Articles
ഇത് ബിഹാര്‍ മോഡല്‍ രാഷ്ട്രീയം
ഒരു രാജ്യം മുഴുവന്‍ ബിഹാറിലേക്ക് ഉറ്റുനോക്കി നിന്ന ദിവസം. ഉജ്വലമായൊരു പോരാട്ടത്തിന്റെ ഉദ്വോഗം ജനിപ്പിക്കുന്ന മണിക്കൂറുകള്‍. വോട്ടിംഗ് യന്ത്രങ്ങള്‍ തുറന്ന് എണ്ണം പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ എടുത്തപ്പോള്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള രൂക്ഷമായ മത്സരത്തിന്റെ ആവേശവും അനിശ്ചിതത്വവും ഇന്ത്യാ മഹാരാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. കാലത്ത് തേജസ്വി യാദവ് എന്ന മുപ്പത്തിയൊന്നുകാരന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നടത്തിയ ഉജ്വലമായ മുന്നേറ്റം. ഉച്ചയായതോടെ കടന്നുകയറിയ എന്‍ ഡി എ സഖ്യം. പിന്നീട് തുടര്‍ച്ചയായി എന്‍ ഡി എ സഖ്യത്തിന്റെ മേല്‍ക്കൈ. ഇതിനിടയില്‍ തുടക്കത്തിലേ തളര്‍ന്നുപോയ കോണ്‍ഗ്രസ് ബി ജെ പിയുമായി മുഖത്തോടു മുഖം നോക്കി നിന്നു. ഒപ്പത്തിനൊപ്പം നിന്ന ആര്‍ ജെ ഡി. നിതീഷ് കുമാറിനെ വെല്ലുവിളിച്ചും ഒപ്പം താന്‍ മോദിയുടെ ഹനുമാനാണെന്ന് പ്രഖ്യാപിച്ചും എന്തോ വലിയ കാര്യം സാധിക്കാന്‍ പോകുന്നുവെന്ന പ്രകടനം നടത്തി അവസാനം എല്ലാം നഷ്ടപ്പെട്ട് നാണംകെട്ട എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍. തങ്ങളുടെ കടമ ഭംഗിയായി നിര്‍വഹിച്ച് വലിയ മുന്നേറ്റം നടത്തിയ ഇടതു ചേരിയിലെ സി പി ഐ എം എല്ലും സി പി എമ്മും സി പി ഐയും. ബിഹാറിലെ വോട്ടെടുപ്പില്‍ തെളിഞ്ഞത് വ്യത്യസ്തമായ രാഷ്ട്രീയ മുഖങ്ങള്‍.
ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് 15 വര്‍ഷം തുടര്‍ച്ചയായി ബിഹാര്‍ ഭരിച്ച നിതീഷ് കുമാറിന് തന്നെ. ആദ്യം ലാലുപ്രസാദ് യാദവിനൊപ്പം നിന്ന് മുഖ്യമന്ത്രിയായി. പിന്നെ 2017ല്‍ ഒരു പത്രസമ്മേളനത്തില്‍ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ കളം മാറി ചവിട്ടി ബി ജെ പി ക്യാമ്പിലേക്ക് എടുത്തുചാടി അതേ മുഖ്യമന്ത്രി കസേരയില്‍ ഒന്നുകൂടി ഉറച്ചിരുന്ന നിതീഷ് കുമാര്‍ തന്നെയായിരുന്നു ഇത്തവണത്തെ ബിഹാര്‍ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. നിതീഷ് വേണ്ടേ വേണ്ടേ എന്നു തന്നെയായിരുന്നു ജനങ്ങള്‍ സ്വയം നിര്‍മിച്ചെടുത്ത മുദ്രാവാക്യം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളും ദുരിതങ്ങളും അത്ര കണ്ട് കഠിനമായിരുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മ, മദ്യനിരോധനം കൊണ്ടുവന്ന ദുരന്തങ്ങളും കെടുതികളും, ലോക്ക്ഡൗണ്‍ മൂലം ദീര്‍ഘദൂരം നടന്ന് മടങ്ങിയെത്തിയ പതിനായിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികള്‍ നേരിട്ട കഷ്ടപ്പാടുകള്‍..എല്ലാത്തിനും കാരണം നിതീഷ് കുമാറാണെന്ന് ജനങ്ങള്‍ വിശ്വസിച്ചു.
പക്ഷേ, ഇവിടെ ബി ജെ പി ഒരു വലിയ തന്ത്രം പ്രയോഗിച്ചു. നിതീഷിനെതിരെ ആക്ഷേപം ചൊരിയാന്‍ മുന്നണിയില്‍ തന്നെയുള്ള ചിരാഗ് പാസ്വാനെ ബി ജെ പി ഇറക്കിവിട്ടു. ചിരാഗ് കൃത്യമായി കടമ നിര്‍വഹിച്ചു. നിതീഷിനെയും ജെ ഡി യുവിനെയും വളഞ്ഞിട്ടാക്രമിച്ചു. ജനങ്ങളുടെ ശത്രുതയും വിദ്വേഷവും അമര്‍ഷങ്ങളുമെല്ലാം നിതീഷിലേക്ക് നീണ്ടു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ നരേന്ദ്ര മോദിയും കൂട്ടരും മുഖം തിരിച്ചുനിന്നു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്വന്തം നിലക്ക് തന്നെ പ്രചാരണവുമായി മുന്നേറി. മോദിയാണ് വിലപ്പെട്ട നേതാവെന്ന നിലക്ക് തന്നെയായിരുന്നു പ്രചാരണങ്ങള്‍. ഒരിടത്തും നിതീഷിനെ മുന്നില്‍ നിര്‍ത്തിയില്ല. പോസ്റ്ററുകളില്‍ പോലും മോദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിതീഷിനെ വെറുത്തുകൊള്ളൂ, പക്ഷേ മോദി കേമനാണ്, മോദി രക്ഷിക്കും എന്ന് തന്നെയായിരുന്നു ബി ജെ പിയുടെ പ്രചാരണത്തിന്റെ ആത്യന്തികമായ പൊരുളും സത്തയും.
ദേശീയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുണ്ട്. കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ചണ്ഡിഗഢ്, യു പി എന്നിങ്ങനെ ഒരോട്ട പ്രദക്ഷിണം നടത്തിയാല്‍ കോണ്‍ഗ്രസ് സാന്നിധ്യം എവിടെയും കാണാം. പക്ഷേ, ആര്‍ ജെ ഡിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് അര്‍ഹിക്കുന്നതിലധികം സീറ്റുകള്‍ വിലപേശി വാങ്ങിയില്ലേ എന്നൊരു സംശയം സ്വാഭാവികമായും ഉയര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെറും 31 വയസ്സുകാരനായ തേജസ്വി യാദവുമായി സഖ്യം ഉണ്ടാക്കിയത് ഒരു വലിയ വിജയം തന്നെയെന്ന് കാണാമെങ്കിലും കോണ്‍ഗ്രസിന്റെ നാണംകെട്ട പ്രകടനമാണ് മഹാസഖ്യത്തിന് വിനയായതെന്നത് വസ്തുത മാത്രമാണ്. കോണ്‍ഗ്രസ് ഒരു പത്ത് സീറ്റുകളെങ്കിലും കൂടി നേടിയിരുന്നെങ്കില്‍ കാലത്ത് തന്നെ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനത്തോട് അടുക്കുമായിരുന്നു.
ബി ജെ പിക്കെതിരെ ഒരു സംയുക്ത പ്രതിപക്ഷ നിര കെട്ടിപ്പടുക്കുക മാത്രമാണ് രാജ്യത്ത് ഹിന്ദുത്വ ശക്തികളെ തോല്‍പ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് ബിഹാര്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജനതയെ പഠിപ്പിക്കുന്നു. രാജ്യത്തിനും ഇവിടുത്തെ പ്രതിപക്ഷത്തിനും മുന്നില്‍ ബിഹാറിലെ ജനത ഒരു ബിഹാര്‍ മോഡല്‍ രാഷ്ട്രീയം അവതരിപ്പിക്കുകയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ആര്‍ ജെ ഡിയോടൊപ്പം കൈകോര്‍ത്ത് നിന്നപ്പോള്‍ അത് വലിയൊരു ശക്തിയായി മാറി. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണം കൈയാളിയിരുന്ന രാഷ്ട്രീയ സഖ്യത്തെയാണ് തേജസ്വിയുടെ തീക്ഷ്ണ യൗവനം വെല്ലുവിളിച്ചത്. ഈ തിരഞ്ഞെടുപ്പിലൂടെ തേജസ്വി ഒരു സുവര്‍ണ താരമായി ഉദിച്ചുയരുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടത് രാജ്യത്ത് മോദിയെയും അമിത് ഷായെയും യോഗിയെയും വെല്ലുവിളിക്കാന്‍ കരുത്തും തന്റേടവുമുള്ള നേതൃത്വത്തെയാണ്. ഇടതുപക്ഷം നെടുംതൂണ്‍ തന്നെയായിരിക്കുമെന്ന് തെളിയിച്ചിരിക്കുന്നു. പക്ഷേ, മായാവതി വഴിതെറ്റിക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനെ ശത്രുവാക്കി കഴിഞ്ഞു മായാവതി. ദളിത് വിഭാഗങ്ങളുടെ നേതാവെന്ന് അവകാശപ്പെട്ട് രാഷ്ട്രീയം കളിക്കുന്ന മായാവതി ബിഹാറില്‍ വേറിട്ട് മത്സരിച്ച് എങ്ങുമെത്താതെ പോകുകയായിരുന്നു. ഇനി സ്വന്തം തട്ടകമായ യു പിയില്‍ എങ്ങനെ കളിക്കണമെന്ന കണക്കുകൂട്ടലിന്റെ ഭാഗമായി തന്നെയായിരുന്നു മായാവതിയുടെ ബിഹാര്‍ നീക്കങ്ങള്‍. ഇതൊക്കെയും കോണ്‍ഗ്രസിനും പാഠമാകേണ്ടതാണ്, ഒറ്റക്ക് മത്സരിച്ച എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും.