Kerala
നാട്ടുവോട്ട്: അഴിമതിയും കുറ്റങ്ങളും തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി
തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി പ്രവൃത്തികൾ, കുറ്റങ്ങൾ എന്നിവ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും നിർദേശം നൽകി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദനീയമല്ലാത്ത പ്രവർത്തനങ്ങൾ:
- മതപരമോ വംശീയമോ ജാതീയമോ സാമുദായികമോ ഭാഷാപരമോ ആയ വിദ്വേഷ പരാമർശങ്ങൾ കുറ്റകരമാണ്.
- ദൈവത്തിന്റെയോ ആരാധനാ മൂർത്തികളുടെയോ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡയറി, കലണ്ടർ, സ്റ്റിക്കർ എന്നിവ വിതരണം ചെയ്യരുത്.
- ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നത് ദൈവീകമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി വോട്ട് തേടുകയോ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്.
- രാഷ്ട്രിയ പർട്ടികളുടെയോ സ്ഥാനാർത്ഥികളുടെയോ തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയാൻ പാടില്ല. എന്നാൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂർ കാലയളവിൽ പൊതുയോഗങ്ങൾ പാടില്ല.
- സർക്കാർ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോ സ്ഥാനാർത്ഥികളുടെ വിജയ സാധ്യതക്കുവേണ്ടിയോ തിരഞ്ഞെടുപ്പ്/പോളിംഗ് ഏജന്റുമാരായോ പ്രവർത്തിക്കരുത്.
- തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുകയോ വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കാനോ പാടില്ല.
- തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഏജന്റുമാരും വോട്ടിംഗിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതാണ്.
- പോളിംഗ് ദിവസം പോളിംഗ് സ്‌റ്റേഷനിൽ വച്ചോ പരിസര പ്രദേശങ്ങളിലോ വോട്ട് പിടിക്കുകയോ പ്രചരണം നടത്താനോ പാടില്ല.
- വോട്ട് ചെയ്യാനെത്തുന്നവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ പാടില്ല.
- പ്രിസൈഡിംഗ് ഓഫീസറുടെ നിയമാനുസൃത നിർദ്ദേശങ്ങൾ ലംഘിക്കരുത്.
- തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
- തിരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ തടസപ്പെടുത്തുന്ന പ്രവൃത്തികൾ കുറ്റകരമാണ്.
- വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയോ വോട്ട് ചെയ്യാൻ പോകുന്നതിന് തടസം നിൽക്കാനോ പാടില്ല.
- നാമനിർദ്ദേശ പത്രികകൾ, പോസ്റ്റൽ ബാലറ്റുകൾ, വോട്ടിംഗ് യന്ത്രങ്ങൾ എന്നിവ വിരൂപമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്.
- വോട്ടർമാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിൽ സ്വാധീനിക്കുകയോ, ഒന്നിൽകൂടുതൽ തവണ വോട്ട് രേഖപ്പെടുത്തുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്.
മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പ് കുറ്റങ്ങൾ നടത്തിയതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട വരണാധികാരി/ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീഴ്ച കൂടാതെ അധികാരികളെ വിവരമറിയിക്കേണ്ടതാണ്.
---- facebook comment plugin here -----