Connect with us

Articles

ബിഹാർ: ഈ പതനം നിതീഷ് അർഹിക്കുന്നു

Published

|

Last Updated

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ബി ജെ പിയുടെ പോൾ മാനേജ്‌മെന്റിന്റെ സമ്പൂർണ വിജയമാണ് അടയാളപ്പെടുത്തുന്നത്. ബി ജെ പിക്ക് കൂടുതൽ സീറ്റ് കിട്ടി എന്നത് കൊണ്ടു മാത്രമല്ല അത്. മറിച്ച് നിതീഷ് കുമാറിനെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുതകുന്ന ഫലം തന്നെ ഉണ്ടായി എന്നതാണ് പ്രധാനം. അധികാരം ലഭിച്ചു, എന്നാൽ നിതീഷിന്റെ പാർട്ടിയായ ജെ ഡി യുവിന് സീറ്റ് കൂടുതൽ കിട്ടിയില്ല. എൻ ഡി എയിൽ വിലപേശൽ ശക്തി മുഴുവൻ കേന്ദ്രീകരിക്കപ്പെടുന്ന നിലയിലുള്ള സീറ്റ് ബി ജെ പിക്ക് ലഭിക്കുകയും ചെയ്തു. ഒരർഥത്തിൽ നിതീഷ് കുമാർ ഇത് അർഹിച്ചത് തന്നെയാണ്. ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നെറികെട്ട രാഷ്ട്രീയ വഞ്ചനകളും കളം മാറലുകളും നടത്തിയ നിതീഷിന് ഇങ്ങനെയൊരു പതനം കാലത്തിന്റെ കാവ്യ നീതിയായേ കാണാനാകൂ. ഇന്ന് എൻ ഡി എ അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കുമ്പോൾ നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ച് പറയാൻ ജെ ഡി യുവിന് പോലും സാധിക്കുന്നില്ല. മുഖ്യമന്ത്രിപദം അവകാശപ്പെടുന്നില്ലെന്നാണ് നിതീഷ് പ്രതികരിച്ചത്.

ബി ജെ പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും അതിന് ശക്തി പോര. ബി ജെ പി നേതാക്കൾ, മുകളിൽ നരേന്ദ്ര മോദി മുതൽ, താഴെ സുശീൽ കുമാർ മോദി വരെയുള്ളവരുടെ പ്രതികരണം കേട്ടുനോക്കൂ. നിതീഷ് കുമാർ സർക്കാറിന് ജനം തുടർച്ച തന്നുവെന്ന് ഇവരാരും പറയുന്നില്ല. മറിച്ച് കേന്ദ്ര സർക്കാറിന്റെ വികസന നേട്ടത്തിനുള്ള അംഗീകാരമെന്നാണ് ഹൈലൈറ്റ്. മോദിയുടെ പ്രചാരണത്തിന്റെ വിജയമായാണ് വ്യാഖ്യാനങ്ങൾ നിറയുന്നത്.

നിതീഷ് വല്ലാതെ മെലിഞ്ഞിരിക്കുന്നു. ഏത് ശത്രുവിന് വേണമെങ്കിലും അദ്ദേഹത്തെ വെല്ലുവിളിക്കാം. നാല് സീറ്റ് മാത്രമുള്ള ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച് എ എം) അത് ചെയ്യുന്നുണ്ട്. നിതീഷ് മന്ത്രിസഭയിൽ ചേരില്ലെന്നാണ് എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ജി പറഞ്ഞത്. പ്രത്യക്ഷത്തിൽ മന്ത്രിപദവി വേണ്ടെന്ന് വെക്കുന്ന വിശാല മനസ്‌കതയാണെന്ന് തോന്നും. കാര്യമതല്ല. നിതീഷ് മുഖ്യമന്ത്രിയാകേണ്ടതില്ല എന്ന് തന്നെയാണ് അർഥം. 125 സീറ്റ് മാത്രമുള്ള എൻ ഡി എയിൽ നാല് എം എൽ എമാർ മാഞ്ജിയുടേതാണല്ലോ. അദ്ദേഹം ഇടഞ്ഞ് നിന്നാൽ അംഗബലം 121 ആകും. സർക്കാറുണ്ടാക്കാൻ 122 പേർ വേണം. ചിത്രം വ്യക്തമാണ്. പണ്ട് നിതീഷ് കുമാർ പാർട്ടിയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ട ജിതൻ റാം മാഞ്ജിയുടെ കാരുണ്യം വേണം നിതീഷിന് മുഖ്യമന്ത്രിയാകാൻ. ഇനി അഥവാ പ്രശ്‌നങ്ങളെല്ലാം ഒന്ന് ഒതുക്കി മുഖ്യമന്ത്രിയായാൽ തന്നെ സ്വൈരമുണ്ടാകില്ല. അതുകൊണ്ട് കാലാവധി തികക്കാൻ നിതീഷ് കാത്തു നിൽക്കില്ല. കൂടുവിട്ട് കൂടുമാറലും കുതികാൽ വെട്ടും എമ്പാടുമുണ്ടാകും. അസ്ഥിരമായ അവസ്ഥയിലേക്കാണ് ബിഹാർ സഞ്ചരിക്കുന്നത്.

2000 ത്തിലാണ് നിതീഷ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. എൻ ഡി എയിലായിരുന്നു അന്ന്. 324 അംഗ സഭക്കകത്ത് ഭൂരിപക്ഷം തെളിയിക്കാൻ എൻ ഡി എക്ക് കഴിയാതായതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ രാജിവെച്ച് ഇറങ്ങേണ്ടിവന്നു. 2005ലായിരുന്നു രണ്ടാമൂഴം. ഝാർഖണ്ഡ് ബിഹാറിൽ നിന്ന് വേർപെട്ട് പുതിയ സംസ്ഥാനമായതോടെ 243 അംഗ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 88 സീറ്റിൽ വിജയിച്ച് ജെ ഡി യുവും 55 സീറ്റിൽ വിജയിച്ച ബി ജെ പിയും ചേർന്ന് നിതീഷിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചു. അങ്ങനെ അഞ്ച് വർഷം പൂർത്തിയാക്കി. പിന്നീട് 2010ൽ നടന്ന തിരഞ്ഞെടുപ്പിൽ ജെ ഡി യു റെക്കോർഡ് ഭൂരിപക്ഷം നേടി. നിതീഷ് “സുശാസൻ ബാബു”വായി. 206 സീറ്റുകളാണ് ഇക്കുറി എൻ ഡി എ സഖ്യം കരസ്ഥമാക്കിയത്. 141 ഇടങ്ങളിൽ മത്സരിച്ച ജെ ഡി യു 115 സീറ്റുകളിലാണ് വിജയിച്ചത്. സഖ്യകക്ഷിയായ ബി ജെ പിക്ക് 91 സീറ്റുകളും കിട്ടി. എല്ലാം ഭദ്രം. എന്നാൽ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. ബിഹാർ രാഷ്ട്രീയം തന്നെ ആടിയുലഞ്ഞ തിരഞ്ഞെടുപ്പായിരുന്നു അത്.

2013ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയെയാണ് ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ചെയർമാനാക്കിയത്. ഇതിനെ നിതീഷ് കുമാർ ശക്തമായി എതിർത്തു. മോദിക്ക് ബിഹാറിൽ പ്രചാരണത്തിന് വരാനേ സാധിച്ചില്ല. ഗുജറാത്ത് വംശഹത്യയിൽ കുറ്റാരോപിതനായ ഒരാളുമൊത്ത് വേദി പങ്കിടാനാകില്ലെന്നായിരുന്നു നിതീഷിന്റെ നിലപാട്. പക്ഷേ, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെ ഡി യുവിന് 40ൽ കേവലം രണ്ട് സീറ്റുകളാണ് ലഭിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത നിതീഷ് കസേരയൊഴിഞ്ഞു. തന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന ദളിത് നേതാവ് ജിതൻ റാം മാഞ്ജി മുഖ്യമന്ത്രിയായി. നിതീഷിന്റെ ചൊൽപ്പടിക്ക് കിട്ടും എന്നതായിരുന്നു മാഞ്ജിക്കുള്ള യോഗ്യത. എന്നാൽ മാഞ്ജി ആ യോഗ്യത കാത്തു സൂക്ഷിച്ചില്ല. നിതീഷിനെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിതീഷിന്റെ അന്ത്യശാസനം മാഞ്ജി തള്ളി. പാർട്ടിയിൽ നിന്ന് തന്നെ മാഞ്ജിയെ പുറം തള്ളിയാണ് നിതീഷ് കുമാർ പകരം വീട്ടിയത്.

2015ൽ നിതീഷ് ഒന്നുകൂടി മലക്കം മറിഞ്ഞു. ആർ ജെ ഡി, കോൺഗ്രസ് എന്നീ പാർട്ടികളുമൊത്ത് മഹാസഖ്യം രൂപത്കരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബദ്ധവൈരികളായ ലാലുവും നിതീഷും കൈകോർത്ത അവിശ്വസനീയമായ കാഴ്ച. ഈ തിരഞ്ഞെടുപ്പിൽ ആർ ജെ ഡിയാണ് 101 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ജെ ഡി യു 71 സീറ്റ് നേടി. അങ്ങനെ അഞ്ചാം തവണയും നിതീഷ് മുഖ്യമന്ത്രിയായി. എന്നാൽ, 2016ലെ നോട്ടുനിരോധനത്തെ പിന്തുണച്ച നിതീഷ് അടുത്ത കളം മാറ്റത്തിന് കരുക്കൾ നീക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് നിതീഷ് ബി ജെ പി ക്യാമ്പിൽ തിരിച്ചെത്തി. പണ്ട് തള്ളിപ്പറഞ്ഞ അതേ മോദിയുടെ കൂടെ. ഇപ്പോഴിതാ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകാനിരിക്കുമ്പോൾ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതം വ്യക്തമായ സന്ദേശമായി മുന്നിലുണ്ട്.
കളം മാറ്റങ്ങൾക്ക് ഒരു മടിയും നിതീഷിനില്ല. 43 സീറ്റേ കൈവശമുള്ളൂ. 74 സീറ്റുണ്ട് ബി ജെ പിയുടെ കൈയിൽ. തന്റെ ചിരവൈരി മാഞ്ജിയുടെ കൈയിലാണ് നാല് സീറ്റുള്ളത്. പിന്നെ നാലുള്ളത് വികാസ് ശീൽ ഇൻസാൻ പാർട്ടി (വി ഐ പി)യുടെ കൈയിലാണ്. ആ പാർട്ടിയിൽ ബി ജെ പിയുമായി ബന്ധമില്ലാത്തവരൊക്കെ തോൽക്കുകയായിരുന്നു. ജയിച്ച നാല് പേരും കാവി രാഷ്ട്രീയത്തിന്റെ അടുപ്പക്കാരാണ്. എന്നുവെച്ചാൽ ഈ നാല് സീറ്റും കാവി പാർട്ടിയുടെ കീശയിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ മറ്റ് വഴികൾ നിതീഷ് തേടുമെന്നത് അതിശയോക്തിപരമായ വിലയിരുത്തലായി ആരും പറയില്ല. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് ഇത്തവണത്തെ പ്രചാരണത്തിന്റെ അവസാന ദിവസം വൈകാരികമായി പ്രഖ്യാപിച്ചയാളാണ് നിതീഷ്. ഒടുവിലെന്തുണ്ടായി? ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലേ ഇല്ല, നിങ്ങൾക്ക് കേട്ടിടത്ത് പിഴച്ചതാകും എന്നല്ലേ അദ്ദേഹം മലക്കം മറിഞ്ഞത്?

ബി ജെ പി വരച്ച വരയിലാണ് ബിഹാറിൽ കാര്യങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണങ്ങളിലെല്ലാം കേന്ദ്ര സർക്കാറിന്റെ വികസനനേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളും വർഗീയ ധ്രുവീകരണ വിഷയങ്ങളുമാണ് ബി ജെ പി ഉയർത്തിയത്. നിതീഷിനെ പരമാവധി തഴഞ്ഞു. ഭരണവിരുദ്ധ വികാരം മറച്ചുവെക്കുക തന്നെയായിരുന്നു ലക്ഷ്യം. ജയ് ശ്രീറാം, പൗരത്വ ഭേദഗതി, കശ്മീർ വിഭജനം എന്നിവയിൽ ഊന്നിയ നരേന്ദ്ര മോദി ജനകീയ പ്രശ്‌നങ്ങളെ മുഴുവൻ താഴോട്ട് കൊണ്ടുപോയി. കൊവിഡ്, ലോക്ക്ഡൗൺ, കുടിയേറ്റത്തൊഴിലാളി പ്രശ്‌നങ്ങൾ എന്നിവയെച്ചൊല്ലി താഴെത്തട്ടിലുള്ള പ്രതിഷേധം ആളിക്കത്തിക്കാൻ പ്രതിപക്ഷത്തിനൊപ്പം ബി ജെ പിയും ശ്രമിച്ചുവെന്നതാണ് കൗതുകകരം. സർക്കാർവിരുദ്ധ വികാരം നിതീഷിലേക്ക് കേന്ദ്രീകരിക്കാനും ബി ജെ പിയെ രക്ഷിച്ചെടുക്കാനുമായിരുന്നു ശ്രമം. അതിൽ അവർ വിജയിച്ചു. ജെ ഡി യു മെലിഞ്ഞു.

വോട്ട് ഭിന്നിപ്പിക്കുക എന്നതിലും ബി ജെ പിയുടെ മിടുക്കാണ് ബിഹാറിൽ കണ്ടത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് എൻ ഡി എ വിടുകയും ബിഹാറിൽ ഒറ്റക്ക് മത്സരിക്കാൻ എൽ ജെ പി പ്രസിഡന്റ് ചിരാഗ് പാസ്വാൻ തീരുമാനിക്കുകയും ചെയ്തതോടെ ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച് എ എം) യെയും മുകേഷ് സഹാനിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി (വി ഐ പി)യേയും ഒപ്പം കൂട്ടുകയായിരുന്നു എൻ ഡി എ.

കേവല ഭൂരിപക്ഷത്തിലേക്ക് 12 സീറ്റിന്റെ അകലമുള്ള മഹാസഖ്യത്തിന് നല്ല പോസ്റ്റ് പോൾ തന്ത്രങ്ങൾ പയറ്റാനാളുണ്ടെങ്കിൽ ഇപ്പോഴും ബി ജെ പി വരച്ച വര മാറ്റാവുന്നതേയുള്ളൂ. അതിന് അവർ മുതിരുമോ എന്നതാണ് ചോദ്യം.

Latest