Kannur
മൂന്നാം തവണയും സീറ്റ് കിട്ടിയപ്പോൾ നാട് വിട്ട പഞ്ചായത്ത് മെമ്പർ
കണ്ണൂർ | മൂന്നാം തവണയും മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ പിടി കൊടുക്കാതെ രക്ഷപ്പെട്ട പഞ്ചായത്ത് മെമ്പറുടെ കഥ ഇന്നത്തെ കാലത്ത് അവിശ്വസനീയമാകും. അതും സീറ്റ് കിട്ടാത്തതിനെ തുടർന്ന് പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്നവരും സീറ്റ് നിഷേധിച്ചപ്പോൾ റിബലായി മത്സരിക്കുന്നവരും അരങ്ങ് വാഴുന്ന ഇക്കാലത്ത്. രണ്ടും മൂന്നും തവണ മത്സരിച്ചതിനെ തുടർന്ന് പാർട്ടി ഇത്തവണ സീറ്റ് നൽകില്ലെന്ന് പറഞ്ഞപ്പോഴുള്ള പരസ്യ പ്രതിഷേധവും അടുത്ത ദിവസങ്ങളിൽ നാട് കണ്ടതാണ്. എന്നാൽ രണ്ട് തവണ മത്സരിച്ച് ജയിച്ച് മൂന്നാം തവണയും പാർട്ടി സീറ്റുമായി പിന്നാലെയെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട സ്ഥാനാർഥിയുണ്ടിവിടെ, അതും ഇനിയും കടം വരുത്തി വെക്കാനാവില്ലെന്നത് കൊണ്ട്. നാട് വിട്ട ആ മെമ്പർ ഇപ്പോൾ ഗൾഫിലാണ്. പേര് മുരളി വീനസ്. കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ ചാല വാർഡിലെ മെമ്പറായിരുന്നു അദ്ദേഹം. ആദ്യ തിരഞ്ഞെടുപ്പിൽ ജനാതാദളിന്റെയും രണ്ടാം തവണ കോൺഗ്രസ് എസിന്റെയും സ്ഥാനാർഥിയായാണ് മത്സരിച്ച് ജയിച്ചത്. 1995 ലായിരുന്നു മുരളീ വീനസിന്റെ ആദ്യമത്സരവും ജയവും.
അന്ന് ജനതാദളിലൂടെ ഇടത് മുന്നണിക്ക് വേണ്ടിയായിരുന്നു ചാലയിൽ മത്സരിച്ചത്. അതിനിടയിലാണ് പാർട്ടി പിളർന്നതും മുരളി വീനസ് ഹെഗ്‌ഡെ നേതൃത്വം നൽകുന്ന ലോക് ശക്തിയിലെത്തിയതും. കേരളത്തിൽ ലോക്ശക്തി പാർട്ടി യു ഡി എഫിന് പിന്തുണ നൽകിയപ്പോൾ മുരളി വീനസ് അന്ന് വാർത്തകളിലും നിറഞ്ഞു നിന്നു. എടക്കാട് പഞ്ചായത്ത് എൽ ഡി എഫ് ഭരിച്ചത് ഒരു അംഗത്തിന്റെ പിൻബലത്തിലായിരുന്നു. മുരളി പിന്തുണ നൽകിയാൽ ഭരണം യു ഡി എഫിന്റെ കൈയിലെത്തും. വേണമെങ്കിൽ അന്ന് പഞ്ചായത്ത് പ്രസിഡന്റുമാകാമായിരുന്നു. എന്നാൽ മുരളി എൽ ഡി എഫിനെ വഞ്ചിക്കാൻ തയ്യാറായില്ല. ലോക്ശക്തിയോട് സലാം പറഞ്ഞ് മുരളിയും കൂട്ടരും എൽ ഡി എഫിലെ ഘടക കക്ഷിയായ കോൺഗ്രസ് എസിലെത്തി. പിന്നീട് 2000 ൽ നടന്ന തിരഞ്ഞെടുപ്പിൽ എടക്കാട് നാലാം വാർഡിൽ മുരളി എൽ ഡി എഫ് സ്ഥാനാർഥിയായി. യു ഡി എഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹം. 2005 ൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് എസ് മുരളി വീനസിനെ തന്നെ സ്ഥാനാർഥിയാക്കാനായി ആലോചന തുടങ്ങി. പക്ഷേ മൂന്നാമതും സ്ഥാനാർഥിയാകാൻ മുരളി ഒരുക്കമല്ലായിരുന്നു.
പാർട്ടിയും മുന്നണിയും മാത്രമല്ല നാട്ടുകാരും നിർബന്ധം തുടങ്ങിയതോടെ പിന്നെ മുരളി മുങ്ങി എന്ന് വേണമെങ്കിൽ പറയാം. പൊങ്ങിയത് അങ്ങ് ജുമൈറയിലാണ്. പെയിന്റിംഗ് തൊഴിലായിരുന്നു മുരളിയുടെ ജീവിത മാർഗം. പഞ്ചായത്ത് മെമ്പറായതോടെ തൊഴിലെടുക്കാനും കഴിയാതെയായി; നിത്യ ചെലവിനുള്ള വരുമാനവും മുട്ടി. ഒടുവിൽ പത്ത് വർഷത്തെ നാട് സേവനത്തിനിറങ്ങിയത് കാരണം വലിയ തുകയുടെ കടക്കാരനുമായി. ഇനിയും നാട്ടിൽ നിന്നാൽ വീടും സ്ഥലവും കൂടി കടം കൊണ്ട് പോകുമെന്നായപ്പോഴാണ് ഗൾഫിലേക്ക് കടക്കാൻ തീരുമാനിച്ചത്. പതിനെട്ട് വർഷമായി ജുമൈറയിൽ വില്ലകളുടെ കെയർടേക്കർ ജോലി ചെയ്യുകയാണ് മുരളി.