല”” (ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. ജമാഅത്തെ ഇസ്‌ലാമി, 75 വര്‍ഷങ്ങള്‍. പ്രബോധനം വിശേഷാല്‍ പതിപ്പ്, 2017)
സാര്‍, സ്വപ്‌നവും പ്രതീക്ഷയും ചേര്‍ത്താല്‍ വോട്ടാകുമോ? അതെത്ര വരുമെന്ന് കൂടി ഈ നാണക്കേട് സഖ്യമുറപ്പിക്കുന്നതിന് മുമ്പ് ഐക്യ മുന്നണി ജനങ്ങളോട് പറയണം.
വാല്‍കഷണം:
ദീര്‍ഘകാല സഹയാത്രികനായിരുന്ന കൊച്ചിക്കാരന്റെ ജമാഅത്തനുഭവം ഇങ്ങനെ:
“2006 ജൂലൈ 21ന് ഒരു വെള്ളിയാഴ്ച എറണാകുളത്തെ മദീനാ മസ്ജിദില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ “കര്‍സേവകര്‍” ഇരച്ചു കയറി. ഖതീബിനെയും മുഅദ്ദിനെയും ചില ട്രസ്റ്റികളെയും കൈയേറ്റം ചെയ്തു. കുറെ സാധന സാമഗ്രികള്‍ തച്ചുടച്ചു. ഈ ഗുണ്ടാവിളയാട്ടം തുടരുന്നതിനിടയില്‍ ആ സംഘടനയുടെ ജില്ലാ സെക്രട്ടറി എന്നവകാശപ്പെട്ടുകൊണ്ട് ഒരാള്‍ മൈക്ക് പിടിച്ചുപറ്റി, ഈ പള്ളി ജമാഅത്തെ ഇസ്‌ലാമിയുടേതാണെന്നും താനാണ് മുതവല്ലിയെന്നും സ്വയം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഈ സംഘടനയുടെ അനാഥാലയത്തില്‍ വളര്‍ത്തപ്പെട്ട ഒരു ക്രിമിനല്‍…”
എന്താലേ, യു ഡി എഫിന്റെ ഒരു യോഗം!