Articles
ബിലീവേഴ്‌സ് ചര്‍ച്ചും റെയ്ഡും
വിദേശ കറന്‍സി വിനിമയച്ചട്ടം ലംഘിച്ച് അന്യായമായി ധനസമ്പാദനം നടത്തിയതിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഈസ്റ്റേണ്‍ എന്ന സഭയുടെ സ്ഥാപക നേതാവ് കെ പി യോഹന്നാന്റെ സ്ഥാപനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡും അനന്തര നടപടികളും നടത്തിയിരുന്നു. ഏതെങ്കിലും ഒരു വില്ലേജ് ഓഫീസര്‍ ചെറിയ ഒരു കൈക്കൂലി കേസിലെങ്കിലും കുടുങ്ങിയാല്‍ അത് മൂന്ന് കോളം വാര്‍ത്തയാക്കുന്ന പത്രങ്ങള്‍ ഇതിനൊന്നും യാതൊരു വാര്‍ത്താ പ്രാധാന്യവും നല്‍കിക്കണ്ടില്ല. അതുകൊണ്ടു തന്നെ കെ പി യോഹന്നാന്‍ ചുരുങ്ങിയ കാലം കൊണ്ട് കെട്ടിപ്പടുത്ത ധനസാമ്രാജ്യത്തിന്റെ വിസ്തൃതി എത്രയെന്ന് വ്യക്തമാകുന്നു.
കെ പി യോഹന്നാന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ഡോളര്‍ കായ്ക്കുന്ന മരമായി വളര്‍ന്ന് കേരളമാകെ ശാഖകള്‍ വീശിയത്. മുട്ടയായിരുന്നപ്പോള്‍ മര്‍ത്തോമ്മാ സഭയില്‍. പുഴുവായിരുന്നപ്പോള്‍ അമേരിക്കയില്‍ ദൈവശാസ്ത്ര പഠനം. അമേരിക്കയിലും മറ്റുമുള്ള പ്രൊട്ടസ്റ്റന്റ്സെമിനാരികളില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും വൈദിക വിദ്യാര്‍ഥികളായി ചേര്‍ന്നു പഠിക്കാറുണ്ട്. ജര്‍മനിയില്‍ നിന്ന് പഠിക്കാനെത്തിയ ഒരു സ്ത്രീയെ കെ പി യോഹന്നാന്‍ വിവാഹം ചെയ്ത് മടങ്ങിയെത്തുന്നു. പരസ്യമായ സുവിശേഷ പ്രസംഗം തുടങ്ങുന്നു. പാട്ടും പ്രസംഗവും നാടുനീളെ കണ്‍വെന്‍ഷന്‍ യോഗങ്ങളും. നാട്ടുകാര്‍ക്ക് കാര്യമായ ചെലവൊന്നും ഉണ്ടായിരുന്നില്ല. വെറുതെ പോയി ഇരുന്നു കൊടുത്താല്‍ മതി, കാശിങ്ങോട്ട് കിട്ടും.
ഇദ്ദേഹം ഇക്കാലം മുതല്‍ പാസ്റ്റര്‍ കെ പി യോഹന്നാന്‍, യോഹന്നാന്‍ ഉപദേശി എന്നൊക്കെ അറിയപ്പെട്ടു തുടങ്ങി. ഉപദേശിക്കുന്നതെന്തെന്ന് മാത്രം കേട്ടവര്‍ക്കാര്‍ക്കും മനസ്സിലായില്ല. ജനിച്ചു വളര്‍ന്ന മാര്‍ത്തോമ്മാ സഭയില്‍ നിന്നാരും ഒപ്പം കൂടിയില്ല. അപ്പോള്‍ ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ സ്വന്തമായി ഒരു സഭ സ്ഥാപിച്ചു. പുല്ലും വെള്ളവും കാണിച്ച് സഭയുടെ തൊഴുത്തിലേക്ക് പുതിയ ആടുമാടുകളെ മാടി വിളിച്ചെങ്കിലും കിട്ടിയ പുല്ലും വെള്ളവും കുടിച്ച് ആടുകള്‍ അവരുടെ പഴയ തൊഴുത്തുകളിലേക്കു തന്നെ മടങ്ങി.
സാഹിത്യകാരന്‍ സക്കറിയ “വിശുദ്ധ താക്കോന്‍ അഥവാ ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്നതെങ്ങനെ?” എന്ന പേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട്. ആ കഥയിലെ ഉപദേശിയെപ്പോലെ ഒട്ടേറെ ഉപദേശിമാര്‍ അക്കാലത്ത് തെരുവുതോറും നടന്ന് സ്വര്‍ഗരാജ്യത്തെക്കുറിച്ചും ആത്മാവിന്റെ രക്ഷയെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്നുണ്ടായിരുന്നു. യോഹന്നാനുപദേശിയും അദ്ദേഹത്തിന്റെ ജര്‍മന്‍കാരി ഭാര്യയും അപ്രകാരം തെരുവിലെ പ്രസംഗം നിര്‍ത്തി പകരം അവര്‍ കാശുമുടക്കി സ്വന്തമായി ഒരു ചാനല്‍ തുടങ്ങി.
കെ പി യോഹന്നാന്റെ ആത്മീയ യാത്രാ ചാനലില്‍ പോയി കുറെ സമയം കളഞ്ഞതല്ലാതെ ആരും ബിലീവേഴ്‌സ് ചര്‍ച്ചില്‍ അംഗത്വം എടുത്തില്ല. കാരണം അവരെല്ലം അവരുടെ അപ്പൂപ്പന്മാരുടെ കാലം മുതലേ ബിലീവേഴ്‌സായിരുന്നു. കൊല്ലക്കുടിയില്‍ സൂചിവില്‍ക്കാനുള്ള അടവ് തിരുവല്ലയില്‍ ചെലവാകുകയില്ലെന്ന് മനസ്സിലായി. ഇന്നലെ പെയ്ത മഴക്ക് ഇന്ന് കിളിര്‍ത്ത തകരയായിട്ടു മാത്രമേ, അവര്‍ ഡോളര്‍ ഇറക്കുമതിക്കാരനായ കെ പിയുടെ ഇലക്‌ട്രോണിക്ക് ഇവാഞ്ചലിസത്തെ കണ്ടുള്ളൂ.
എങ്കില്‍ കളികാണിച്ചു തരാമെന്ന മട്ടില്‍ കെ പി അടവൊന്നുമാറ്റി. ഭാര്യാസമേതവും അല്ലാതെയും കൂടെക്കൂടെ അമേരിക്കയിലേക്കു പറന്നു. ഏഷ്യയിലെ മാത്രമല്ല ആഫ്രിക്കയിലെയും ദരിദ്ര ലക്ഷങ്ങളെക്കുറിച്ചദ്ദേഹം അമേരിക്കന്‍ കോടീശ്വരന്മാര്‍ക്കു മുമ്പില്‍ കണ്ണീര്‍വാര്‍ത്തു. നിങ്ങളുടെ ഡോളര്‍ എനിക്കു നല്‍കുക, ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗരാജ്യം പകരം തരാം എന്ന് യോഹന്നാനുപദേശി നെഞ്ചത്തു കൈവെച്ച് കെഞ്ചിയപ്പോള്‍ പലര്‍ക്കും അത് നിരസിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ആത്മാവിന്റെ രക്ഷയെക്കുറിച്ച് വലിയ ഉറപ്പൊന്നും ഇല്ലാത്ത സായിപ്പന്മാര്‍ തങ്ങള്‍ നിമിത്തം കുറെ പാവപ്പെട്ട ഇന്ത്യക്കാരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പോകുന്നെങ്കില്‍ പൊക്കോട്ടെ എന്നുകരുതി അവരുടെ അക്കൗണ്ടുകളില്‍ ഭാരമായി മാറിക്കൊണ്ടിരുന്ന ഡോളര്‍ ശേഖരണത്തില്‍ നിന്ന് ഒരു പങ്ക് കെ പി യോഹന്നാന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഇതിനകം കെ പിയുടെ സാമ്രാജ്യം വടക്കേന്ത്യന്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വളര്‍ന്നു. സുറിയാനി ക്രിസ്ത്യാനികള്‍ എന്ന വന്‍ സ്രാവുകള്‍ തന്റെ വലയില്‍ കുടുങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ഹരിജന ഗിരിജന വിഭാഗങ്ങളെ ലക്ഷ്യമാക്കി വലവീശിത്തുടങ്ങി. അവരില്‍ സ്വര്‍ഗത്തില്‍ പോകണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നവരെ മൊത്തത്തില്‍ സി എം എസ് മിഷനറിമാരും മറ്റും അവരുടെ തൊഴുത്തില്‍ എത്രയോ കാലം മുമ്പുതന്നെ ബന്ധിച്ചു കഴിഞ്ഞിരുന്നു. അവശേഷിച്ചവരെ ആര്‍ എസ് എസും ബി ജെ പിയും അടക്കമുള്ള വിശ്വഹിന്ദുക്കള്‍ കണ്ണുരുട്ടി പേടിപ്പിച്ചു. ഇനി ആത്മാക്കളെ രക്ഷപ്പെടുത്തുക എന്ന പരിപാടി നടപ്പില്ലെന്നു ബോധ്യമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്നു പറഞ്ഞ് ശേഖരിച്ച പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് തിരിച്ചുവിട്ട് 3,000 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ചുളുവില്‍ സ്വന്തമാക്കി. ശബരിമല വിമാനത്താവളത്തിനെന്നു പറഞ്ഞ് എസ്റ്റേറ്റ് കൂറ്റന്‍ വിലക്ക് സര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നീക്കമൊക്കെ തകൃതിയായി നടക്കുകയായിരുന്നു. മണ്ണും പെണ്ണും ചതിക്കുകയില്ലെന്ന് തിരുവിതാംകൂര്‍ നസ്രാണികളെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. കേരളത്തില്‍ ആകെ പാഞ്ഞു നടന്ന് ഭൂമി വാങ്ങിക്കൂട്ടി. തിരുവല്ല പ്രദേശത്ത് എവിടെ നോക്കിയാലും അവിടെല്ലാം കെ പി യോഹന്നാന്റെ വക സ്ഥാപനങ്ങളാണ്. ഇവിടെ വീടുണ്ടാക്കി താമസിക്കാന്‍ പിതൃസ്വത്തായി കിട്ടിയ പത്ത് സെന്റ് വയല്‍ നികത്തിയാല്‍ വയല്‍ സംരക്ഷണ നിയമത്തിന്റെ ആപ്പ് വീഴും. എന്നാല്‍ കെ പി യോഹന്നാനും സംഘവും വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന് വയല്‍ മണ്ണിട്ടുയര്‍ത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതാല്‍ ഒരുദ്യോഗസ്ഥനും ഒരു രാഷ്ട്രീയക്കാരനും കമാന്നൊരക്ഷരം എതിര്‍ത്തു പറയില്ല. ആരും എതിര്‍ത്തെന്തെങ്കിലും പറയാനോ എഴുതാനോ ധൈര്യപ്പെട്ടില്ല.
അനധികൃത സ്വത്ത് സമ്പാദനം പൊല്ലാപ്പായപ്പോള്‍ ചാനല്‍ അടച്ചുപൂട്ടി. തനിക്ക് പണം തന്ന് സഹായിച്ചുകൊണ്ടിരുന്ന സായിപ്പന്മാര്‍ക്ക് മുമ്പില്‍ എന്തെങ്കിലും ഒക്കെ ചെയ്തതായി കാണിച്ചു കൊടുക്കണം. അവരില്‍ ചിലരെയൊക്കെ പങ്കാളികളാക്കി പുതിയ ബിസിനസുകള്‍ സ്ഥാപിച്ചു. ലാഭവിഹിതം ഉറപ്പുവരുത്തി. കേരള ക്രൈസ്തവജീവിതത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പാശ്ചാത്യര്‍ക്കു മുമ്പില്‍ അടവും തന്ത്രങ്ങളും മാറ്റിമാറ്റി പയറ്റി ഉപദേശിയുടെ സാധാ വേഷം അഴിച്ചുവെച്ച് ആംഗ്ലിക്കന്‍ പുരോഹിതന്മാരുടെ വെളുത്ത ളോഹയും കറുത്ത അരക്കെട്ടും ധരിച്ചു. അതുകൊണ്ടും തൃപ്തിയായില്ല. എ ഡി 52ല്‍ തോമ്മാശ്ലീഹാ ഇവിടെ നട്ടുനനച്ചു വളര്‍ത്തിയ പൗരസ്ത്യ ക്രൈസ്തവതയുടെ പൈതൃകാവകാശം തനിക്കാണെന്ന് സ്ഥാപിച്ചു കിട്ടണം. അതിന് വെറും ഒരു പാതിരിയുടെ കുപ്പായവും ചരടും മാത്രം പോരാ – മെത്രാന്റെ തൊപ്പിയും വടിയും മുടിയും ഒക്കെ വേണം. അതിനായി നീക്കം. കേരളത്തില്‍ നിലവിലുള്ള പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സഭകളുമായി വിലപേശല്‍ നടത്തി നോക്കി. ആ സഭകളിലെ സാധാ പുരോഹിതന്മാര്‍ക്ക് വിവാഹം അനുവദിച്ചിട്ടുണ്ടെങ്കിലും ബിഷപ്പന്മാര്‍ ബ്രഹ്മചര്യം പാലിച്ചിരിക്കണം എന്ന് നിര്‍ബന്ധമായിരുന്നു. കെ പി യോഹന്നാനുപദേശിക്കാകട്ടെ സ്വന്തമായി ഒരു ഭാര്യയും അവരില്‍ പിറന്ന രണ്ട് മക്കളും ഉണ്ട്. അവരെ ഉപേക്ഷിക്കാമെന്നുവെച്ചാല്‍ പോലും, അത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്ന പാരമ്പര്യമല്ല കേരള നസ്രാണികളുടേത്. അദ്ദേഹം ആദ്യ നൂറ്റാണ്ടിലെ കഥയൊക്കെ പറഞ്ഞു നോക്കി. ഭാര്യയും മക്കളും ഒക്കെയുള്ളവര്‍ മാര്‍പാപ്പമാരും പാത്രിയാര്‍ക്കിസുമാരും ഒക്കെ ആയ ചരിത്രം അവരും വായിച്ചിരുന്നു. അതൊക്കെ ആദ്യ നൂറ്റണ്ടില്‍. ഇത് 21ാം നൂറ്റാണ്ട്! ഇപ്പോള്‍ ഈ പരിപ്പിവിടെ വേകുകയില്ല, അവര്‍ മുഖത്തടിച്ചു പറഞ്ഞു.
പെരുന്നാളുകള്‍ നടത്തിയും തിരുമേനിമാരുടെ ചാത്തം നടത്തിയും കോടതികളില്‍ കേസ് നടത്തിയും മുടിഞ്ഞു നാറാണക്കല്ലു പിടിച്ചുകൊണ്ടിരുന്ന പൗരാണിക സഭകളിലെ മെത്രാന്മാരെ ഇപ്പോഴും ജനങ്ങള്‍ കൈവെള്ളയിലാണ് കൊണ്ടുനടക്കുന്നത്. മെത്രാന്മാരുടെ എണ്ണം കൂടിവരുന്നതിന് അനുസരിച്ച് സഭയില്‍ വഴക്കും പെരുകി വരുന്നു. ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള നീക്കവും പാളി. കെ പി നേരേ വെച്ചുപിടിച്ചു ആന്ധ്രാപ്രദേശിലേക്ക്. വിശ്രമ ജീവിതം നയിക്കുന്ന ഒരു ആംഗ്ലിക്കന്‍ ബിഷപ്പിനെ പൊക്കിയെടുത്ത് തിരുവല്ലയില്‍ കൊണ്ടുവന്നു. മാര്‍ത്തോമ്മ, യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകളിലെ അഭിവന്ദ്യന്മാരെ സഹകാര്‍മികരാക്കി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്ത് ഒരു കൂറ്റന്‍ മെത്രാഭിഷേക ചടങ്ങ് ഗംഭീരമായി നടത്തി. പത്രക്കാരെയും ചാനലുകാരെയും മാത്രമല്ല സ്ഥലത്തെ പ്രധാന ദിവ്യന്മാരെയെല്ലാം ചടങ്ങില്‍ പങ്കെടുപ്പിച്ചു. മൊത്തം ചെലവായ പണത്തിന്റെ കണക്ക് മൂന്ന് കോടിയില്‍ അധികരിച്ചു എന്നാണ് നിഷ്പക്ഷ നിരീക്ഷകരുടെ വിലയിരുത്തല്‍.
വിദേശത്ത് നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്നു പറഞ്ഞ് ശേഖരിച്ച പണം ആ വഴിക്ക് ചെലവഴിച്ചില്ല. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ബിസിനസില്‍ പങ്കാളികളാക്കിയ പല വിദേശികളും കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടപ്പോള്‍ കേസുകള്‍ ഫയല്‍ ചെയ്തു. സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കള്‍ സ്വന്തം മകനും മകള്‍ക്കും നിയന്ത്രണമുള്ള വിവിധ ട്രസ്റ്റുകള്‍ക്ക് കീഴിലാക്കി. മകനെ തന്റെ പിന്‍ഗാമിയാക്കി സഭയുടെ പരമാധ്യക്ഷ സ്ഥാനവും സഭാവക സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും നല്‍കി. മകളുടെ ഭര്‍ത്താവിന് മെഡിക്കല്‍ കോളജിന്റെ നടത്തിപ്പും റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ സൂത്രധാരത്വവും.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞ് വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവന്ന 6,000 കോടി രൂപ ക്രമവിരുദ്ധമായി വിനിമയം ചെയ്തതായിട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. സമര്‍ഥമായി കുഴല്‍പ്പണ ഏര്‍പ്പാട് നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ ശേഖരിച്ചു. വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങള്‍ പരിപൂര്‍ണമായും ലംഘിച്ചാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ബേങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്ന് മരവിപ്പിച്ചു. അനധികൃതമായി പണം ചെലവഴിച്ചതിന്റെ കൃത്യമായ തെളിവുകള്‍ ബന്ധപ്പെട്ടവര്‍ ഒളിപ്പിച്ചിരിക്കുകയാണ് എന്നറിയുന്നു. അമേരിക്കയിലെയും കാനഡയിലെയും ചില ക്രിസ്ത്യന്‍ ഏജന്‍സികള്‍ ഇന്ത്യയില്‍ ക്രിസ്തുമത പ്രചാരണത്തിനെന്നു പറഞ്ഞ് വന്‍തോതില്‍ ധനശേഖരണം നടത്തുകയും ഇന്ത്യയില്‍ തട്ടിക്കൂട്ടിയ വിവിധ തരികിട ട്രസ്റ്റുകള്‍ക്ക് കൈമാറുകയും ചെയ്യുന്നതായിട്ടാണ് തെളിഞ്ഞിരിക്കുന്നത്. നിരോധിച്ച നോട്ടുകെട്ടുകളുടെ അട്ടികള്‍ കൂടാതെ പതിനഞ്ച് കോടിയോളം രൂപ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായിട്ടാണ് വാര്‍ത്താ ലേഖകന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഭാസ്ഥാപനങ്ങളുടെ ഭൂഗര്‍ഭ അറകളില്‍ നിന്നാണ് ഇത്തരം നിക്ഷേപങ്ങള്‍ കണ്ടെത്തിയത്. പണ്ട് ഇത്തരം ഭൂഗര്‍ഭ അറകള്‍ വിശ്വാസികളുടെ മൃതശരീരം സംസ്‌കരിക്കാനാണ് പ്രയോജനപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ പുതുതലമുറ അവിടെ അപഹരിക്കപ്പെട്ട ധനം സൂക്ഷിക്കാന്‍ ഉള്ള സുരക്ഷിത സങ്കേതങ്ങളായി ഉപയോഗിക്കുന്നു. ഹാ കഷ്ടം! ഡല്‍ഹിയിലെ സഭയുടെ ആരാധനാ കേന്ദ്രത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് നാല് കോടിയായിരുന്നു.
കേന്ദ്ര ധനവിനിയോഗ അന്വേഷണ ഏജന്‍സികള്‍ ഇതിനു മുമ്പും പല സഭാപ്രവര്‍ത്തകരുടെയും ആസ്ഥാന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വളരെപ്പെട്ടെന്ന് ഉന്നതങ്ങളില്‍ നിന്ന് കിട്ടിയ സന്ദേശങ്ങളെ തുടര്‍ന്ന് അവരെയെല്ലാം പിടിച്ചതിലും വേഗത്തില്‍ വിട്ടയച്ചിട്ടുമുണ്ട്. നമ്മുടെ ധനകാര്യ അന്വേഷണ ഏജന്‍സികളുടെ സത്യസന്ധതയും ആത്മാര്‍ഥയും എന്നും സംശയത്തിന്റെ നിഴലിലാണ്. ഇവര്‍ക്ക് അല്‍പ്പമെങ്കിലും പേടിയുണ്ടായിരുന്നത് മാധ്യമങ്ങളുടെ കഴുകന്‍ കണ്ണുകളെയായിരുന്നു. നീതി ദേവതയുടെ രണ്ട് കണ്ണുകളും എന്നതു പോലെ മാധ്യമങ്ങളുടെ ഒരു കണ്ണെങ്കിലും സമീപ കാലത്ത് കെട്ടപ്പെട്ട അവസ്ഥയിലാണ്. രണ്ട് കണ്ണും തുറന്നുപിടിച്ച് കാണേണ്ടതു പോലെ നോക്കിയാലല്ലേ എല്ലാം കൃത്യമായി കാണാന്‍ ആകൂ. അത്തരം കാഴ്ചകളൊന്നും ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ ഈ റെയ്ഡ് വാര്‍ത്തകള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി പര്യവസാനിക്കാന്‍ ഏറെക്കാലമൊന്നും വേണ്ടിവരില്ല.
കെ സി വര്‍ഗീസ്