Ongoing News
നോവുകൾക്ക് മായ്ക്കാനാകാത്ത നക്ഷത്രത്തിളക്കം
“അതിജീവിക്കും എന്ന അടങ്ങാത്ത അഭിനിവേശം പൊരുതാനുള്ള കരുത്ത് നമുക്ക് തരും. ജീവിതത്തിൽ പോരാടി മുന്നേറണം. എവിടെ നാം ദുർബലരാകുന്നോ അവിടെ ഒരുപാട് കാര്യങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കളയും….” നിറപ്പകിട്ടാർന്ന യൂനിഫോറത്തിനും തിളങ്ങിത്തൂങ്ങുന്ന മെഡലുകൾക്കുമിടയിൽനിന്ന് ജസീല എന്ന പോലീസുകാരി ഈ വാക്കുകളത്രയും പറയുമ്പോൾ ആ കണ്ണുകളിൽ പ്രതിഫലിക്കുന്നത് ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജ്വലനമാണ്. പ്രതിസന്ധികളെ ആത്മധൈര്യംകൊണ്ട് നേരിട്ട കേരള പോലീസിലെ അതിസമർഥയായ ഈ പോലീസുകാരി ഇന്ന് കേരളക്കരക്ക് സുപരിചിതയാണ്. കൽപ്പറ്റ വനിതാ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥ. സേവന കാലത്ത് ഉടനീളം ജോലിയിൽ കാണിച്ച അർപ്പണബോധത്തിനും ആത്മാർഥതക്കും തനിക്ക് കിട്ടിയ പോലീസ് മെഡൽ ഒരു വർഷത്തിന് ശേഷം ഡി ജി പിയിൽ നിന്നും ഏറ്റുവാങ്ങിയ ഉത്സവ സന്തോഷത്തിലാണ് അവരിന്ന്. ഒരു അപകടത്തെ തുടർന്ന് ആറ് മാസം കിടപ്പിലായിരുന്നതിനാൽ കഴിഞ്ഞ വർഷം പുരസ്‌കാരം സ്വീകരിക്കാനായില്ല. അതിനിടയിൽ അർബുദം വേട്ടയാടിയപ്പോഴും അവർ തളർന്നില്ല.
ആത്മവിശ്വാസം തന്നെയാണ് കഠിന പ്രതിസന്ധികളെ നേരിടാൻ പ്രേരിപ്പിക്കുന്നതെന്ന് തളരാൻ നിന്നു കൊടുക്കാതെ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഇന്നവർ. മെഡൽ ഡി ജി പിയിൽ നിന്ന് ഏറ്റുവാങ്ങുമെന്ന ദൃഢനിശ്ചയത്തിന് നവംബർ രണ്ടിന് കേരളമൊന്നടങ്കം സാക്ഷ്യം വഹിച്ചു. വോക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെത്തി ഡി ജി പി ലോക്‌നാഥ് ബെഹ്‌റയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. വേദനയുടെ ഇരുൾ നിറഞ്ഞ വഴികളെ പിന്തള്ളിക്കൊണ്ട് ആത്മവിശ്വാസത്തിന്റെ, ഇച്ഛാശക്തിയുടെ കോട്ടകെട്ടി മാതൃക കാണിച്ച ഈ പോലീസ് ഉദ്യോഗസ്ഥയുടെ ജീവിതം പ്രയത്നത്തിന്റെ നീണ്ട പരേഡാണ്.
പട്ടാളക്കാരന്റെ
കൊച്ചുമോൾ
പട്ടാളക്കാരനായിരുന്ന ഉപ്പൂപ്പയാണ് പോലീസുകാരിയാകാനുള്ള ജസീലയുടെ ആഗ്രഹത്തിന് പ്രചോദനമേകിയത്. അദ്ദേഹത്തിൽ നിന്നു കിട്ടിയ പ്രേരകശക്തിയാണ് 2006 ജനുവരി 30ന് പോലീസ് യൂനിഫോമിലേക്ക് ജസീലയെ എത്തിക്കുന്നത്. മുട്ടിൽ സ്വദേശിയായ അഹ്്മദ്കുട്ടി- സഫിയ ദമ്പതികളുടെ മകളായ ജസീലയെ പോലീസുകാരിയാക്കാൻ പ്രയത്നിച്ചത് പിതാവാണ്. പോലീസ് വാഹനമോടിക്കുന്ന അപൂർവം വനിതകളിലൊരാളാണ് ജസീല. മക്കളായി രണ്ട് പെൺകുട്ടികൾ മാത്രമുള്ള പിതാവ് ജസീലയെ ചെറുപ്രായത്തിലേ മിക്ക വാഹനങ്ങളും ഓടിക്കാൻ പരിശീലിപ്പിച്ചിരുന്നു. നാളെ തനിക്ക് ഒരസുഖം വന്നാൽ കൊണ്ടുപോകാൻ മറ്റാരുമുണ്ടാകില്ലെന്ന് പറഞ്ഞ് അദ്ദേഹം ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ അത്തരത്തിലൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന് പോലും ജസീല അന്ന് ചിന്തിച്ചിരിക്കില്ല. ഒരിക്കൽ വളരെ അത്യാസന്നനിലയിലായ പിതാവിനെ ജസീല കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനത്തിൽ സ്വന്തം ഡ്രൈവ് ചെയ്തെത്തിച്ചത് ഓർത്തെടുക്കുന്നു.
അനുഗ്രഹമായി
ഹജ്ജ് ഡ്യൂട്ടി
ഹജ്ജ് ഡ്യൂട്ടിക്ക് പോകാൻ അവസരം ലഭിച്ച ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു ജസീല. വനിതകൾക്ക് തനിച്ച് ഹജ്ജിന് പോകാമെന്ന നിർണായക തീരുമാനം വന്നതോടെയാണ് ആ ചരിത്രത്തിന്റെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞത്. തന്റെ പോലീസ് ജീവിതത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും ഭാഗ്യവുമായാണ് അതിനെ അവർ കാണുന്നത്. ആ സന്തോഷം അവരുടെ കണ്ണിൽ ഇതു പറയുന്പോഴും തിളങ്ങുന്നുണ്ട്.
ജീവിതം മാറ്റിമറിച്ച ദിനങ്ങൾ
2019 മാർച്ച് 30 ശനി, ജീവിതത്തിലെ ആദ്യ തിരിച്ചടി നേരിട്ട ദിവസം. കൽപ്പറ്റക്കടുത്ത് കൈനാട്ടിയിൽ വെച്ച് ജസീല സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുന്നു. ഇരു കാലുകളിലും കമ്പിയിട്ടു. കമ്പിയിട്ട കാലുകളുമായി പതിയെ നടന്ന് തുടങ്ങി. അങ്ങനെയിരിക്കെ ജീവിതത്തിൽ മറ്റൊരു പ്രഹരം കൂടി ക്യാൻസറിന്റെ രൂപത്തിലെത്തി. ഒരു വീഴ്ചയിൽ നിന്നും കരകയറും മുന്നേയായിരുന്നു അർബുദ ബാധിതയാകുന്നത്. പക്ഷേ, അവിടെയൊന്നും അവർ തളർന്നില്ല. കടുത്ത പുഞ്ചിരിയിലമർത്തിക്കൊണ്ടാണ് അതിനെയും അവർ അഭിമുഖീകരിച്ചത്. ആറ് മാസം കിടപ്പിലായിരുന്നെങ്കിലും ഈ നേരവും അതിജീവിക്കുമെന്ന ആത്മവിശ്വാസവും ധൈര്യവും ജസീലയെ കരുത്തുറ്റവളാക്കി. ഇരു കാലുകളിലും ഇപ്പോഴും കമ്പിയുണ്ട്. വോക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടത്തം.
അടിപതറാത്ത ആത്മവിശ്വാസം
വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികഞ്ഞില്ല ആ സന്തോഷനാളുകളെ ശോകാത്മകമാക്കി ദുരന്തം ഇരുൾമൂടി. വിധി ഒരു ബസ് അപകടത്തിന്റെ രൂപത്തിൽ ജീവിതത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടരെ അർബുദവും. എന്നെ രക്ഷിക്കാൻ കഴിയുമോ എന്ന ജസീലയുടെ ചോദ്യത്തിന് നീ കരയാതിരിക്കുകയാണെങ്കിൽ, എന്നും നിന്നിൽ ചിരി കാണുകയാണെങ്കിൽ നിന്റെ ജീവിതം തിരികെ നൽകുമെന്ന ഡോക്ടറുടെ വാക്കുകൾ ജസീലയിൽ ആത്മവിശ്വാസത്തിന്റെ വിത്തു പാകി. അപകടത്തെ തുടർന്നുണ്ടായ വേദനയുടെ നാളുകൾ. 12 കീമോ. ഇപ്പോഴും പൊരുതുകയാണവർ. ഭർത്താവ് കോഴിക്കോട് കോടഞ്ചേരിയിലെ സ്റ്റേഷൻ ഇൻസ്‌പെക്ടറായ കെ പി അഭിലാഷ് താങ്ങായും തണലായും ജസീലക്കൊപ്പമുണ്ട്. പോലീസ് മെഡൽ ഡി ജി പിയിൽ നിന്ന് ഏറ്റുവാങ്ങണമെന്ന് ചികിത്സക്കിടയിലും സ്വയം ഉറപ്പിച്ചപ്പോഴും ആ സ്വപ്നം സഫലീകരിക്കാനായി കൈപിടിച്ച് അദ്ദേഹം ഒപ്പം നിന്നു. അതുകൊണ്ട് തന്നെ 2019 ൽ തനിക്ക് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഡി ജി പിയിൽ നിന്നും നേരിട്ട് സ്വീകരിക്കണമെന്ന അപേക്ഷ പരിഗണിക്കാൻ ഇടപെട്ട സംസ്ഥാന പോലീസ് മേധാവിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സനൂജക്കും പുരസ്‌കാരം സമർപ്പിച്ചത്. സമർഥയായ ഈ പോലീസ് ഉദ്യോഗസ്ഥയുടെ ആഗ്രഹം സഫലീകരിക്കാൻ പോലീസ് മേധാവി കൂടെ നിന്നതും അവർ നന്ദിയോടെ സ്മരിച്ചു. വേദനയുടെ വഴിത്താരകളെ പിന്നിട്ട് തിരിച്ചു വരുമെന്ന് ദൃഢനിശ്ചയത്തോടെ നമ്മൾ തീരുമാനിച്ചാൽ ബാക്കി പ്രതിസന്ധികളെല്ലാം അനായാസം മറികടക്കാവുന്നതേയുള്ളൂ എന്ന ഇവരുടെ വാക്കുകൾ ഏവരിലും പ്രചോദനത്തിന്റെ തിളങ്ങുന്ന നക്ഷത്രങ്ങളായ് മാറുന്നു.