Articles
നന്മയുടെ പക്ഷത്ത് ചേര്‍ന്നു നില്‍ക്കാം
ധാര്‍മിക രംഗത്തെ മൂല്യശോഷണം കൂടിവരികയാണ്. പോഷക ധന്യമായ ഭക്ഷണത്തിനു പകരം കേവല രുചിയാണിന്ന് ട്രെന്‍ഡ്. ഇത് രോഗാതുരമായ സമൂഹത്തെ സൃഷ്ടിക്കുന്നു. ഇതിന് സമാനമാണ് സാമൂഹിക ജീവിതക്രമത്തിലെ മാറ്റങ്ങളും. മാനുഷിക ഗുണങ്ങളെ നിരാകരിക്കുന്ന തരത്തില്‍ ഭൗതിക താത്പര്യങ്ങള്‍ എല്ലാ രംഗത്തും മാനദണ്ഡങ്ങളായി മാറുന്നു. ധാര്‍മികത പരിഗണനാ വിഷയങ്ങളല്ലാതാകുന്നു.
ആത്മീയ രംഗത്തും വിശ്വാസ രംഗത്ത് പോലും ഈ അപചയം വ്യാപകമായിരിക്കുന്നു. മനുഷ്യന്‍ ആത്മീയമായ അസ്തിത്വമുള്ളവനും അത് കാത്തുസൂക്ഷിക്കേണ്ടവനുമാണ്. ഇതിന് മുന്‍ഗണനയും പ്രേരണയും നല്‍കുന്ന അല്ലാഹുവിന്റെ മതമാണ് ഇസ്‌ലാം. ഇസ്‌ലാമിക പൈതൃകങ്ങളെയും പാരമ്പര്യത്തെയും തമസ്‌കരിച്ച്, വിശ്വാസാനുഷ്ഠാന കാര്യങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തി മതത്തെ കേവല ഭൗതിക പ്രത്യയശാസ്ത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ നടത്തുന്നത് അപകടകരമായ നീക്കങ്ങളാണ്. ഇതിന്റെ പരിണതിയായി മതനിരാസവും അബദ്ധപൂര്‍ണമായ യുക്തിചിന്തകളും വളരുന്നു.
സമൂഹം ദേശ, ദേശാന്തരീയ തലങ്ങളുടെ വ്യത്യാസമില്ലാതെ ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മനുഷ്യാവകാശവും നീതിയും ധര്‍മവും പരക്കെ ചോദ്യം ചെയ്യപ്പെടുന്നു. നീതി നിഷേധവും പാര്‍ശ്വവത്കരണവും വംശവെറിയും മതേതര വിശ്വാസികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയാണ്. വേലി തന്നെ വിള തിന്നുന്നതാണ് അനുഭവം. മനുഷ്യരുടെ, ഭരണീയരുടെ ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും കാവലും സുരക്ഷയും ഉറപ്പു വരുത്തേണ്ട ഭരണകൂടങ്ങള്‍ തന്നെ അരാജകത്വത്തിന് ചൂട്ട് പിടിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അടിക്കടി കേട്ടുകൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതേതര വിശ്വാസികളും പിന്നാക്ക വിഭാഗങ്ങളും സുരക്ഷിതരാണോ? ഭരണകൂട ഭീകരത അതിന്റെ എല്ലാ തേറ്റകളും കാട്ടി അഴിഞ്ഞാടുന്നത് നാം കാണുന്നു. മത ന്യൂനപക്ഷങ്ങളുടെ പൗരത്വം പോലും ഭീഷണി നേരിടുന്നു. മനുഷ്യനും മനുഷ്യത്വത്തിനും തീരെ വിലയും നിലയുമില്ലെന്ന് വന്നിരിക്കുന്നു. രാജ്യവും രാജ്യത്തെ ജനങ്ങളും നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് നിവര്‍ന്നു നില്‍ക്കേണ്ട സമയം അതിക്രമിച്ചുകൊണ്ടേയിരിക്കുന്നു. മതേതരത്വം നേരിട്ടു കൊണ്ടിരിക്കുന്ന ഓരോ തിരിച്ചടികളും തിരിച്ചറിവിന്റെ ഒട്ടേറെ പാഠങ്ങളാണ് പകരുന്നത്. പക്ഷേ, പൊതുസമൂഹത്തിന്റെ പ്രതികരണ ശേഷി എവിടെയോ കൈമോശം വന്നിരിക്കുന്നു. ഇത് നാം സ്വയം കളഞ്ഞു കുളിച്ചതാണോ അതോ ആരെങ്കിലും നമ്മളറിയാതെ തട്ടിപ്പറിച്ചെടുത്തതാണോ?
കുടുംബം തൊട്ട് പ്രാദേശികതലം മുതല്‍ ദേശീയാന്തര്‍ദേശീയ തലങ്ങളില്‍ വരെ മനുഷ്യ പക്ഷത്ത് നിലയുറപ്പിച്ച് നയിക്കാന്‍ കെല്‍പ്പുള്ള നേതൃത്വത്തിന്റെ അഭാവം പ്രകടമായി കാണാം. എന്നുമാത്രമല്ല, രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയകളില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞ് ഞെളിഞ്ഞു നില്‍ക്കുന്നവര്‍ സങ്കുചിത താത്പര്യങ്ങള്‍ക്കു വേണ്ടി ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയും ജനാധിപത്യത്തെ നഗ്നമായി വ്യഭിചരിക്കുകയും ചെയ്യുന്നു. ഏറ്റവുമൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തര്‍ നാടകങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നതായി.
ഗ്രാമ നഗര വ്യത്യാസമില്ലാതെ അധാര്‍മികതയുടെ പിടിയിലമരുന്നത് കാണാതിരുന്നു കൂടാ. അരുതായ്മകളടക്കം സാമാന്യവത്കരിക്കപ്പെടുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഗാര്‍ഹികാന്തരീക്ഷം. അഴിമതിയും സ്വജന പക്ഷപാതവും അനീതിയും ബ്രാന്‍ഡായി മാറിയ രാഷ്ട്രീയം. ഇപ്പോള്‍ കേളികൊട്ടുയര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ പിന്നാമ്പുറ വാര്‍ത്തകള്‍ എത്രമാത്രം അപഹാസ്യമല്ല!
ചുരുക്കത്തില്‍ എല്ലാ രംഗത്തും ഒരു തിരിഞ്ഞു നടത്തം അനിവാര്യമായിരിക്കുന്നു. ഒഴുക്കിനെതിരെ നീന്താന്‍ ആര്‍ജവമുള്ള നേതൃത്വത്തെയും മാനുഷിക മൂല്യങ്ങള്‍ മാനദണ്ഡമാക്കി തിരിച്ചറിവോടെ മുന്നേറുന്ന ഒരു ജനതയെയുമാണ് രാജ്യത്തെ ബഹുസ്വര സമൂഹം ആവശ്യപ്പെടുന്നത്. ഇന്ത്യ ഒരു പ്രത്യേക മതത്തിന്റെയോ വര്‍ഗത്തിന്റെയോ മാത്രമല്ല. എണ്ണമറ്റ വൈജാത്യങ്ങള്‍ ഒന്നായി ച്ചേര്‍ന്ന മഹത്തരമായ ഒരാശയത്തിന്റെ പേരാണല്ലോ ഇന്ത്യ. അത് നിലനില്‍ക്കാന്‍ ജീവത്യാഗം ചെയ്തവരാണ് നമ്മുടെ പൂര്‍വികര്‍. അക്കൂട്ടത്തില്‍ ഈ രാജ്യത്തിന്റെ ജീവഘടകങ്ങളായ എല്ലാ വിഭാഗങ്ങളുമുണ്ടായിരുന്നു. രാഷ്ട്ര നിര്‍മിതിയിലും അതിന്റെ പൈതൃക സൂക്ഷിപ്പിലും നിസ്തുല പങ്ക് വഹിച്ചവരാണ് മുസ്‌ലിം നായകരും അവരെ പിന്‍പറ്റിയ ആബാലവൃദ്ധം സാധാരണക്കാരും. മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ആലി മുസ്‌ലിയാരും അടക്കമുള്ള മുസ്‌ലിം നവോത്ഥാന നായകരെല്ലാം ഒരേ സമയം ആത്മീയ നേതാക്കളും പണ്ഡിതരും ധീര ദേശാഭിമാനികളുമായിരുന്നു. ബഹുസ്വര സമൂഹത്തിലെ ക്രിയാത്മകമായ ഇടപെടലുകള്‍ എങ്ങനെയാകണമെന്ന് അവര്‍ പകര്‍ന്നു തന്നിട്ടുണ്ട്. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ടും, അധിനിവേശ ശക്തികള്‍ക്ക് ദാസ്യവേല ചെയ്തും ഒറ്റുകാരായി പ്രവര്‍ത്തിച്ചും നവോത്ഥാനക്കുപ്പായം എടുത്തണിയാന്‍ ശ്രമിച്ചവരെ പ്രതിരോധിച്ചു കൊണ്ടുമാണ് വരക്കല്‍ മുല്ലക്കോയ തങ്ങളടക്കമുള്ളവര്‍ ചേര്‍ന്ന് 1926ല്‍ സമസ്ത പണ്ഡിത സഭക്കും പ്രസ്ഥാനത്തിനും രൂപം നല്‍കിയത്. ആ അടിസ്ഥാന ലക്ഷ്യത്തില്‍ നിലയുറപ്പിച്ചു കൊണ്ടുള്ള മുന്നേറ്റം ഇന്നും അതിശീഘ്രം തുടരുകയാണ്. സമുദായത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ സര്‍വതോന്മുഖമായ പുരോഗതിയില്‍ അനല്‍പ്പവും അനിഷേധ്യവുമായ ഭാഗധേയമാണ് സുന്നി പ്രസ്ഥാനത്തിനുള്ളത്. മതനവീകരണ വാദികള്‍ സമൂഹത്തെ ഭൗതികതയിലേക്കും തീവ്രവാദത്തിലേക്കും വഴി തിരിച്ചുവിട്ടപ്പോള്‍ രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുന്ന, തീര്‍ത്തും മതേതരവാദികളായ ഒരാത്മീയ സമൂഹത്തെ രാജ്യത്തിന് സംഭാവന ചെയ്യുകയാണ് സുന്നി സംഘശക്തി.
1945ലെ സമസ്തയുടെ കാര്യവട്ടം സമ്മേളനത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1954ല്‍ താനൂര്‍ സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം രൂപവത്കൃതമായി. യുവജന അജന്‍ഡകള്‍ക്കൊപ്പം പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായും എസ് വൈ എസ് അറുപതാണ്ട് പ്രവര്‍ത്തിച്ചു. 2015ലെ 60ാം വാര്‍ഷിക സമ്മേളന അനുബന്ധമായി, വളര്‍ച്ചയില്‍ പരമോന്നത ചുവടുകള്‍ താണ്ടിയ സംഘശക്തിയുടെ പുനഃക്രമീകരണ നടപടികള്‍ ചര്‍ച്ചക്കുവെച്ചു. ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ പ്രാസ്ഥാനിക രംഗത്ത് സമൂലമായ മാറ്റങ്ങള്‍ മുന്നോട്ടുവെച്ചു. തുടര്‍ന്നാണ് ബഹുജന ഘടകമായി കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരിക്കപ്പെടുന്നതും എസ് വൈ എസ് സമ്പൂര്‍ണമായി പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായും സമരമുഖമായും പുനര്‍നിര്‍ണയം ചെയ്യുന്നതും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കാന്‍ വിധിക്കപ്പെട്ട സമുദായത്തെ വൈജ്ഞാനികമായും ധാര്‍മികമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി 1973ല്‍ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗം രൂപം കൊണ്ടു. ഇപ്പോള്‍ എല്ലാ ഘടകങ്ങളും സംരംഭങ്ങളും സംവിധാനങ്ങളും പ്രസ്ഥാന മുഖമെന്ന നിലയില്‍ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ഒരു കുടക്കീഴില്‍ സുഭദ്രമാണ്.
പണ്ഡിത സഭയുടെ നിയന്ത്രണത്തില്‍ ജനകീയാടിത്തറയുള്ള ബഹുജന, യുവജന, വിദ്യാര്‍ഥി സംഘടനകളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മാനേജ്‌മെന്റ് അസോസിയേഷന്‍, ബാലസംഘം തുടങ്ങിയ പോഷക ഘടകങ്ങളും ഓള്‍ ഇന്ത്യാ എജ്യുക്കേഷനല്‍ ബോര്‍ഡ്, ജാമിഅതുല്‍ ഹിന്ദ് തുടങ്ങിയ വിദ്യാഭ്യാസ സംവിധാനങ്ങളും അടങ്ങുന്നതാണ് സുന്നി പ്രസ്ഥാനം. മര്‍കസ്, സഅദിയ്യ, മഅ്ദിന്‍ തുടങ്ങിയ വലുതും ചെറുതുമായ വൈജ്ഞാനിക സമുച്ഛയങ്ങളും ആയിരക്കണക്കിന് പള്ളികളും മദ്‌റസകളും പ്രസ്ഥാനത്തിന്റേതായുണ്ട്. സിറാജ് പ്രസ്ഥാനത്തിന്റെ മുഖപത്രമാണ്. സുന്നി വോയ്‌സ്, രിസാല, സുന്നത്ത് തുടങ്ങിയ ആനുകാലികങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. റീഡ് പ്രസ്സും ഐ പി ബിയുമാണ് പ്രസിദ്ധീകരണാലയങ്ങള്‍. വിശുദ്ധ ഹജ്ജിനും ഉംറക്കും സ്വകാര്യ മേഖലയില്‍ അവസരമൊരുക്കി തുടക്കം കുറിച്ച എസ് വൈ എസ് ഹജ്ജ് സെല്‍ മൂന്നര പതിറ്റാണ്ടുകാലമായി ഈ രംഗത്ത് മാതൃകാ സേവനം ചെയ്യുന്നു. കേരളത്തിലെ ധാര്‍മിക മുന്നേറ്റം മാതൃകയാക്കി രാജ്യത്താകമാനം വ്യവസ്ഥാപിതമായ സംഘ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന് പുറത്ത് പ്രവാസികള്‍ക്കിടയില്‍ ബഹുജന മുഖമായി ഐ സി എഫും സാംസ്‌കാരിക ഘടകമായി ആര്‍ എസ് സിയും പ്രവര്‍ത്തിക്കുന്നു.
പ്രസ്ഥാനം അതിന്റെ പ്രയാണ വഴിയില്‍ പുതിയ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി മുന്നേറുകയാണ്. പ്രസ്ഥാനത്തിന്റെ പിന്നിട്ട പ്രവര്‍ത്തന കാലയളവ് സംഭവ ബഹുലമായിരുന്നു, വിശേഷിച്ചും കൊവിഡ് മഹാമാരിയുടെ വ്യാപന ഭീതിയില്‍ നാട്ടിലും വിദേശ രാജ്യങ്ങളിലുമുള്ളവര്‍ പകച്ചുനിന്ന ആശങ്കയുടെ നാളുകളില്‍. ലോക വ്യാപകമായി ലോക്ക്ഡൗണായപ്പോള്‍ അവശ്യ സാധനങ്ങള്‍ക്കും അന്നത്തിനും മരുന്നിനും അകലങ്ങളിലുള്ളവര്‍ നാടണയാനുമൊക്കെ പ്രയാസപ്പെട്ട സമയം സാന്ത്വന സേവന ജീവകാരുണ്യ രംഗത്തേക്ക് മറ്റെല്ലാം മാറ്റി വെച്ച് എടുത്തു ചാടേണ്ട ഘട്ടമായിരുന്നു. മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനത്തിന്റെ ജനകീയ ഘടകങ്ങളുടെ കീഴില്‍ നാട്ടിലും ഐ സി എഫിന്റെ നേതൃത്വത്തില്‍ പ്രവാസ ലോകത്തും അതതിടങ്ങളിലെ ഭരണകൂടങ്ങളുമായി സഹകരിച്ച് നിസ്തുലമായ ജീവകാരുണ്യ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഈ ഘട്ടത്തില്‍ അഞ്ച് മാസം കൊണ്ട് അഞ്ച് വര്‍ഷത്തെ സേവന ദൗത്യം നിര്‍വഹിച്ചുവെന്നാണ് പ്രസ്ഥാന കുടുംബം വിലയിരുത്തിയത്. ആദര്‍ശ രംഗത്തും മറ്റു മേഖലകളിലും ഒട്ടേറെ സേവനങ്ങള്‍ കാഴ്ചവെച്ച് പ്രതിസന്ധികള്‍ക്കിടയിലും പ്രസ്ഥാനം സമൂഹത്തിന്റെ മുന്നില്‍ നടന്നു.
ഇപ്പോള്‍ ഈ മാസം ഒന്ന് മുതല്‍ പ്രസ്ഥാനത്തിന്റെ അംഗത്വ കാലമാണ്. 30 വരെ നീളുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഭാഗമായി ഇന്ന് (നവംബര്‍ 13, വെള്ളി) മെമ്പര്‍ഷിപ്പ് ഡേ ആയി ആചരിക്കുന്നു. പ്രാദേശിക യൂനിറ്റ് ഘടകങ്ങളില്‍ സംവിധാനിക്കുന്ന കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് പതിനായിരങ്ങളെ പ്രസ്ഥാനത്തിന്റെ കുടുംബത്തില്‍ അണിചേര്‍ക്കും. മൂന്ന് ജനകീയ ഘടകങ്ങളും അവയെ അന്വര്‍ഥമാക്കുന്ന ശ്രദ്ധേയമായ മൂന്ന് പ്രമേയങ്ങളാണ് ക്യാമ്പയിനിനോടനുബന്ധിച്ച് മുന്നോട്ടു വെക്കുന്നത്. “നന്മയുടെ പക്ഷത്ത് ചേര്‍ന്നു നില്‍ക്കാം” എന്നതാണ് നേതൃ ഘടകമായ മുസ്‌ലിം ജമാഅത്തിന്റെ പ്രമേയം.
ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം
മനുഷ്യ ജീവിതത്തിലെ സുപ്രധാനമായ ഘട്ടമാണ് യൗവനം. ആരോഗ്യവും പ്രസരിപ്പും കര്‍മശേഷിയുമുള്ള കാലം. ഇന്നേക്കും നാളേക്കും വേണ്ടതെല്ലാം സമ്പാദിക്കാനുള്ള കാലമാണിത്. വിവേകമുള്ള മനുഷ്യന്‍ അഞ്ച് കാര്യങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. അതിലൊന്ന് വാര്‍ധക്യം വരുന്നതിന് മുമ്പുള്ള യുവത്വ കാലമാണെങ്കില്‍ മറ്റൊന്ന് അനാരോഗ്യം പിടിപെടുന്നതിന് മുമ്പുള്ള ആരോഗ്യ കാലമാണ്. ഇതും യൗവനവുമായി ബന്ധപ്പെട്ടതാണ്.
ജീവിതം ഒരു സമരമാണ്. നിരന്തര പോരാട്ടങ്ങളിലൂടെയും പ്രതിരോധത്തിലൂടെയും മാത്രമേ മനുഷ്യന് ലക്ഷ്യത്തിലെത്താന്‍ കഴിയൂ. സമരസജ്ജമായ യുവതക്ക് രാഷ്ട്ര നിര്‍മാണത്തിലും സാമൂഹിക നിര്‍മിതിയിലും ധാര്‍മികതയുടെ പുനഃസൃഷ്ടിയിലും പങ്കുവഹിക്കാനാകും.
നശ്വരമായ ഈ ഭൗതിക ലോകം പ്രലോഭനങ്ങളുടേതും പ്രകോപനങ്ങളുടേതുമാണ്. അധാര്‍മികതയുടെ ചതിക്കുഴികളും അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞതാണീ ലോകം. അപകടങ്ങള്‍ മണത്തറിയാനും കരുതലോടെ കാലുറപ്പിച്ച് മുന്നോട്ട് നീങ്ങാനുമുള്ള ആര്‍ജവമാണ് യുവത്വം സ്വന്തമാക്കേണ്ടത്. യൗവനത്തിന്റെ ചാപല്യങ്ങളെ അവഗണിക്കാനും മറികടക്കാനുമുള്ള കരളുറപ്പും നെഞ്ചൂക്കും കൈമുതലാക്കണം. ഇതിനായി മനസ്സിനെ പാകപ്പെടുത്തണം. സ്വന്തത്തെക്കുറിച്ചുള്ള നിതാന്ത ജാഗ്രതയിലൂടെ മാത്രമാണിത് സാധ്യമാകുക. അധാര്‍മികതക്കെതിരെ സമരോത്സുകമായ ഒരു യുവതയെ പാകപ്പെടുത്തുകയാണ് എസ് വൈ എസ്.
ഇന്‍ക്വിലാബ്: വിദ്യാര്‍ഥികള്‍ തന്നെയാണ് വിപ്ലവം
ചരിത്രത്തിലെ ഒട്ടേറെ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥിത്വം ഷണ്ഠീകരിക്കപ്പെട്ടു കൂടാ. അവര്‍ നാളെയുടെ നായകരാണ്. വിദ്യാര്‍ഥിത്വത്തെ നിഷ്‌ക്രിയമാക്കാനും പല തരം ചാപല്യങ്ങളുടെ അടിമകളാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പ്രതികരണ ശേഷിയെ ഇരുട്ടിന്റെ ശക്തികള്‍ക്കെന്നും ഭയമാണ്. അത് തല്ലിക്കെടുത്താനും വഴിതിരിച്ചുവിടാനും നീക്കങ്ങളും വ്യാപകമാണ്. പൗരത്വ വിഷയത്തില്‍ രാജ്യത്താകെ കത്തിപ്പടര്‍ന്ന, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ എല്ലാ സമരങ്ങളിലും വിദ്യാര്‍ഥികളുടെ ഇടപെടലുകള്‍ ഭരണകൂടങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അനീതിക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവരെ പിടിച്ചുകെട്ടാനുള്ള നീക്കങ്ങളില്‍ വിദ്യാര്‍ഥികളും ഇരകളാകുന്നത് തുടര്‍ക്കഥകളാകുന്നു.
എസ് എസ് എഫ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വേറിട്ടൊരു സംസ്‌കാരം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രതികരണ ശേഷിയെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ പരിശീലിപ്പിച്ചു. കേരളത്തിലെ ക്യാമ്പസുകളിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇന്ന് എസ് എസ് എഫ് വളര്‍ത്തിയെടുത്ത വേറിട്ട ഈ സംസ്‌കാരം പ്രകടമാണ്. “ധാര്‍മിക വിപ്ലവം സിന്ദാബാദ്” എന്ന മുദ്രാവാക്യം അടിസ്ഥാന തത്വമായി ഉയര്‍ത്തിപ്പിടിക്കുകയും സധൈര്യം വിളിച്ചു പറയുകയും ചെയ്യുന്ന സുന്നി വിദ്യാര്‍ഥി സംഘടന അംഗത്വ കാല പ്രവര്‍ത്തന വേളയില്‍ “ഇന്‍ക്വിലാബ്: വിദ്യാര്‍ഥികള്‍ തന്നെയാണ് വിപ്ലവം” എന്ന പ്രമേയമാണ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.
ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശ ധാരയായ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശാടിത്തറയില്‍ ഊന്നിനിന്നുകൊണ്ടാണ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മതത്തിന്റെ പേരില്‍ വിശ്വാസ വൈകല്യങ്ങള്‍ പ്രചരിപ്പിക്കുകയും മതമൂല്യങ്ങളെ സമൂഹ മധ്യേ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നവീന വാദികളെ പ്രതിരോധിച്ചും സമൂഹത്തിന്റെയും സമുദായത്തിന്റെയും മുഖ്യധാരയില്‍ ജനകീയാടിത്തറ നിലനിര്‍ത്തിയും പ്രയാണം ചെയ്യുകയാണ് പ്രസ്ഥാനം. വര്‍ത്തമാനകാല സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് വര്‍ധിത വീര്യത്തോടെയും 25 ശതമാനം അംഗത്വ വര്‍ധന ലക്ഷ്യം വെച്ചുമാണ് ഇത്തവണത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും അനുബന്ധ കര്‍മ പരിപാടികളും.
(പ്രസ്ഥാനത്തിന്റെ മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്‍ട്രല്‍ റീ ഓര്‍ഗനൈസേഷന്‍ ഡയറക്ടറേറ്റ് ചീഫാണ് ലേഖകന്‍)