Ongoing News
വിവാദമായ ആ കൈ ഗോള്‍; ഒടുവില്‍ മാപ്പ് പറച്ചില്‍
മെക്സിക്കൻ സിറ്റിയിൽ 1986ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. മത്സരം ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മില്‍. അര്‍ജന്റീനയെ നയിക്കുന്നത് 25 വയസ്സ് മാത്രം പ്രായമുള്ള കരുത്തന്‍. പേര് ഡിയെേഗാ മറഡോണ. ആ മത്സരത്തില്‍ മറഡോണയിലൂടെ രണ്ട് തവണ ഇംഗ്ലീഷ് വല കുലുങ്ങി. പിന്നീട് ലോക ഫുടബോള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഗോളുകളായിരുന്നു അത്. പക്ഷേ അതില്‍ ആദ്യത്തെ ഗോള്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തി. ഫുട്‌ബോള്‍ ലോകം അതിനെ ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിച്ചു.
തന്റെ നേരെ വന്ന ക്രോസ്സില്‍ ഹെഡ് ചെയ്യാന്‍ ചടിയ മറഡോണ പന്ത് കൈകൊണ്ട് തട്ടി ഗോള്‍ വലയ്ക്കുള്ളിലിടുകയായിരുന്നു. ഗോളി പീറ്റര്‍ ഷില്‍ട്ടണും ഗ്യാലറിയില്‍ കളി കണ്ടിരുന്നവരുമെല്ലാം ഇതു ശ്രദ്ധിച്ചെങ്കിലും റഫറിയുടെ കണ്ണില്‍ മാത്രം അത് പതിഞ്ഞില്ല. അദ്ദേഹം ഗോള്‍ വിധിച്ചു. കൈപ്രയോഗം റഫറിയുടെ ശ്രദ്ധയില്‍ പെടാത്തത് കൊണ്ട് മാത്രമാണ് അര്‍ജന്റീന ഫൈനലിലെത്തിയതെന്ന് ഇംഗ്ലീഷ് ആരാധകര്‍ വിമര്‍ശന ശരം ചൊരിഞ്ഞു. പക്ഷേ, അതില്‍ ഒരു കാര്യവുമുണ്ടായില്ല.
വിവാദമായ ഈ ഗോളിനെപ്പറ്റി ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ ഗോളിന് പിന്നില്‍ “ദൈവത്തിന്റെ കൈ”യാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതോടെ ആ വിവാദ ഗോള്‍ ദൈവത്തിന്റ കൈ എന്ന പേരില്‍ അറിയപ്പെട്ടു. എന്നാല്‍ വിമര്‍ശകര്‍ ആ ഗോളിനെ വിശേഷിപ്പിച്ചത് മറ്റൊരു പേരിലായിരുന്നു. ചെകുത്താന്റെ സമ്മാനം എന്നാണ് അവര്‍ അതേകുറിച്ച് പറഞ്ഞത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ അന്ന് ചെയ്ത കൈപ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് ഇതിഹാസതാരം രംഗത്ത് വന്നു. ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരോട് അദ്ദേഹം മാപ്പ് പറഞ്ഞത്. തനിക്ക് ഖേദം പ്രകടിപ്പിക്കാനും മടങ്ങിപോയി ചരിത്രം തിരുത്താനും സാധിക്കുമെങ്കില്‍ അത് ചെയ്യുമായിരുന്നുവെന്ന് വരെ പറഞ്ഞ് മറഡോണ ഹൃദയം തുറന്നു. പക്ഷേ ചരിത്ര തനിക്ക് ചരിത്രം തിരുത്താനാവില്ലെന്നും അത് ഗോള്‍ തന്നെയാണെന്നും വിതുമ്പലോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേമത്സരത്തില്‍ മറഡോണ നേടിയ രണ്ടാം ഗോളാണ് ഇന്നും ഫുട്‌ബോള്‍ ലോകത്ത് പകരം വെക്കാനില്ലാത്ത അത്ഭുതമായി നിലകൊള്ളുന്നത്. നൂറ്റാണ്ടിന്റെ ഗോള്‍ എന്ന് വീശേഷിപ്പിച്ച ആ ഗോള്‍ മറഡോണയെ ലോകം മുഴുവനും അംഗീകരിക്കാനിടയാക്കി. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് അഞ്ച് എതിരാളികളെ ഒരേ സമയം വെട്ടിച്ച് മുന്നേറി ഗോളി പീറ്റര്‍ ഷില്‍ട്ടനെയും കബളിപ്പിച്ച് ആ കുറിയ മനുഷ്യന്‍ നേടിയ ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ അവിസ്മരണീയ ഏടായി ഇന്നും കളിപ്രേമികള്‍ ഓര്‍ക്കുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജൻറീന ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്തു.
ഫൈനലിൽ പശ്ചിമജർമ്മനിയെ തോൽപ്പിച്ച് 1986ലെ ലോകകപ്പ് അർജന്റീന നേടി. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് മറഡോണക്കായിരുന്നു.