Alappuzha
പ്ലീസ്, എനിക്ക് വോട്ട് ചെയ്യരുതേ....
ആലപ്പുഴ | തനിക്ക് ആരും വോട്ട് ചെയ്യരുതേ എന്നഭ്യർഥിച്ച് ഒരു സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനിലെ കായംകുളം പുതുപ്പള്ളി വടക്ക് വീട്ടിൽ അരിതബാബുവാണ് ഇങ്ങനെയൊരഭ്യർഥനയുമായി പ്രചാരണ രംഗത്തുള്ളത്.
യു ഡി എഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച അരിത ബാബു, കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ച് കുക്കു ഉപേഷിന് വേണ്ടി പത്രിക പിൻവലിക്കാൻ കലക്ടറേറ്റിലെത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ജില്ലയുടെ തെക്കേ അറ്റമായ പുതുപ്പള്ളിയിൽ നിന്ന് കലക്ടറേറ്റിലെത്തി അരിത ബാബു കാര്യങ്ങൾ വിശദീകരിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു അധികൃതർ.
തുടർന്ന് സ്വതന്ത്ര ചിഹ്നം അനുവദിച്ച് സ്ഥാനാർഥി പട്ടികയിലുൾപ്പെടുത്തി. കായംകുളം കൃഷ്ണപുരം ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗമായിരുന്ന അരിതക്ക് സ്വന്തം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ പി ശ്രീകുമാറിന് വേണ്ടി വോട്ട് അഭ്യർഥിക്കുന്ന തിരക്കിനിടയിൽ തന്നെയാണ് പുന്നപ്ര ഡിവിഷനിൽ തനിക്ക് വോട്ട് ചെയ്യരുതെന്നഭ്യർഥിക്കാനും സമയം കണ്ടെത്തേണ്ടത്. ഇവിടെ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് തേടുന്ന ചുമതല കൂടി അരിതക്കുണ്ട്.
ഒരേ സമയം വിദൂരത്തുള്ള രണ്ട് ഡിവിഷനുകളിൽ യു ഡി എഫ് സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുക. ഒപ്പം തനിക്ക് വോട്ട് ചെയ്യരുതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു ഈ യുവ കോൺഗ്രസ് പ്രവർത്തക.
നാട്ടുകാർ സ്നേഹത്തോടെ എൽസമ്മയെന്ന് വിളിക്കുന്ന അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായിരുന്നു. 21ാം വയസ്സിലാണ് അരിതാ ബാബു ജില്ലാ പഞ്ചായത്തംഗമായത്.