Kasargod
കൗതുകമുണർത്തി ഇ എം എസിന്റെ കാലത്തെ തിരഞ്ഞെടുപ്പ് പത്രിക
തൃക്കരിപ്പൂർ | സംസ്ഥാന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾ നാടുണർത്തി മുന്നോട്ട് പോകുമ്പോൾ കേരള സംസ്ഥാനം രൂപവത്കരിച്ച ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടഭ്യർഥനാ നോട്ടീസ് കൗതുകമാകുന്നു. വർണ വൈവിധ്യങ്ങൾ നിറഞ്ഞ പ്രചാരണോപാധികൾ ഉള്ള വർത്തമാന കാലവും ആദ്യ തിരഞ്ഞെടുപ്പിന്റെ രീതികളും അജഗജാന്തരം വ്യത്യാസമുണ്ടെന്ന് തെളിയിക്കുന്നതാണ് പഴയകാല പ്രചാരണ നോട്ടീസ്. ഒരു നിധി പോലെ പ്രവർത്തകർ സൂക്ഷിച്ചു വെച്ച ഇത്തരം നോട്ടീസുകൾ പുതു തലമുറക്ക് പുത്തൻ അറിവാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി നീലേശ്വരം ദ്വയാംഗ അസംബ്ലി മണ്ഡലത്തിൽ 1957 ഫെബ്രുവരി 28 ന് നടന്ന തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടായിരുന്നത് ഇ എം എസ് നമ്പൂതിരിപ്പാടും കല്ലളൻ വൈദ്യരുമായിരുന്നു. അതോടൊപ്പം കാസർകോട് പാർലിമെന്ററി മണ്ഡലത്തിൽ എ കെ ജി ആയിരുന്നു സ്ഥാനാർഥി. ഈ മൂവർക്കുമായി ഒരു നോട്ടീസ് ഉപയോഗിച്ചാണ് അന്ന് വോട്ടഭ്യർഥന നടത്തിയിരുന്നത്. നീലേശ്വരത്ത് എതിർ സ്ഥാനാർഥിയായിരുന്നത് സോഷ്യലിസ്റ്റായിരുന്ന തൃക്കരിപ്പൂർ സ്വദേശി ടി വി കോരനായിരുന്നു. അരിവാളും കതിരുമായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ രൂപപ്പെട്ടതും തുടർന്ന് പാർട്ടി പിളർന്ന ശേഷം സി പി എം രൂപവത്കരിച്ചതും ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം സ്വീകരിച്ചതും ചരിത്രം.