International
മറഡോണയുടെ ഡോക്ടര്‍ക്കെതിരെ അന്വേഷണം
ബ്യൂണസ് അയേഴ്‌സ് | ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിലേക്ക് നയിച്ചത് ചികിത്സാ പിഴവാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ക്കെതിരെ അന്വേഷണം. സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്വെയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ സാധ്യതയാണ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുന്നത്.
മറഡോണയുടെ പെണ്‍കുട്ടികളായ ഡല്‍മ, ഗിയാനീന, ജാന എന്നിവരാണ് ചികിത്സയെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും മറഡോണയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളോട് സംസാരിച്ചതായും അന്വേഷണ സംഘം അറിയിച്ചു. ബ്യൂണസ് അയേഴ്‌സിന് സമീപത്തെ സാന്‍ ഇസിഡ്രോയിലെ സംഘമാണ് അന്വേഷിക്കുന്നത്.
മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പതാം ദിവസം നവംബര്‍ 12ന് മറഡോണക്ക് ഒപ്പമുള്ള ഡോക്ടറുടെ ഫോട്ടോ ഏറെ വൈറലായിരുന്നു. ബ്യൂണസ് അയേഴ്‌സിന് സമീപമുള്ള ടൈഗ്രെയിലെ മറഡോണയുടെ വീട്ടില്‍ വെച്ചാണ് ഹൃദയാഘാതം വന്ന് മരിക്കുന്നത്. മുഴുസമയവും പരിചരണമാണ് വീട്ടില്‍ മറഡോണക്ക് ലഭിച്ചിരുന്നത്.