Connect with us

Articles

മാന്ദ്യം: എന്താണ് പരിഹാരം?

Published

|

Last Updated

2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും ജി ഡി പി വളര്‍ച്ചാ നിരക്ക് നെഗറ്റീവ് 8.6 രേഖപ്പെടുത്തിയതോടെ രാജ്യം സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തുകയുണ്ടായി. ഒന്നാം പാദത്തില്‍ നെഗറ്റീവ് 23.9ഉം ശേഷമുള്ള പാദത്തില്‍ നെഗറ്റീവ് 8.6ഉം വളര്‍ച്ചാ നിരക്ക് കണക്കാക്കിയതോടെ തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ പൂജ്യത്തിന് താഴെയായി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് താഴെ പോകുന്ന അവസ്ഥക്കാണ് സാങ്കേതികമായി റിസഷെന്‍ അഥവാ മാന്ദ്യം എന്ന് പറയുന്നത്. ദീര്‍ഘമായ മാന്ദ്യം ഒരു എക്കോണമിയെ ഡിപ്രെഷനിലേക്കെത്തിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഭ്യന്തര ഉത്പാദനവും ഡിമാന്‍ഡും ഗണ്യമായി കുറയുകയും സാമ്പത്തിക രംഗം വലിയൊരു തകര്‍ച്ച നേരിടുകയും ചെയ്തു. എന്നാല്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച അണ്‍ലോക്ക് പ്രക്രിയകള്‍ക്കൊന്നും സാമ്പത്തിക വളര്‍ച്ചക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് രണ്ടാം പാദത്തിലെ വളര്‍ച്ച കൊണ്ട് മനസ്സിലാകുന്നത്. ഈ അവസരത്തില്‍ കൊവിഡ് മൂലമാണോ അതോ മറ്റു കാരണങ്ങള്‍ കൊണ്ടാണോ സാമ്പത്തിക രംഗം ഇത്ര മോശമായത് എന്ന് പരിശോധിക്കുമ്പോള്‍ 2016 മുതല്‍ വാര്‍ഷിക വളര്‍ച്ച കുറഞ്ഞു വന്നതായി കണക്കുകള്‍ കാണാം. 2016 മുതല്‍ 2019 വരെയുള്ള വളര്‍ച്ച 8.26, 7.04, 6.12, 4.23 ശതമാനം എന്നിങ്ങനെയാണ്. എന്നുവെച്ചാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി സാമ്പത്തിക രംഗം ഗുരുതരമായ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ വര്‍ഷങ്ങളിലെല്ലാം ഒരു പാദമൊഴിച്ച് ബാക്കിയുള്ളവയിലെല്ലാം വളര്‍ച്ച താഴോട്ടായിരുന്നു. ഈയൊരു അവസ്ഥയിലേക്ക് കൊവിഡ് വരികയും കൂടുതല്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. സാമ്പത്തിക വിദഗ്ധര്‍ വരാന്‍ പോകുന്ന അവസ്ഥകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലക്കെടുക്കാത്തതിന്റെ ഭവിഷ്യത്താണ് ഇന്നത്തെ സാമ്പത്തിക മാന്ദ്യം.

കൊവിഡ് വരുത്തിവെച്ച നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ പല രാജ്യങ്ങളും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലും ആത്മനിര്‍ഭര്‍ എന്ന പേരില്‍ ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അതിന് സാധിച്ചില്ല എന്നാണ് മനസ്സിലാകുന്നത്. പാക്കേജ് വിശദമായി പരിശോധിച്ചാല്‍ ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കുന്ന പദ്ധതികള്‍ വളരെ കുറവാണെന്ന് കാണാന്‍ കഴിയും. മൊത്തം 20.9 ലക്ഷം കോടിയില്‍ 17.9 ലക്ഷം കോടിയും വായ്പകളും വായ്പാ ആനുകൂല്യങ്ങളുമായാണ് നല്‍കിയത്. അതുതന്നെ നിങ്ങള്‍ ആരെങ്കിലും മുന്നോട്ട് വരാന്‍ തയ്യാറുണ്ടെങ്കില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാം എന്ന ഒരുതരം ഭാവത്തിലാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാറിന്റെ ചെലവ് കൂട്ടുകയും മുന്നില്‍ നിന്ന് നയിക്കുകയുമാണ് വേണ്ടത്. എന്നാലേ മൂലധനം ഇറക്കുന്നവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുകയുള്ളൂ. മൊത്തം പാക്കേജിന്റെ മൂന്ന് ശതമാനം മാത്രമാണ് നേരിട്ട് ജനങ്ങളിലേക്ക് പണം എത്തുന്ന പദ്ധതികളായുള്ളത്. അതില്‍ പ്രധാനപ്പെട്ടതാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പ്രഖ്യാപിച്ച് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനനുവദിച്ച തുകയുടെ നല്ലൊരു ശതമാനവും ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ ആയതോടെ തൊഴില്‍ നഷ്ടപ്പെട്ട ധാരാളം ആളുകള്‍ നാട്ടിലേക്ക് തിരിച്ചു പോകുകയും പോംവഴിയായി അവര്‍ കണ്ടത് തൊഴിലുറപ്പ് പദ്ധതിയുമായിരുന്നു. കൊവിഡ് കാലത്ത് തന്നെ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി സംബന്ധിച്ച ആപ്ലിക്കേഷനിലുണ്ടായ വര്‍ധനവ് ഇതിനെ സൂചിപ്പിക്കുന്നു. ഇതില്‍ നിന്ന് കിട്ടിയ വരുമാനം തീര്‍ച്ചയായും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. എന്നാല്‍ ബേങ്കുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ഇതിലുണ്ട്. ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് ലൈബ്‌ടെക് നടത്തിയ പഠനത്തില്‍, ആഴ്ചയില്‍ ശരാശരി 1,026 രൂപ കിട്ടുന്ന തൊഴിലാളിക്ക് ബേങ്ക് സംബന്ധിയായി മാത്രം 150 രൂപയോളം ചെലവ് വരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ അസംഘടിത ജോലി ചെയ്യുന്നവര്‍ക്ക് 150 രൂപ എന്നത് വലിയൊരു തുക തന്നെയാണ്. ബേങ്ക് ശാഖകളുടെ അപര്യാപ്തതയും ബേങ്കിലേക്ക് പോകാനുള്ള മറ്റു ചെലവിനത്തിലുമൊക്കെയായാണ് ഈ സംഖ്യ വരുന്നത്. മൊബൈല്‍ മെസേജ് വരാതെ, അക്കൗണ്ടുകളില്‍ കാശില്ലാത്തതിന്റെ പേരില്‍ ഒന്നിലധികം തവണയും ഇവര്‍ക്ക് ബേങ്കിലേക്ക് പോകേണ്ടിവരുന്നു.

രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ വലിയൊരു ശതമാനവും വരുന്നത് ഓരോരോ കൊച്ചു വീടുകളില്‍ നിന്നുമാണ്. എന്നുവെച്ചാല്‍, ഗൃഹജനങ്ങള്‍ ആഭ്യന്തര ഉത്പാദനത്തിന്റെ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നു. അവരുടെ ഉപഭോഗ സംസ്‌കാരം അവരുടെ വരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ അവരുടെ വരുമാനങ്ങളില്‍ മാറ്റം വരികയാണെങ്കില്‍ അവരുടെ ഉപഭോഗ അളവിനെയും അത് നല്ലവണ്ണം ബാധിക്കും. കൊവിഡ് സമയത്ത് ഇന്ത്യയിലെ അധിക ജനങ്ങളും അവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും കൂടുതല്‍ വാങ്ങിയിട്ടുണ്ടാകുക. കൊവിഡ് വരുന്നതിന് മുമ്പ് തന്നെ രാജ്യത്തെ പണപ്പെരുപ്പം വര്‍ധിച്ച നിലയിലായിരുന്നുവെന്ന് കണക്കുകള്‍ നമ്മോട് പറയുന്നു. പണപ്പെരുപ്പം കൂടുമ്പോള്‍ ആളുകളുടെ റിയല്‍ പര്‍ച്ചേസിംഗ് പവര്‍ ഗണ്യമായി കുറയുകയും അവര്‍ മുമ്പ് തുടര്‍ന്ന് പോന്ന ഉപഭോഗ സംസ്‌കാരത്തില്‍ നിന്ന് താഴേക്ക് വരികയും ചെയ്യും. കുറഞ്ഞ വരുമാനവും വില വര്‍ധനവും സാധാരണ ജനങ്ങളെ സാരമായി ബാധിക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം. ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ഒക്ടോബറിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് പച്ചക്കറികള്‍ക്ക് 22.5 ശതമാനവും ധാന്യങ്ങള്‍ക്ക് 16.34 ശതമാനവുമാണ് പണപ്പെരുപ്പ നിരക്ക്. കുറഞ്ഞ വരുമാന പരിധിയില്‍ പെടുന്ന ധാരാളം ആളുകള്‍ വസിക്കുന്ന ഒരു രാജ്യമായതുകൊണ്ട് തന്നെ ഇത് പാവപ്പെട്ടവര്‍ക്ക് എന്നും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.

കയറ്റുമതി ഇന്ത്യയുടെ വരുമാന സ്രോതസ്സില്‍ വളരെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് ആദ്യം പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയിലെ കയറ്റുമതിയില്‍ കുറവ് വന്നിരുന്നു. പിന്നീട് കേസുകള്‍ കുറയുകയും ക്രമേണ അണ്‍ലോക്ക് പ്രക്രിയകള്‍ ആരംഭിക്കുകയും ചെയ്തതോടെ വീണ്ടും മെച്ചപ്പെട്ടു. എന്നാല്‍ ശൈത്യ കാലത്ത് യൂറോപില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുകയാണെങ്കില്‍ കയറ്റുമതി വീണ്ടും അവതാളത്തിലാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ വരുമാനത്തില്‍ വീണ്ടും കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ചൈനയില്‍ നിന്ന് മാറ്റിസ്ഥാപിക്കുന്ന കമ്പനികള്‍ക്ക് മൂലധന നിക്ഷേപത്തിനുള്ള സൗഹാര്‍ദാന്തരീക്ഷം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണെങ്കില്‍ അത് രാജ്യത്തിന് പലവിധേന ഗുണം ചെയ്യും. ആളുകള്‍ക്ക് ജോലി ലഭിക്കുന്നതിന് പുറമെ, ആ നാടിന്റെ അടിസ്ഥാന സൗകര്യത്തില്‍ വികസനമുണ്ടാകുകയും കൂടാതെ സര്‍ക്കാറിന് ടാക്‌സിനത്തിലും മറ്റുമായി വരുമാനം ലഭിക്കുകയും ചെയ്യും. നൊബേല്‍ ജേതാവായ ഗുണ്ണാര്‍ മൃദല്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളെ കുറിച്ച് 1968ല്‍ നടത്തിയ “ഏഷ്യന്‍ ഡ്രാമ- ഏന്‍ എന്‍ക്വയറി റ്റു ദി പോവെര്‍ട്ടി ഓഫ് നേഷന്‍സ്” എന്ന പഠനത്തില്‍ അന്താരാഷ്ട്ര സാമ്പത്തിക വ്യവഹാരങ്ങള്‍ പ്രതിസന്ധിക്ക് പ്രതിവിധിയായി നിര്‍ദേശിച്ചിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അതിനെ നല്ലവണ്ണം പ്രയോജനപ്പെടുത്തിയത് സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ചില രാജ്യങ്ങളാണ്. അത്തരം പോളിസി മാറ്റങ്ങള്‍ ഇന്ത്യയില്‍ ആസൂത്രണപരമായി നടപ്പാക്കിയാല്‍ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറും. പക്ഷേ, നമ്മുടെ ഭരണകര്‍ത്താക്കളുടെ ചില പ്രവര്‍ത്തനങ്ങളൊക്കെ കാണുമ്പോള്‍ അവര്‍ക്കിതിലൊന്നും തീരെ താത്പര്യമില്ല എന്ന് മനസ്സിലാക്കാനാകും.

2014ന് ശേഷം ബേങ്കുകളുടെ തകര്‍ച്ച കൂടിയിട്ടുണ്ടെന്ന് നമുക്ക് കാണാം. അനിയന്ത്രിതമായ വായ്പ നല്‍കുകയും തിരിച്ചടക്കാതെ ഇവര്‍ മുങ്ങുകയും ചെയ്യുന്നതോട് കൂടി ബേങ്കുകള്‍ പ്രതിസന്ധിയിലാകുകയാണ്. ഏറ്റവും ഒടുവില്‍ പാപ്പരായത് ലക്ഷ്മി വിലാസ് ബേങ്കാണ്. രാജ്യത്തെ ജനങ്ങളുടെ പണം ചിട്ടികളിലും ഫിനാന്‍സ് സ്ഥാപനങ്ങളിലും സ്വന്തം കൈകളിലും സുരക്ഷിതമല്ല. ഇപ്പോള്‍ ബേങ്കുകളില്‍ പോലും സ്വന്തം പണം സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. തീര്‍ച്ചയായും രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സ്വീകരിച്ചിട്ടില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. കൊവിഡ് വരുത്തിവെച്ച അനിശ്ചിതത്വം നിറഞ്ഞ ഭാവിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്. അവിടെ സാമ്പത്തിക രംഗം കൊണ്ടുനടക്കേണ്ട രൂപം വളരെ കൃത്യതയോടെയും ശ്രദ്ധയോടെയും കൂടിയാകണം. തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ ജി എസ് ടി തുക പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് കൈമാറുക, കൊവിഡ് നേരിടാന്‍ വേണ്ടി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം അലവന്‍സുകള്‍ നല്‍കുക, പൊതു വിതരണ സംവിധാനം കുറച്ചുകൂടെ സുതാര്യമാക്കുക, വളരെ പാവപ്പെട്ടവര്‍ക്ക് പത്ത് കിലോ അരി എന്ന നിലക്ക് അടുത്ത കുറച്ചു മാസങ്ങളില്‍ റിലീഫ് രൂപത്തില്‍ നല്‍കുക (അതുമൂലം അവര്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും ആഭ്യന്തര ഉപഭോഗം കൂടുകയും ചെയ്യും), തൊഴിലുറപ്പ് പദ്ധതിയുടെ ദിവസങ്ങള്‍ വര്‍ധിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ അര്‍ബന്‍ എംപ്ലോയ്‌മെന്റ് സ്‌കീം തുടങ്ങുക, ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നൂതന പദ്ധതികള്‍ രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ ചെയ്യാവുന്നതാണ്. ഈ കാര്യങ്ങള്‍ നടപ്പാക്കാന്‍ പണമില്ല എന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരുന്നാല്‍ ഇപ്പോള്‍ ചെലവാക്കേണ്ട തുകയുടെ പതിന്മടങ്ങ് ഭാവിയില്‍ നമ്മളോരോരുത്തരും നല്‍കേണ്ടി വരും.

---- facebook comment plugin here -----

Latest