Connect with us

Ongoing News

മാറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

Published

|

Last Updated

മറഡോണ കേരളത്തിൽ എത്തിയപ്പോൾ

തിരുവനന്തപുരം | ഇതിഹാസ ഫുട്‌ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്‌ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാന്‍ കരുതുന്നു. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതു മുതല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്.

1986 ലോകകപ്പില്‍ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റര്‍ ഷില്‍ട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോള്‍ ലോകം ദര്‍ശിച്ച ഏറ്റവും സുന്ദരവും സമര്‍ത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനില്‍ക്കും. അര്‍ജന്റീന ലോകഫുട്‌ബോളിലെ പ്രബലര്‍ ആണെങ്കിലും ആ രാജ്യത്തെ ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്‌ബോളര്‍ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു – മുഖ്യമന്ത്രി പറഞ്ഞു