Kerala
വ്യക്തി തേജോവധം പാടില്ല, തെളിവില്ലാത്ത ആരോപണവും അരുത്; പ്രചാരണത്തിന് മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
സമുദായങ്ങൾ, ജാതികൾ, ഭാഷാ വിഭാഗങ്ങൾ എന്നിവ തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ മൂർച്ചിക്കുന്നതിനിടയാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത്. മറ്റ് പാർട്ടികളെക്കുറിച്ചുള്ള വിമർശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെക്കുറിച്ചോ അവരുടെ പ്രവർത്തകരെപറ്റിയോ ഉന്നയിക്കരുത്.
സ്ഥാനാർത്ഥിക്ക് ഇരുചക്ര വാഹനമുൾപ്പടെ എത്ര വാഹനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കാം. ഇത് തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരുന്നതുമാണ്. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാൻ പാടില്ല.
സുരക്ഷാ അധികാരികളും ഇന്റലിജൻസ് ഏജൻസികളും നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകൾക്ക് സർക്കാർ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കാം. സുരക്ഷാ അധികാരികൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പകരം വാഹനമായി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. ഇപ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ചെലവ് അതാത് വ്യക്തികൾ വഹിക്കേണ്ടതാണ്. പൈലറ്റ് വാഹനവും എസ്‌കോട്ട് വാഹനവും ഉൾപ്പടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികൾ അനുവദിച്ചിട്ടുള്ളവയിൽ കൂടാൻ പാടാല്ല. സർക്കാർ വാഹനങ്ങളായിരുന്നാലും വാടക വാഹനങ്ങളായിരുന്നാലും അതിന്റെ ചെലവ് അതാത് വ്യക്തികൾ വഹിക്കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ്) അവയുടെ സ്ഥലേമോ രാഷ്ട്രീയ കക്ഷികൾക്ക് റാലിക്കോ തിരഞ്ഞെടുപ്പ പ്രചാരണത്തിനോ ഉപയോഗിക്കാൻ പാടില്ല. ആരാധനാലയങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. പൊതുസ്ഥലത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങേണ്ടേതാണ്. ഇത് വരണാധികാരിയുടേയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുൻപാകെ മൂന്ന് ദിവസത്തിനകം സമർപ്പിക്കണം. പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്‌ളക്‌സ് എന്നിവ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
സ്ഥാനാർത്ഥിയുടെ ഫോട്ടോ, ചിഹ്നം ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് എന്നിവ ഉപയോഗിക്കാം. ഇവയുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തണം. വോട്ടർമാരെ സ്വാധീനിക്കാനായി വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.പ്രസാധകന്റേയും അച്ചടി സ്ഥാപനത്തിന്റേയും പേര്, വിലാസം, കോപ്പികളുടെ എണ്ണം എന്നിവ ഉൾക്കൊള്ളിച്ചേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവു. ഇതിന്റെ പകർപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതാണ്. പ്രചാരണത്തിനായി സിനിമ, ടെലിവിഷൻ, സാമൂഹ്യമാധ്യമങ്ങൾ എന്നിവ ഉപയോഗിക്കാം. എന്നാൽ പൊതുപ്രചാരണം അവസാനിച്ച ശേഷം ഇവയിലൂടെയുള്ള പ്രചാരണം പാടില്ല. തിരഞ്ഞൈടുപ്പ് നിയമങ്ങൾക്കും നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിരുദ്ധമായി ആർക്കെങ്കിലും അപകീർത്തികരമായ വിധം എസ്.എം.എസ് അല്ലെങ്കിൽ സോഷ്യൽ മീഡിയ സന്ദേശങ്ങൾ അയയ്ക്കുന്നത് കുറ്റകരമാണ്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതൽ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടില്ല.
രാഷ്ട്രീയ കക്ഷികൾ വോട്ടർമാർക്ക് നൽകുന്ന സ്ലിപ്പുകൾ വെള്ള പേപ്പറിൽ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര് , സീരിയൽ നമ്പർ, പാർട്ട് നമ്പർ, പോളിംഗ് സ്‌റ്റേഷന്റെ പേര് എന്നിവ മാത്രം രേഖപ്പെടുത്തിയതുമാകണം. വോട്ടർമാരുടെ ബോധവത്കരണത്തിനായി ഉപയോഗിക്കുന്ന ഡമ്മി ബാലറ്റ് യൂണിറ്റുകൾ യഥാർത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവൂഡിലോ നിർമ്മിച്ചതായിരിക്കണം. ഇത് യഥാർത്ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തിലാകാൻ പാടില്ല. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലോ താൽക്കാലിക ഓഫീസ് സ്ഥാപിക്കാൻ പാടില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.