Ongoing News
വിവാദങ്ങളുടെ തോഴന്‍
കളിയഴകിന്റെ പര്യായമായി ലോകത്തുടനീളമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കിയെങ്കിലും ഡീഗോ മറഡോണയുടെ ജീവിതത്തിലെ കറുത്ത പാടുകളായി എന്നും വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട ഒരു ജീവിതം കൂടിയായിരുന്നു അദ്ദേഹത്തിന്റെത്. പ്രശസ്തിയുടെ കൊടുമുടിയില്‍ പരിലസിച്ചു കൊണ്ടിരിക്കെ തന്നെ മയക്കുമരുന്ന്, ഉത്തേജക മരുന്ന് ഉപയോഗങ്ങള്‍ക്ക് അദ്ദേഹം പിടിക്കപ്പെടുകയും വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.
1982ല്‍ ബാഴ്‌സലോണക്ക് കളിക്കുമ്പോള്‍ തന്നെ മയക്കുമരുന്ന് ഉപയോഗം അദ്ദേഹത്തിനുണ്ടായിരുന്നു. ഇറ്റലിയിലെ നാപോളിയിലുള്ള മാഫിയകളുമായി ബന്ധപ്പെട്ടതോടെ ഉപയോഗം കൂടുതലായി. 1984ല്‍ ബാഴ്‌സയോട് ഇടഞ്ഞ് അദ്ദേഹം നാപോളിയിലേക്ക് കൂടുമാറി.
1991ല്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ഉപയോഗം സ്ഥിരീകരിക്കപ്പെട്ടതോടെ 15 മാസത്തെ വിലക്ക് ലഭിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് ലഭിച്ച ആദ്യത്തെ ഗുരുതര ശിക്ഷയായിരുന്നു ഇത്. അതേവര്‍ഷം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ വെച്ച് അരക്കിലോ കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായി. 14 മാസത്തെ ശിക്ഷ വിധിച്ചെങ്കിലും ഇത് പിന്നീട് ഒഴിവാക്കി.
അമേരിക്ക വേദിയായ 1994ലെ ലോകകപ്പ് വേളയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതിന് പിടികൂടുകയും ലോകകപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പായിരുന്നു ഈ പിടികൂടല്‍. തുടര്‍ന്ന് 15 മാസത്തേക്ക് ഫിഫ മറഡോണയെ വിലക്കി. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാനം കൂടിയായിരുന്നു അത്.
നാട്ടിലെ ക്ലബിലേക്ക് ചുരുങ്ങിയ മറഡോണ 1997ല്‍ മറ്റൊരു ഉത്തേജക മരുന്ന് പരിശോധനയിലും പരാജയപ്പെട്ടു. ആറ് വര്‍ഷത്തിനിടെ മൂന്നാം തവണത്തെതായിരുന്നു ഇത്. ഇതോടെ സ്വയംകൃതാനര്‍ഥങ്ങളില്‍ കുടുങ്ങി ഒരു ഇതിഹാസ കളിയഴകിന് അവസാനമായി.
മയക്കുമരുന്ന്, മദ്യ ഉപയോഗം മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തും വിവാദങ്ങളിലകപ്പെട്ടിട്ടുണ്ട് മറഡോണ. 1994ലായിരുന്നു ഈ സംഭവം. ഇതിനെ തുടര്‍ന്ന് 1998ല്‍ പത്ത് മാസത്തെ ജയില്‍ ശിക്ഷ ലഭിച്ചെങ്കിലും പിന്നീടത് ഒഴിവാക്കുകയായിരുന്നു.
ദീര്‍ഘകാലത്തെ മയക്കുമരുന്ന് ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളര്‍ത്തി. 2000ല്‍ അമിത മരുന്നുപയോഗത്തെ തുടര്‍ന്ന് അസുഖബാധിതനായി. 2004ല്‍ ഹൃദയാഘാതം വന്നു. 2005ല്‍ ബൈപാസ് സര്‍ജറിക്ക് വിധേയനായി. 2007ല്‍ പ്രമേഹത്തിന് വീണ്ടും ആശുപത്രിയിലായി. കഴിഞ്ഞ 13 വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് 2017ല്‍ അദ്ദേഹം ലോകത്തോട് പറഞ്ഞത് വലിയൊരു സന്ദേശം കൂടിയായിരുന്നു.
ഒരുപക്ഷേ, മയക്കുമരുന്ന് ഉപയോഗവും മദ്യാസക്തിയുമില്ലായിരുന്നെങ്കില്‍ ഫുട്‌ബോള്‍ താരം എന്ന നിലയില്‍ കൂടുതല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. മാന്യമായ കരിയര്‍ അവസാനവും കോച്ചെന്ന നിലയില്‍ മികച്ച അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു.