Connect with us

Articles

കോണ്‍ഗ്രസ് തെറ്റ് തിരുത്തുമോ?

Published

|

Last Updated

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയും ബലഹീനതയും ഒന്നുതന്നെയാണ്. അത് പാര്‍ട്ടിയുടെ നേതൃത്വമോ സംവിധാനമോ അണികളോ ഒന്നുമല്ല. കഴിഞ്ഞ 135 വര്‍ഷത്തെ പാര്‍ട്ടിയുടെ ചരിത്രമാണത്. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പിറകോട്ട് വലിക്കുന്നതും അതേസമയം മുന്നോട്ട് കുതിക്കാന്‍ വേണ്ട ത്രാണി നല്‍കുന്നതും കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന നിലപാടുകളാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ നേതൃത്വമാണ് അതിന്റെ രാഷ്ട്രീയ വ്യവഹാരത്തെ രൂപപ്പെടുത്തിയത്. സ്വാതന്ത്ര്യ സമര കാലത്തും ശേഷവും അതങ്ങനെ തുടര്‍ന്നു. മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ദേശീയതയും (അതില്‍ തന്നെ മിതവാദ- തീവ്രവാദ ധ്രുവങ്ങള്‍) എന്നിങ്ങനെ കോണ്‍ഗ്രസ് എല്ലാ ആശയങ്ങളെയും ചേര്‍ത്തുനിര്‍ത്തിയാണ് വളര്‍ന്നതും വികസിച്ചതും. എന്നാല്‍ ഓരോരോ ചരിത്ര സന്ധികളില്‍ കോണ്‍ഗ്രസിന്റെ ഓരോ ആശയസ്തൂപങ്ങളെയും ചൊല്ലി വേറെയും രാഷ്ട്രീയ ചിന്തകള്‍ ജന്മമെടുത്തു. പാര്‍ട്ടിക്ക് അതിന്റെ ആശയങ്ങളില്‍ പ്രതിബദ്ധത നഷ്ടപ്പെടുന്നു എന്നതായിരുന്നു പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ന്യായം. അതും സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും തുടര്‍ന്നുപോന്നു.

എന്നാല്‍ വിഭാഗീയതകളോ പിളര്‍പ്പുകളോ പുതിയ പാര്‍ട്ടികളോ കോണ്‍ഗ്രസിനെ ബാധിച്ചില്ല. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിലേറ്റ ക്ഷീണമാകട്ടെ എളുപ്പം പാര്‍ട്ടി നികത്തിയുമെടുത്തു. തലയെടുപ്പുള്ള, പാരമ്പര്യവും നേതൃഗുണങ്ങളും മൂല്യങ്ങളുമുള്ള നേതാക്കളാണ് കോണ്‍ഗ്രസിനെ നിര്‍വചിച്ചത് എന്നതായിരുന്നു കോണ്‍ഗ്രസിന്റെ അസാമാന്യ സ്വാധീനത്തിന്റെ കാരണം തന്നെ. ജവഹര്‍ലാല്‍ നെഹ്റുവും മൗലാനാ ആസാദും സര്‍ദാര്‍ പട്ടേലും ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും തുടങ്ങിയ നേതാക്കളെല്ലാം മറ്റാര്‍ക്കെങ്കിലും കവച്ചുവെക്കാന്‍ പോന്ന ഉയരത്തിലായിരുന്നില്ല ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഓരോ നേതാക്കള്‍ക്കും വീഴ്ചകളുണ്ടായി. അത് പാര്‍ട്ടിയുടെ വീഴ്ചയായി.

കാലാകാലങ്ങളില്‍ വിഭജനത്തിന്റെ ഭൂതം ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നുഴഞ്ഞുകയറാന്‍ തുടങ്ങി. ജനാധിപത്യത്തില്‍ നെഹ്‌റുവിനുണ്ടായിരുന്ന അസാധാരണമായ ആത്മവിശ്വാസം ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഭീഷണിയായി എന്ന് പറഞ്ഞാലും അധികമാകില്ല. സംഘ്പരിവാര്‍ നേതാക്കളെ നല്ലനടപ്പിനിരുത്താമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ മഹാത്മാ ഗാന്ധിയുടെ വധത്തോടെയാണ് അതിമോഹമായിരുന്നെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ആര്‍ എസ് എസിന്റെ നിരോധനം കൊണ്ടോ അവരുടെ മുഖപത്രമായ ഓര്‍ഗനൈസറെ മര്യാദ പഠിപ്പിച്ചതുകൊണ്ടോ സംഘ്പരിവാരം വളരാതിരുന്നില്ല. അതിന് ബ്രിട്ടീഷുകാര്‍ കാലങ്ങളായി വിതച്ചും കൊയ്തും കിളച്ചിട്ട മതവര്‍ഗീയതയുടെ നിലം സംഘത്തിന് സൗകര്യമായി. ഇന്ത്യ- ചൈനാ യുദ്ധവും അടിയന്തരാവസ്ഥയും സംഘ്പരിവാരം മുതലെടുത്തു.
സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദു മഹാസഭ കോണ്‍ഗ്രസിനെ എങ്ങനെ ബാധിച്ചിരുന്നോ അതുപോലെ കോണ്‍ഗ്രസിന് പുറത്തുനിന്ന് ഹിന്ദുത്വം കോണ്‍ഗ്രസിനെ ബാധിക്കാന്‍ തുടങ്ങി. ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയും സ്ഥാപിക്കപ്പെടുന്നതുവരെ എളുപ്പത്തില്‍ നിര്‍വചിക്കാന്‍ പ്രയാസമുള്ള ഒരു ഹിന്ദുത്വ- ദേശീയത കോണ്‍ഗ്രസിനകത്ത് പടര്‍ന്നിരുന്നു. ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊല മുതല്‍ മീററ്റ് കലാപമടക്കം പലതും വിരല്‍ചൂണ്ടുന്നത് അങ്ങനെയൊരു അപകട സാഹചര്യത്തിലേക്കാണ്. ശരീഅത്ത് വിവാദത്തിലെ പാര്‍ട്ടിയുടെ സമീപനം ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിനെ വഴിപിഴപ്പിച്ചു. മുസ്‌ലിം വിഷയങ്ങളില്‍ ഇടപെടുന്നതില്‍ ചരിത്രത്തിലിന്നേവരെയില്ലാത്ത ആത്മസംഘര്‍ഷവും ആശയക്കുഴപ്പവും പാര്‍ട്ടിയെ ഗ്രസിച്ചു.
അഴിമതികളും സ്വജനപക്ഷപാതവും പാര്‍ട്ടിക്ക് മുന്നില്‍ വലിയ കിടങ്ങുകളുണ്ടാക്കിക്കൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പാര്‍ട്ടി വീണു. എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മതനിരപേക്ഷ- ജനാധിപത്യ രാഷ്ട്രീയത്തെ ഒരു സഖ്യ സര്‍ക്കാറിലൂടെ സ്ഥാപിക്കാന്‍ സാധിച്ചു. പിന്നീടുള്ള പത്ത് വര്‍ഷം ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും മികച്ച ക്ഷേമപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പക്ഷേ, ഭാരതത്തിന്റെ ജാനബാഹുല്യത്തെയാകെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ എഴുപത് വര്‍ഷമായിട്ടും കഴിഞ്ഞില്ലെന്ന യാഥാര്‍ഥ്യം പാര്‍ട്ടിക്ക് വിനയായി. അത് ഇന്ത്യയുടെ ഭൂപ്രദേശങ്ങളും മറ്റനേകം സങ്കീര്‍ണതകളും നിരത്തി വിശദീകരിക്കേണ്ട സംഗതിയായിരുന്നിട്ടുകൂടി, ഹിമാലയം കണക്കെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് അതിന്റെ വീഴ്ച ആരംഭിച്ചു.

2014ന് മുന്നേ സംഘ്പരിവാരം നിലം തയ്യാറാക്കിയിരുന്നു. മാധ്യമങ്ങളും കോര്‍പറേറ്റുകളും കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ പണവും പ്രൊപ്പഗാണ്ടയും ഒരുക്കി. അണ്ണാ ഹസാരയുടേതടക്കം പല പൗരസമൂഹ സമരങ്ങളും ആര്‍ എസ് എസ് ചെലവില്‍ അരങ്ങുതകര്‍ത്തു. വളര്‍ച്ചയുടെ പാരമ്യതയില്‍ എത്തിയാല്‍ പിന്നീട് തകര്‍ച്ചയാണെന്ന പൊതു തത്വം കോണ്‍ഗ്രസിന്റെ കാര്യത്തിലും തെറ്റിയില്ല. തൊട്ടതെല്ലാം പാര്‍ട്ടിക്ക് പിഴച്ചു.
2014ന് ശേഷം കോണ്‍ഗ്രസിനുണ്ടായ വളരെ കുറച്ച് നേട്ടങ്ങളിലൊന്ന് രാഹുല്‍ ഗാന്ധി എന്ന നേതാവായിരിക്കും. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നേ രാഹുല്‍ ഗാന്ധി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ തിരിച്ചുവരവ് അറിയിക്കുന്നു എന്ന തോന്നലുണ്ടാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ബെര്‍ക്ലി സര്‍വകലാശാലയിലെ പ്രസംഗത്തോടെ ഇന്ത്യന്‍ മാധ്യമങ്ങളും രാഹുലിനെ പരിഗണിച്ചു തുടങ്ങി. 2016ലെ നോട്ടുനിരോധനവും ജി എസ് ടിയും തിരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയങ്ങളാക്കി രാഹുല്‍ ഗാന്ധി ഗുജറാത്തിലിറങ്ങി. ഗുജറാത്തില്‍ പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കി. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തുകയാണെന്ന് തോന്നിപ്പിക്കുന്നതായി തുടര്‍ന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍. കര്‍ണാടകയിലും പഞ്ചാബിലും പാര്‍ട്ടിക്ക് നേട്ടമുണ്ടായി. ഹിന്ദി-ഹിന്ദു ഹൃദയ ഭൂമിയിലും കോണ്‍ഗ്രസ് വിജയമറിഞ്ഞു. അപ്പോഴും ജനങ്ങളിലേക്കിറങ്ങി ഒരു നേതാവ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നു- രാഹുല്‍ ഗാന്ധി.

എന്നാല്‍ 2019ലെ പൊതു തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ വീണ്ടും നിരാശപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കര്‍ണാടകയിലും വരെ പാര്‍ട്ടി ദയനീയമായി. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വരെ പാര്‍ട്ടിയുടെ സ്ഥിതി കഷ്ടമാണ്. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കൊപ്പം നേതാക്കളുടെ കൂടുമാറ്റങ്ങളും പാര്‍ട്ടിക്ക് തലവേദനയാകുന്നു. ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിനു വേണ്ടിയുള്ള ആവശ്യങ്ങളും പ്രതിഷേധങ്ങളും വിമര്‍ശങ്ങളും തര്‍ക്കങ്ങളും സജീവമായിരിക്കുന്നു. ഏറ്റവുമൊടുവില്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി പരസ്യമായി സമ്മതിച്ചിരിക്കുന്നു. ബി ജെ പിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കാണുന്നില്ലെന്ന അദ്ദേഹത്തിന്റെ വിമര്‍ശത്തിനെതിരെ ആധിര്‍ രഞ്ജന്‍ ചൗധരി രംഗത്തു വന്നു. പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരെ വേണം, സ്ഥിരം പ്രസിഡന്റിനെ വേണം എന്നു തുടങ്ങി നേരത്തേ തന്നെ കപില്‍ സിബല്‍ അടങ്ങുന്ന ഇരുപത് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് നിവേദനം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള വിമര്‍ശങ്ങള്‍.

എന്നാല്‍, 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അധ്യക്ഷ പദവി രാജിവെക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ ഉയര്‍ത്തിയ വിമര്‍ശനങ്ങളേ ഇപ്പോഴും “വിമത” സംഘം ഉയര്‍ത്തുന്നുള്ളൂ. മണ്ണിലിറങ്ങി പണിയെടുക്കുന്ന നേതാക്കന്മാര്‍ എന്ന വിശേഷണത്തിന് വര്‍ക്കിംഗ് കമ്മിറ്റിയിലെ അടക്കം മുതിര്‍ന്ന നേതാക്കന്മാര്‍ എന്ന് പറയപ്പെടുന്ന എത്ര നേതാക്കന്മാര്‍ അര്‍ഹരാകും? തിരഞ്ഞെടുപ്പുകളില്‍ സ്വന്തക്കാരെ നിര്‍ത്തുന്ന കീഴ് വഴക്കമല്ല വേണ്ടതെന്ന വിമര്‍ശങ്ങള്‍ ഉയര്‍ത്തിയതും രാഹുല്‍ തന്നെയായിരുന്നില്ലേ? പാര്‍ട്ടിയെ കുറിച്ച് പറയാനുള്ള വിമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധിയോടും സോണിയാ ഗാന്ധിയോടും നേരിട്ട് പറയാനുള്ള പ്രിവിലേജുള്ളവരാണ് ഇപ്പോള്‍ “കലാപ”ത്തിനിറങ്ങിയവരെന്ന് പാര്‍ട്ടി വൃത്തങ്ങളെ അടുത്തറിയുന്നവര്‍ക്ക് നല്ല ബോധ്യമുള്ള കാര്യമാണ്.

അപ്പോള്‍ പിന്നെ ഈ വിമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധിയെയോ സോണിയാ ഗാന്ധിയെയോ ഉന്നം വെക്കുന്നതല്ല എന്ന് മനസ്സിലാക്കണം. രാഹുല്‍ ഗാന്ധി നേരത്തേ ഉയര്‍ത്തിയ ആശങ്കകള്‍ തന്നെ ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കന്മാര്‍ ഉയര്‍ത്തുന്നത് മറ്റു ചിലരെ ഉദ്ദേശിച്ചാകണം. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലം മുതല്‍ക്കേ പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം അവകാശപ്പെടുന്ന ചിലര്‍ക്ക് നേരേയുള്ളതാകണം ഇപ്പോഴുള്ള കലാപം. അങ്ങനെയെങ്കില്‍ അത് കമല്‍നാഥ് അടക്കമുള്ളവരെയാണ് ഉന്നം വെക്കുന്നത്. എന്നാല്‍ ഏതാനും ചില നേതാക്കളെ പുകച്ചു പുറത്തു ചാടിച്ചിട്ടോ നാമമാത്രമായ തിരുത്തലുകള്‍ കൊണ്ടോ പാര്‍ട്ടിക്ക് ഇപ്പോഴുള്ള ഗതികേട് മാറില്ല. ഇനി ഈ വിമര്‍ശങ്ങള്‍ അവഗണിക്കപ്പെട്ടാല്‍ അതിന്റെയര്‍ഥം പാര്‍ട്ടിയില്‍ മണിശങ്കര്‍ അയ്യരുമാര്‍ വര്‍ധിക്കുമെന്നാണ്- ഒരു കാരണവശാലും പാര്‍ട്ടി വിടാത്ത എന്നാല്‍ പാര്‍ട്ടി വേണ്ട വിധം പരിഗണിക്കാത്ത നേതാക്കന്മാര്‍. എന്നാല്‍ ഈ ആശങ്കയെ അസ്ഥാനത്താക്കുന്ന ഒരു വാര്‍ത്ത കണ്ടു. ഇപ്പോള്‍ വിമത സ്വരമുയര്‍ത്തുന്ന കപില്‍ സിബല്‍ ഒഴികെയുള്ള ഗുലാം നബി ആസാദ്, ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, ശശി തരൂര്‍ തുടങ്ങിയ നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ ചില വിദഗ്ധ സമിതികള്‍ നിയോഗിച്ചെന്നതാണത്.

രാമജന്മ ഭൂമി ശിലാന്യാസത്തോട് ചേര്‍ന്നു നിന്നാലേ മധ്യപ്രദേശ്- ഉത്തര്‍പ്രദേശ്- ഗുജറാത്ത് ഉപ തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാകൂ എന്ന അബദ്ധ സിദ്ധാന്തങ്ങള്‍ തുടങ്ങി പാര്‍ട്ടി ഇതിനോടകം വിട്ടുവീഴ്ച ചെയ്ത മതനിരപേക്ഷതാ നയങ്ങളെല്ലാം പുനഃപരിശോധിക്കേണ്ട സമയം കൂടിയാണിത്. ബിഹാറിലെ തിരഞ്ഞെടുപ്പ് പരാജയം അസദുദ്ദീന്‍ ഉവൈസിയുടെ പിരടിയില്‍ വെച്ചാല്‍ തീരുന്ന പ്രശ്‌നമല്ല. പത്തില്‍ താഴെ സീറ്റുകളില്‍ മാത്രമേ ഉവൈസി കോണ്‍ഗ്രസിന് വിഘാതമായെന്ന് പറയാനൊക്കൂ. ബാക്കിയോ? അറച്ചും മടിച്ചും പാര്‍ട്ടി ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ എടുത്തുപോന്ന പല നിലപാടുകളും തരാതരമുള്ള ഹിന്ദുത്വ കാര്‍ഡുകളും പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയത് ഒരേസമയം ഹിന്ദു-മുസ്‌ലിം വോട്ടുകളാണ്. അതായത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ച സാധ്യതയുണ്ടെന്ന് ജനങ്ങള്‍ അനുമാനിക്കുന്നു. അതേസമയം, കോണ്‍ഗ്രസിന് മികച്ച ഒരു ഹിന്ദുത്വ പാര്‍ട്ടിയാകാനും കഴിയില്ല. ഫലമോ, നഷ്ടം മാത്രം. അതുകൊണ്ട് ശക്തിപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാടുകളാണ്. വെള്ളം ചേര്‍ക്കാത്ത, നൈമിഷിക നേട്ടങ്ങള്‍ക്ക് വേണ്ടി മാറ്റപ്പെടാത്ത നിലപാടുകള്‍. ഒപ്പം പോയ കാലത്തെ വീഴ്ചകള്‍ക്ക് മാപ്പപേക്ഷയോടെയുള്ള തിരുത്തും.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോഴും, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരേ നുണപ്രചാരണങ്ങളും അപവാദങ്ങളും ഉയരുമ്പോഴും, തിരഞ്ഞെടുപ്പ് തോല്‍വികളും സമാനമായ നിരാശകളേറെയുള്ളപ്പോഴും ബി ജെ പിയുടെ ജനാധിപത്യ വിരുദ്ധവും വര്‍ഗീയവുമായ ഭരണത്തിനെ എതിര്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടെന്ന് ചിലപ്പോഴെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന നിമിഷങ്ങളുണ്ട്. ഹാഥ്‌റസിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ യാത്ര പോലെ, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷക റാലികള്‍ പോലെ, തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെ പറ്റി നിരന്തരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതു പോലെ ചില സമയങ്ങള്‍. അത് സ്ഥായിയാക്കുകയാണ് പാര്‍ട്ടിയുടെ തിരിച്ചു വരവിനുള്ള പ്രായോഗിക പരിഹാരം. നിരന്തരം ആത്മവിമര്‍ശനം നടത്താതെ പാര്‍ട്ടിക്ക് പരിവര്‍ത്തനമുണ്ടാകില്ല എന്ന ബോധ്യം കോണ്‍ഗ്രസ് നേതാക്കളെ നയിക്കട്ടെ.

Latest