Covid19
കൊറോണവൈറസ് മൂക്കിലൂടെ തലച്ചോറിലെത്താമെന്ന് പഠനം
ബെര്‍ലിന്‍ | നോവല്‍ കൊറോണവൈറസ് മൂക്കിലൂടെ മസ്തിഷ്‌കത്തില്‍ കടന്നേക്കാമെന്ന് പഠനം. കൊവിഡ് രോഗികളിലെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ വിശദീകരിക്കാനും ചികിത്സിക്കാനും അണുബാധ തടയാനും സഹായിക്കുന്നതാണ് ഈ പഠനം. നാച്വര്‍ ന്യൂറോസയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ശ്വാസകോശത്തെ മാത്രമല്ല കേന്ദ്ര നാഡീവ്യൂഹത്തെയും കൊറോണവൈറസ് ബാധിക്കാമെന്നാണ് ഈ പഠനം തെളിയിക്കുന്നത്. ഇതോടെയാണ് ഗന്ധവും രുചിയും നഷ്ടപ്പെടുക, തലവേദന, ആലസ്യം, മനംപിരട്ടല്‍ പോലുള്ള ലക്ഷണങ്ങളുണ്ടാകുന്നത്. തലച്ചോറിലും സെറിബ്രോസ്‌പൈനല്‍ ഫ്ളൂയിഡിലും കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതെങ്ങനെയാണ് ഇവിടെയെത്തിയത് എന്നത് അവ്യക്തമായിരുന്നു. നാസാരന്ധ്രത്തെ തൊണ്ടയുമായി ബന്ധിപ്പിക്കുന്ന നാസോഫാര്‍നിക്‌സ് എന്ന മുകള്‍ ഭാഗം പരിശോധിച്ചാണ് മൂക്കിലൂടെയാണ് മസ്തിഷ്‌കത്തിലേക്ക് വൈറസ് എത്തിയതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ബെര്‍ലിനിലെ യൂനിവേഴ്‌സിറ്റാറ്റ്‌സ്‌മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.