Kerala
കേരള ബേങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം | കേരള ബേങ്കിന്റെ പ്രഥമ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി എല്‍ ഡി എഫ്. തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ ജില്ലകളിലെ ബേങ്കുകളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 14 പ്രതിനിധികളില്‍ 12 പേരും സി പി എമ്മുകാരാണ്. സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും ഓരോ പ്രതിനിധികളെ ലഭിച്ചു.
മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍, മുന്‍ ജില്ലാ സഹകരണ ബേങ്ക് ആസ്ഥാനങ്ങളിലായിരുന്നു (നിലവില്‍ കേരള ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിങ് സെന്ററുകള്‍) വോട്ടെടുപ്പ്. മലപ്പുറം ജില്ലാ ബേങ്ക് കേരള ബേങ്കില്‍ ലയിച്ചിട്ടില്ലാത്തതിനാല്‍, ഈ ജില്ലയില്‍ നിന്ന് പ്രതിനിധിയില്ല.
അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലന്‍ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ ജി വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബേങ്ക് പ്രതിനിധി) എന്നിവരാണ് എല്‍ ഡി എഫ് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ ഡി എഫ് പ്രതിനിധികളായ മൂന്നുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പുറമെ ആറുപേര്‍ കൂടി ചേരുന്നതാണ് കേരള ബേങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബേങ്ക് സി ഇ ഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.