Ongoing News
പ്രവാസിവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുക്കണമെന്ന് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ
അബുദാബി | പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 2014ൽ തുടങ്ങിയ പോരാട്ടം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയും സന്തോഷവും നൽകുന്നതായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. കേരളമടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചുവെന്നാണ് മനസിലാക്കുന്നത്. എത്രയും വേഗം നിയമമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് അഭ്യർഥന. കാരണം പ്രവാസികളുടെ ദീർഘകാല കാത്തിരിപ്പിന് ഇനിയെങ്കിലും അവസാനമാകണം. അവധി ലഭിക്കാത്തതുകൊണ്ടും ഉയർന്ന വിമാനടിക്കറ്റ് നിരക്ക് താങ്ങാൻ ആവാത്തത് കൊണ്ടും വോട്ടവകാശം വിനിയോഗിക്കാൻ ആവാത്തവരാണ് ഭൂരിഭാഗം പ്രവാസികളും.
മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ നാട്ടിൽപോയിരുന്നവരിൽ ഏറെപ്പേർക്കും കൊവിഡ് യാത്രാനിയന്ത്രങ്ങൾ കാരണം അതിന് കഴിയാത്ത സവിശേഷ സാഹചര്യമാണ് കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ കാണുന്നത്. വരുന്ന തിരഞ്ഞെടുപ്പിലെങ്കിലും ക്ലേശങ്ങൾ സഹിക്കാതെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം ഒരുക്കേണ്ടത് പ്രവാസികളോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി സർക്കാർ കാണണമെന്നും ഡോ. ഷംഷീർ അഭ്യർഥിച്ചു.
കഴിഞ്ഞ ഫെബ്രവരിയിൽ കേരള പ്രവാസികമ്മീഷൻ അംഗമെന്ന നിലയിൽ ഇതേ ആവശ്യമുന്നയിച്ചു ഡോ ഷംഷീർ കമ്മീഷനിൽ പ്രമേയം കൊണ്ടുവന്നിരുന്നു. കമ്മീഷൻ അത് ഒറ്റക്കെട്ടായി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെയും നിയമമന്ത്രാലയത്തെയുമൊക്കെ ആവശ്യം ആവർത്തിച്ചറിയിച്ചിരുന്നതായും ഡോ. ഷംഷീർ പറഞ്ഞു. “സുപ്രീംകോടതിയിലെ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന് തുടക്കം മുതൽ അനുകൂല നിലപാടായിരുന്നു. അതാണ് ഇപ്പോഴത്തെ നിർണ്ണായക നീക്കത്തിലും പ്രതിഫലിക്കുന്നത്. പോസ്റ്റൽ ബാലറ്റ് എന്ന നിർദ്ദേശം കമ്മീഷന്റെ നേരത്തെയുള്ള റിപ്പോർട്ടിൽ ഇടം പിടിച്ചിരുന്നു. അതിന്റെ മറ്റു വിശദാംശങ്ങൾ ചർച്ചകളിലൂടെ അന്തിമമാക്കണം. ഇനിയും കാലതാമസമില്ലാതെ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ഹർജിക്കാരൻ എന്ന നിലയിൽ നിയമമന്ത്രാലയത്തിന് കത്തയക്കും. കേന്ദ്ര നിയമമന്ത്രിയെ നേരിൽ കണ്ട് ആവശ്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വോട്ട് നാൾ വഴി
28.03.2014 : പ്രവാസികൾക്ക് നാട്ടിൽ വരാതെ വോട്ടവകാശം തേടി ഡോ. ഷംഷീർ വയലിൽ നൽകിയ ഹർജിയിൽ കോടതി നോട്ടീസ് അയച്ചു.
11.04.2014: ആവശ്യം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സമിതി രൂപീകരിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.
ഒക്ടോബർ 2014: കമ്മീഷൻ കോടതിയിൽ റിപ്പോർട്ട് നൽകി
14.11.2014 : പ്രോക്സി വോട്ടിംഗ് അടക്കമുള്ള നിർദ്ദേശങ്ങളുമായുള്ള കമ്മീഷൻ റിപ്പോർട്ട് റിപ്പോർട്ടിൽ കോടതി കേന്ദ്രസർക്കാട് നിലപാട് തേടി
12.01.2015 : ശുപാർശകൾ അംഗീകരിക്കുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു. ആഭ്യന്തര കുടിയേറ്റക്കാർക്ക് സ്വദേശത്ത് എത്താതെ വോട്ടവാകാശം നൽകണമെന്ന ആവശ്യം ഉണയിച്ചുള്ള അപേക്ഷയിൽ കോടതി നോട്ടീസ് അയച്ചു.
14.07.2017 : പ്രവാസി വോട്ട് നടപ്പാക്കാൻ നിയമഭേദഗതി ചെയ്യുന്നതിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന് കോടതി ഉത്തരവ്
21.07.2017: ജനപ്രാതിനിധ്യ നിയമ ഭേദഗതിക്ക് തീരുമാനം ആയതായി സർക്കാർ കോടതിയെ അറിയിച്ചു.
19.11.2017: നിയമഭേദഗതി ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.
17.12.2018 : ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ വയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ പിന്നീട് ലോക്‌സഭയുടെ കാലാവധി തീർന്നതോടെ ബിൽ അസാധുവായി.
20. 02.2020 : പ്രവാസിവോട്ട് ഹർജി ഏപ്രിലിൽ തീർപ്പാക്കുമെന്ന് സുപ്രീംകോടതി പരാമർശം.
(കൊവിഡ് കാരണം കേസ് പരിഗണിക്കുന്നതിൽ കാലതാമസം)
28.02.2020: പ്രവാസിവോട്ടവകാശത്തിനായി ഉടൻ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ഹർജിക്കാരനും കേരള എൻആർഐ കമ്മീഷൻ അംഗവുമായ
ഡോ. ഷംഷീർ വയലിൽ കൊണ്ടുവന്ന പ്രമേയം കമ്മീഷൻ പാസാക്കി. ആവശ്യമുന്നയിച്ചു കേന്ദ്ര നിയമമന്ത്രാലയത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ കമ്മീഷൻ തീരുമാനം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ എൻആർഐ കമ്മീഷനുകളുമായും ചർച്ചയ്ക്ക് ധാരണയായി.
നവംബർ 2020 : പ്രവാസി വോട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിൽ നടപ്പാക്കണമെന്ന് നിയമമന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ.
---- facebook comment plugin here -----