Articles
ബിഹാര്‍ ഫലം: ഭയവും പ്രതീക്ഷയും
ചൊവ്വാഴ്ച രാത്രിയോടെയാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണമായി പുറത്തുവരുന്നത്. കൃത്യം പറഞ്ഞാല്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷം മാത്രമാണ് ബിഹാറില്‍ എന്‍ ഡി എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുന്നുവെന്ന് രാജ്യത്തിന് വ്യക്തമായത്. ആകെയുള്ള 243 സീറ്റില്‍ 125 സീറ്റുകളാണ് ഭരണകക്ഷിയായ എന്‍ ഡി എക്ക് ലഭിച്ചത്. അതേസമയം, മികച്ച പ്രതിപക്ഷമാകാനുള്ള ആള്‍ബലം തേജസ്വി യാദവും കൈവശം വെച്ചിട്ടുണ്ട്. 110 നിയമസഭാ സീറ്റുകളാണ് തേജസ്വിയുടെ നേതൃത്വത്തിലുള്ള യുവനിര നയിച്ച മഹാസഖ്യം നേടിയത്.
മത്സരിച്ച പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന കേവലമായ ചോദ്യത്തിന്, ആര്‍ ജെ ഡിയും ഇടതുപക്ഷവും ബി ജെ പിയും മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് പറയാം. കോണ്‍ഗ്രസും ജെ ഡി യുവും ദയനീയ പരാജയം ഏറ്റുവാങ്ങി. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും ചിരാഗ് പാസ്വാന്റെ എല്‍ ജെ പിയും തങ്ങളെ തീണ്ടാപാടകലം നിര്‍ത്തിയവരോട് പ്രതികാരം വീട്ടി. ബി ജെ പിയുടെ വിജയമോ മഹാസഖ്യം അധികാരം പിടിക്കുന്നതിന്റെ തൊട്ടു താഴെ വെച്ച് വീണുപോയതോ തേജസ്വിയുടെ മുന്നേറ്റമോ അല്ല ബിഹാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പ്രധാന വിഷയം. സംസ്ഥാനത്ത് എന്‍ ഡി എയിലെ മുഖ്യ പാര്‍ട്ടിയായിരുന്ന ജെ ഡി യുവിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ആലോചനകളാണ് അതിനേക്കാള്‍ മുഖ്യം. അതുപോലെ ബിഹാറില്‍ അധിക സീറ്റ് ചോദിച്ചുവാങ്ങി മതേതര സഖ്യത്തിനു വരുത്തിവെച്ച വിനകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനെ രാജ്യം ഇനി എങ്ങനെ സ്വീകരിക്കാന്‍ പോകുന്നു എന്നതും പ്രധാന ചര്‍ച്ചാ വിഷയമാണ്. ഈയൊരു തിരഞ്ഞെടുപ്പോടുകൂടി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഭാവി അനിശ്ചിതത്വത്തിലായിട്ടുണ്ട്. സംഘടനാ ശേഷി പോലും നഷ്ടപ്പെട്ട ഒരു പാര്‍ട്ടിക്ക് 70 സീറ്റ് മത്സരിക്കാന്‍ നല്‍കിയതില്‍ മുന്നണിക്കും തെറ്റ് സംഭവിച്ചിട്ടുണ്ട്. മത്സരിച്ച 70 സീറ്റില്‍ 19 സീറ്റില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. അപ്പോഴും കോണ്‍ഗ്രസുകാര്‍ പറയുന്ന ന്യായം, വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് പല മണ്ഡലങ്ങളിലും പരാജയപ്പെട്ടതെന്നാണ്. ശരിയായിരിക്കാം. എന്നാല്‍, സംസ്ഥാനത്തുണ്ടായ പ്രതിപക്ഷ മുന്നേറ്റത്തിനൊപ്പം ചുവടുവെക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ സംഘടനകള്‍ അതുകൊണ്ടാണ്, സീറ്റുകള്‍ തങ്ങള്‍ക്ക് തരികയായിരുന്നുവെങ്കില്‍ ജയിപ്പിച്ചു കാണിച്ചു തരാമായിരുന്നുവെന്ന് പറയുന്നത്. 2015ല്‍ 41ല്‍ 27 സീറ്റുകള്‍ നേടിയിരുന്നു കോണ്‍ഗ്രസ്. അന്നുണ്ടായിരുന്ന സംഘടനാ ബലം പോലും കോണ്‍ഗ്രസിനിപ്പോഴില്ല. 70 സീറ്റ് വാങ്ങാന്‍ കാണിച്ച മിടുക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണിച്ചതുമില്ല. രാഹുല്‍ ഗാന്ധിയുടെ ചില ഇടപെടലുകള്‍ ഒഴിച്ചു നിര്‍ത്താം. കോണ്‍ഗ്രസ് സംഘടനാ ശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മുന്നറിയിപ്പ്. വരാനിരിക്കുന്നത് പശ്ചിമ ബംഗാള്‍, തമിഴ്നാട് ഉള്‍പ്പെടെ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാകേണ്ട സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ.് അവിടെ സഖ്യ കക്ഷികള്‍ കോണ്‍ഗ്രസിനെ പാടെ അവഗണിക്കും. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിലും ചരിത്രത്തിലും നിര്‍ണായക ശക്തിയായിരുന്ന കോണ്‍ഗ്രസിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളായി മാറും.
എങ്ങനെയാണ് ബി ജെ പി തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത കേന്ദ്രങ്ങളില്‍ പോലും ഏറ്റവും വലിയ കക്ഷിയായി മാറുന്നതും അധികാരം മുഴുവന്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും എന്നതിനെ കുറിച്ച് പ്രതിപക്ഷം പഠിക്കണം. തങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്കനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്. ബിഹാറില്‍ പൊതുവെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് എല്ലാ സഖ്യങ്ങളിലും മുമ്പന്തിയിലുണ്ടാകുന്നത്. എന്നാല്‍ വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ബി ജെ പി. എന്‍ ഡി എയിലെ ഏറ്റവും വലിയ കക്ഷിയായത്. പദ്ധതി നടപ്പാക്കുകയും അത് പ്രാവര്‍ത്തികമാകാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമാണ് ബി ജെ പിക്കാര്‍. ഇപ്പോള്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനം ജെ ഡി യുവിന്റെ നിതീഷിനു തന്നെ നല്‍കുന്നു. അത് അടുത്തൊരു തിരഞ്ഞെടുപ്പ് വരെ മാത്രമാണ്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെച്ച് നല്‍കിയിരുന്നത് ജെ ഡി യു ആയിരുന്നെങ്കില്‍ 2025ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയായിരിക്കും എന്‍ ഡി എയില്‍ സീറ്റ് വീതം വെച്ച് നല്‍കുക. എന്നാല്‍ കാലുമാറ്റത്തിന്റെ ആശാനായ നിതീഷിനു മുന്നില്‍ ബി ജെ പി പ്രയോഗിക്കാന്‍ പോകുന്ന തന്ത്രം എന്താണെന്ന് കാത്തിരുന്നു കാണേണ്ടി വരും.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നേടാനായില്ലെങ്കിലും തിളങ്ങി നില്‍ക്കുന്നത് ആര്‍ ജെ ഡിയുടെ തേജസ്വി യാദവാണ്. 243 അംഗ നിയമസഭയില്‍ 75 സീറ്റുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പാര്‍ട്ടിയെ മാറ്റി. പിതാവ് ലാലു പ്രസാദ് യാദവിന്റെ പിന്തുണയില്ലാതെയാണ് ഈ യുവ നേതാവ് ജനവിധി തേടിയത്. നിതീഷിന്റെ മേധാവിത്വത്തിന് തിരിച്ചടി നല്‍കിയാണ് സംസ്ഥാനത്തെ മികച്ച നേതാവായി തേജസ്വി മാറിയിരിക്കുന്നത്. ബിഹാറിന്റെ മണ്ണില്‍ യുവ രാഷ്ട്രീയം ആഴ്ന്നിറങ്ങാന്‍ പോകുകയാണ് എന്നര്‍ഥം. വോട്ട് വിഹിതം പരിശോധിക്കുകയാണെങ്കിലും തേജസ്വിയുടെ ആര്‍ ജെ ഡി തന്നെയാണ് മുന്നില്‍. 23.1 ശതമാനം വോട്ടുകളാണ് അവര്‍ നേടിയത്. ബി ജെ പിക്ക് 19.5 ശതമാനം ലഭിച്ചു. ജെ ഡി യുവിന് 15.4, കോണ്‍ഗ്രസിന് 9.48 എന്നിങ്ങനെയാണ് വോട്ട് ഷെയര്‍. സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരാണ് കൂടുതലായും നിതീഷിനും മോദിക്കും അനുകൂലമായി വോട്ട് ചെയ്തതെന്നാണ് വിലയിരുത്തല്‍. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പിന്റെ പെട്ടി തുറന്നപ്പോഴാണ് എന്‍ ഡി എ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ രണ്ട് തവണയും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലായിരുന്നു. മൂന്നാം ഘട്ടത്തില്‍ സ്ത്രീകളുടെ വോട്ടിംഗ് ശതമാനം 65.5ഉം രണ്ടാം തവണ 58.8ഉം ആയിരുന്നു. രണ്ട് തവണയും വനിതകളുടെ വോട്ടിന്റെ എണ്ണം പുരുഷന്‍മാരേക്കാള്‍ കൂടുതലായിരുന്നു. മൂന്നാം ഘട്ടത്തില്‍ സ്ത്രീ-പുരുഷ വോട്ടര്‍മാര്‍ തമ്മിലുള്ള വോട്ടിംഗില്‍ 11 ശതമാനം വ്യത്യാസം ഉണ്ടായിരുന്നു. രണ്ടാം ഘട്ടത്തില്‍ അത് ആറ് ശതമാനമായിരുന്നു. ഒന്നാം ഘട്ടത്തില്‍ നേരേ തിരിച്ചായിരുന്നു സ്ത്രീ- പുരുഷ വോട്ടിംഗ് നില. 56.8 ശതമാനം പുരുഷന്‍മാരും 54.4 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. മൂന്ന് ഘട്ടത്തിലുമായി 59.69 ശതമാനം സ്ത്രീകള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ 54.68 ശതമാനം പുരുഷന്‍മാര്‍ മാത്രമേ വോട്ടെടുപ്പിന്റെ ഭാഗമായുള്ളൂ. യുവ വോട്ടര്‍മാര്‍ തേജസ്വിക്കൊപ്പം നിലയുറപ്പിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ഗീയ പ്രസംഗങ്ങളും നിതീഷിന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന ഇമോഷനല്‍ ബ്ലാക്ക് മെയ്‌ലിംഗും രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകളെ സ്വാധീനിച്ചിട്ടുണ്ട്.
ഇടതുപക്ഷ മുന്നണി സംസ്ഥാനത്ത് നേടിയ വിജയമാണ് ബിഹാര്‍ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന മറ്റൊരു കാര്യം. ബിഹാര്‍ നിയമസഭയിലേക്ക് ഇടതുപക്ഷത്തിന്റെ 15ല്‍ കൂടുതല്‍ എം എല്‍ എമാര്‍ എത്തുന്നത് രണ്ടര ദശകത്തിന് ശേഷമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലെനിന്‍ ഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായിയില്‍ മത്സരിച്ച നാല് സീറ്റും അവര്‍ പിടിച്ചു. 2015ല്‍ മൂന്ന് സീറ്റില്‍ ഒതുങ്ങിയ സി പി ഐ എം എല്‍ ഇത്തവണ 19ല്‍ 12 സീറ്റിലും വിജയിച്ചു. സി പി എം നാലില്‍ രണ്ടും സി പി ഐ ആറില്‍ രണ്ടും സീറ്റ് നേടി. മാഞ്ചിയില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. സത്യേന്ദ്ര യാദവ് സ്വതന്ത്രന്‍ റാണാപ്രതാപ് സിംഗിനെ തോല്‍പ്പിച്ചത് 25000ത്തിലേറെ വോട്ടിനാണ്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം അജയ് കുമാര്‍ ബിഭൂതിപ്പൂരില്‍ വിജയിച്ചു. ഇടതുപക്ഷത്തിന് രാജ്യത്ത് സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. എങ്ങനെയായിരുന്നാലും ജനാധിപത്യ ഇന്ത്യക്ക് ഭയം നല്‍കുന്ന രണ്ട് കാര്യങ്ങളാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഒന്ന് ബി ജെ പിയുടെ വലിയ വളര്‍ച്ചയാണ്. രണ്ടാമത്തേത് കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും.