Connect with us

Ongoing News

നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ താരം

Published

|

Last Updated

തുകൽ പന്തിനെ നെഞ്ചോടുചേർക്കാൻ ലോകജനതയെ പ്രേരിപ്പിച്ച ഒരു ഇതിഹാസമാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്. ബ്രസീലിന്റെ പെലെയും അർജന്റീനയുടെ മറഡോണയും കാലുകളുടെ മാന്ത്രിക ചലനങ്ങൾ കൊണ്ട് അത്രയേറെ ലോകത്തെ വിസ്മയിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണക്കും ലഭിച്ചത്.

ചേരിയിൽ ഉദിച്ച നക്ഷത്രം

ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. മറഡോണയുടെ കുടുംബം അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കുടിയേറിയതായിരുന്നു.

പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജന്റീനയിലെ ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തടക്കപ്രകടനങ്ങൾ മറഡോണക്ക് മാധ്യമശ്രദ്ധ നൽകി. അർജന്റീനോസ് ജൂനിയേഴ്സിൽ കളിക്കുമ്പോൾ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു. 16 വയസാവുന്നതിനു മുമ്പെ അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണിൽ കളിക്കാനാരംഭിച്ചു. അർജന്റീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു.

1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.

1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മറഡോണ ആദ്യ അന്താരാഷ്ട്രമൽസരം കളിച്ചു. 1979 ജൂൺ 2-നാണ് സ്കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്.

1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി.

 അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.

 

Latest