Ongoing News
പാര്‍ട്ടി ഏതായാലും പാട്ട് ഒന്നു തന്നെ; കേരളം ഏറ്റെടുത്ത ഗാനത്തിന് പിന്നില്‍ ശാഹുലാണ്
കൊണ്ടോട്ടി | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നത് നവമാധ്യമങ്ങളാണ്. തെരുവിലിറങ്ങി പോസ്റ്ററൊട്ടിക്കുന്നതിനും ചുമരെഴുതുന്നതിനും പകരം സ്ഥാനാര്‍ഥികളുടെ പുഞ്ചിരിക്കുന്ന മുഖമുള്ള പോസ്റ്ററുകളും വീഡിയോകളും നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കളറാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എക്കാലത്തും ഏറെ ശ്രദ്ധ നേടാറുള്ള ഒന്നാണ് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തി അവരെ വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഗാനങ്ങള്‍. പ്രചാരണങ്ങളുടെ മുഖ്യയിടം ഓണ്‍ലൈന്‍ ആയതോടെ അതിന്റെ പ്രാധാന്യവും ഏറി. ഫേസ്ബുക്ക് പോസ്റ്റുകളിലും വാട്സ്ആപ് സ്റ്റാറ്റസുകളിലും വിവിധ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പേരിലുള്ള വീഡിയോകള്‍ നിറഞ്ഞിരിക്കുകയാണ്.
പാര്‍ട്ടിയും കൊടിയുടെ നിറവും സ്ഥാനാര്‍ഥിയും വീഡിയോയുമെല്ലാം വ്യത്യസ്തമാണെങ്കിലും ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാട്ടുകള്‍ ഒന്നു തന്നെയാണെന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. “കിളികള്‍ പാടണം പുതിയ പുലരി കാണണം” എന്നു തുടങ്ങുന്ന ഗാനം കേരളമാകെ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. മിക്ക പാര്‍ട്ടിക്കാരും അവരുടെ തിരെഞ്ഞടുപ്പ് പ്രചാരണത്തിനും അണികള്‍ക്കിടയില്‍ ആവേശമുണ്ടാക്കാനും ഈ വിപ്ലവ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മിച്ചതല്ല എന്നതാണ് ശ്രദ്ധേയം. പ്രതീക്ഷയുടെ നല്ല നാളെ പുലര്‍ന്നു കാണാന്‍ സമരാഹ്വാനം നടത്തുന്ന ഈ വിപ്ലവ ഗാനം രചിച്ചതും ആലപിച്ചതും കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി ശാഹുല്‍ ഹമീദ് ആണ്.
എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി കൂടിയായ ശാഹുലെന്ന കലാകാരന്‍ ഈ വര്‍ഷത്തെ പുളിക്കല്‍ ഡിവിഷന്‍ സാഹിത്യോത്സവ് പ്രചാരണത്തിനായി എഴുതിയ ഗാനമാണിത്. ഈണം നല്‍കിയതും പാടിയതും ശാഹുല്‍ തന്നെ. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും എസ് എസ് എഫ് സാഹിത്യോത്സവിലും പ്രതിഭാത്വം തെളിയിച്ച ഈ മിടുക്കന്‍ കൊണ്ടോട്ടി ഐക്കരപ്പടി മുരിങ്ങാതോടന്‍ അശ്റഫ്-ശറീന ദമ്പതികളുടെ മകനാണ്.
പാട്ടിന്റെ യഥാര്‍ഥ ഉറവിടവും രചയിതാവിനെയും തിരിച്ചറിഞ്ഞതോടെ നിരവധി പേരാണ് ശാഹുലിനെ അഭിനന്ദനമറിയിക്കുന്നത്. എസ് എസ് എഫ് സാഹിത്യോത്സവിനായി താന്‍ ആലപിച്ച ഗാനം കേരളം ഏറ്റെടുത്തതിലും വൈകിയാണെങ്കിലും യഥാര്‍ഥ എഴുത്തുകാരനെയും സന്ദര്‍ഭത്തെയും ജനങ്ങള്‍ മനസ്സിലാക്കിയെന്നതിലും ഏറെ സന്തോഷമുണ്ടെന്ന് ശാഹുല്‍ സിറാജിനോട് പ്രതികരിച്ചു. പാവം ആ കിളികളെയൊക്കെ ഇനിയെങ്കിലും ഒന്ന് തുറന്നു വിട്ടേക്കൂവെന്നാണ് നിറപുഞ്ചിരിയോടെ ശാഹുല്‍ പറയുന്നത്.
യഥാർഥ ഗാനം:
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ വീഡിയോകൾ: