Ongoing News
പൊന്നുംവില കൊടുക്കാൻ ക്ലബുകൾ മത്സരിച്ച കാലം
തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ഡീഗോ മറഡോണ കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്.
റെക്കോര്‍ഡ് തുകക്ക് ക്ലബ് മാറ്റങ്ങള്‍
1981ല്‍ മറഡോണ ബൊകാ ജൂനിയേഴ്‌സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982ല്‍ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചു. 1982ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1983ല്‍ മറഡോണയുള്‍പ്പെട്ട ബാഴ്‌സലോണ സംഘം, റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് കോപ ഡെല്‍ റെയ് കപ്പും, അത്‌ലെറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്‌സലോണയില്‍ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു. ഹെപറ്റൈറ്റിസും കളിക്കിടെ സംഭവിച്ച മണിബന്ധത്തിലെ പരിക്കും അദ്ദേഹത്തെ അലട്ടി. ഫുട്‌ബോള്‍ ജീവിതത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി.ബാഴ്‌സലോണ ടീം മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷന്‍ ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടര്‍ച്ചയായ വിവാദങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് 1984ല്‍ മറഡോണ ബാഴ്‌സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു. 1984 മുതല്‍ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ സുവര്‍ണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയന്‍ സീരി “എ” കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) ഈ വേളയിലേതാണ്. 1987-88, 1988-89 സീസണുകളില്‍ ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണില്‍ 15 ഗോളുകള്‍ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകള്‍ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്.
1992ല്‍ സ്‌പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വര്‍ഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993ല്‍ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതല്‍ 1995 വരെ അര്‍ജന്റീനയിലെ നെവെല്‍സ് ഓള്‍ഡ് ബോയ്‌സിനു വേണ്ടിയും 1995 മുതല്‍ 1997 വരെ ബോക്ക ജൂനിയേഴ്‌സിനു വേണ്ടിയും കളിച്ചു.