Connect with us

Articles

ബേങ്കിംഗ് മേഖല: കളംവാഴാന്‍ ഇനി കോര്‍പറേറ്റുകളും

Published

|

Last Updated

2020 ജൂണ്‍ 12ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, നിലവിലെ ഉടമസ്ഥാവകാശ മാര്‍ഗ നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യാനും കോര്‍പറേറ്റുകള്‍ക്ക് ബേങ്കിംഗ് രംഗത്തേക്ക് കടന്നുവരാനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാനും നിയമിക്കപ്പെട്ട ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച റിസര്‍വ് ബേങ്ക് മുമ്പാകെ അവരുടെ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട, എന്നാല്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ട ഒരു നിര്‍ദേശമാണ് കോര്‍പറേറ്റുകള്‍ക്ക് ബേങ്കിംഗ് ലൈസന്‍സ് നല്‍കുക എന്നത്. ബേങ്കിംഗ് മേഖലയിലും സ്വകാര്യവത്കരണത്തിന് ഹേതുവാകുന്ന ഒരു പരിഷ്‌കാരമായി വേണം ഇതിനെ വീക്ഷിക്കാന്‍. റിപ്പോര്‍ട്ട് റിസര്‍വ് ബേങ്കിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ അടക്കം നിരവധി വിദഗ്ധരാണ് ഇതിനെ എതിര്‍ത്തും ചോദ്യം ചെയ്തും രംഗത്തുവന്നത്.
ബേങ്കിംഗ് മേഖലയിലേക്ക് കോര്‍പറേറ്റുകള്‍ക്ക് അനുവാദം നല്‍കുന്ന ഈ ആശയം പുതിയ കാര്യമല്ല. 2013 ഫെബ്രുവരിയില്‍ കോര്‍പറേറ്റുകള്‍ക്കും വ്യാവസായിക സംരംഭങ്ങള്‍ക്കും ബേങ്കിംഗ് രംഗത്തേക്ക് കടന്നു വരാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബേങ്ക് പുറത്തുവിട്ടിട്ടുണ്ടായിരുന്നു. ചില സ്ഥാപനങ്ങള്‍ അതിനുവേണ്ടി അപേക്ഷിക്കുകയും മറ്റു ചിലര്‍ അപേക്ഷിച്ച ശേഷം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അനുയോജ്യവും ശരിയായതുമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ക്കും ലൈസന്‍സ് നല്‍കിയില്ല. എന്നാല്‍ 2014ല്‍ കോര്‍പറേറ്റുകൾ ബേങ്കിംഗ് രംഗത്തേക്ക് വരാതിരിക്കാൻ നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുകയുണ്ടായി. 2008ല്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട ഫിനാന്‍ഷ്യല്‍ സെക്ടര്‍ റീഫോം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന് നിയന്ത്രണം ഉണ്ടായിരിക്കെ ഇന്ത്യ പോലെയുള്ള രാജ്യത്ത് കോര്‍പറേറ്റുകള്‍ക്ക് ബേങ്കിംഗ് മേഖലയിലേക്ക് അവസരം നല്‍കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിച്ചിരുന്നു. ശേഷം 2020ലെ റിപ്പോര്‍ട്ടിലാണ് 1949ലെ ബേങ്കിംഗ് റെഗുലേഷന്‍ ആക്ടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി, കോര്‍പറേറ്റുകള്‍ക്ക് അവസരം ഒരുക്കാനുള്ള നിര്‍ദേശം വീണ്ടും മുന്നോട്ട് വെച്ചത്.

കോര്‍പറേറ്റുകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും ബേങ്കിംഗ് രംഗത്തേക്ക് പ്രവേശനം നല്‍കുന്നതോടെ ചില പ്രശ്‌നങ്ങള്‍ക്ക് അത് കാരണമായേക്കും. സാമ്പത്തിക, രാഷ്ട്രീയ ശക്തിയുടെ കേന്ദ്രീകരണം സംഭവിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു സമ്പദ് വ്യവസ്ഥയുടെ കാതലായ മേഖലകള്‍ പിടിച്ചടക്കാനുള്ള രാഷ്ട്രീയ സാമ്പത്തിക ശക്തി കൈവരിക്കുന്നതിലൂടെ “സയിബാത്ത്‌സു”വിന്റെ (Zaibatsu) മറ്റൊരു പതിപ്പായി ഈ സംരംഭങ്ങള്‍ മാറും. സാമ്പത്തിക- വ്യാവസായിക സംയോജിത ബിസിനസ് കൂട്ടായ്മകള്‍ക്കാണ് സയിബാത്ത്‌സു എന്ന ജാപ്പനീസ് വാക്ക് ഉപയോഗിക്കാറുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, വിദേശകാര്യ നയങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള രൂപത്തിലായിരിക്കും ഇതിന്റെ വളര്‍ച്ച.

കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനം മുഖ്യമായും അതിനു സപ്പോര്‍ട്ട് ചെയ്യാന്‍ ഉതകുന്ന രൂപത്തില്‍ ബേങ്കിംഗ് സ്ഥാപനത്തെ സംവിധാനിക്കും. ജപ്പാനിലെ ഇത്തരം സ്ഥാപനങ്ങള്‍ ലോക മഹായുദ്ധത്തിലേക്ക് എത്തിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്, എന്നുവെച്ചാല്‍ സ്വാധീന ശക്തി വളരെ കൂടുതലാണ് എന്നര്‍ഥം. യുദ്ധത്തിന് ശേഷം അത്തരം കൂട്ടായ്മകളെ പിന്നീട് ലോക രാജ്യങ്ങള്‍ കാര്യമായി പ്രോത്സാഹിപ്പിച്ചിട്ടില്ല. കോര്‍പറേറ്റുകളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന സ്വഭാവം രാജ്യത്തിന് ആത്യന്തികമായി നല്ലതല്ല. അതുകൊണ്ട് തന്നെ അധികാര കേന്ദ്രീകരണ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഒരു പരിധിവരെ വിട്ടുനിര്‍ത്തണം.
കൂടാതെ ജനങ്ങളുടെ നിക്ഷേപത്തിന് ബേങ്ക് ഉറപ്പുനല്‍കുന്ന ഗ്യാരന്റി മറികടന്ന് മറ്റു വാണിജ്യ മേഖലയിലേക്ക് ഇതിന്റെ സമ്പര്‍ക്കം വ്യാപിപ്പിക്കാനുള്ള മേല്‍ക്കോയ്മ കോര്‍പറേറ്റുകള്‍ക്ക് കൈവരും. കോര്‍പറേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിന്റെ പ്രധാന സ്രോതസ്സായി അവരുടെ തന്നെ ബേങ്കിംഗ് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തും. ബേങ്കില്‍ വരുന്ന നിക്ഷേപങ്ങളെ അവരുടെ സ്വകാര്യ ആവശ്യങ്ങളിലേക്ക് ഇഷ്ടം പോലെ ചെലവഴിക്കാനും ക്രയവിക്രയം നടത്താനും സാധിക്കുന്നു. അവരുടെ ബിസിനസ് പുഷ്ടിപ്പെടുത്താനുള്ള ദിശകളിലേക്ക് മാത്രം ബേങ്കിംഗ് പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനും സഹായിക്കും. രാഷ്ട്രീയക്കാര്‍ ബേങ്കുകളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പോലെ കോര്‍പറേറ്റുകള്‍ അവരുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് വേണ്ടി അവരുടെ തന്നെ ബേങ്കിംഗ് സ്ഥാപനങ്ങളെ കൂടുതല്‍ ആശ്രയിക്കും. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്ന ഒരു ബേങ്കിന് നിക്ഷേപകരുടെ പണത്തിന് എത്രത്തോളം ഗ്യാരന്റി നല്‍കാനാകും എന്ന സംശയം ഇവിടെ ബാക്കിയാകുന്നു. സാധാരണ ബേങ്കുകളില്‍ നിന്ന് കോര്‍പറേറ്റുകള്‍ വലിയ തുക കടമെടുത്ത് തിരിച്ചടക്കാത്തത് മൂലം ബേങ്ക് തകര്‍ന്ന് പാവപ്പെട്ട ജനങ്ങള്‍ പ്രയാസപ്പെടുന്നത് ഇന്ത്യാ രാജ്യത്ത് നടന്ന കാര്യങ്ങളാണ്.

അതുകൊണ്ട് ഇത്തരം പദ്ധതികള്‍ തുടങ്ങുന്നതിന് മുമ്പ്, ഇവയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ഒരു നിയമ ഭേദഗതി അത്യാവശ്യമാണെന്ന് നിയോഗിക്കപ്പെട്ട കമ്മിറ്റി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. എത്രത്തോളം ശക്തമായ നിയമങ്ങള്‍ ഉണ്ടായാല്‍ പോലും ഇത്തരം കൂട്ടായ്മകളുടെ പരിധിവിട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കല്‍ സ്വല്‍പ്പം പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയില്‍ നിയമം ഇല്ലാത്തത് കൊണ്ടല്ലല്ലോ കോടികള്‍ തട്ടിപ്പു നടത്തിയ പ്രമുഖര്‍ ഇപ്പോഴും സ്വതന്ത്രമായി വിലസുന്നത്. അവര്‍ക്ക് പരോക്ഷമായി ലഭിക്കുന്ന ഉന്നതരുടെ പിന്തുണ കൊണ്ടാണെന്ന് തീര്‍ച്ച. ഇനി വല്ല വിധേനയും ഇവയെ നിയന്ത്രിക്കാനുള്ള ശക്തമായ നിയമം കൊണ്ടുവരികയാണെങ്കില്‍ തന്നെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവയെ തടയലും കോര്‍പറേറ്റുകള്‍ക്ക് എളുപ്പമാണ്.

കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബേങ്കിംഗ് മേഖലയിലേക്ക് അനുമതിയില്ലാത്ത ഈ അവസ്ഥയിലും അവര്‍ക്ക് വേണ്ടി ധാരാളം ഒത്താശകളും ഭേദഗതികളും ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍, ബേങ്കിംഗ് മേഖലയിലേക്ക് കൂടി അവരെ ക്ഷണിച്ചാല്‍ പ്രയാസപ്പെടാന്‍ പോകുന്നത് സാധാരണ ജനങ്ങളാണ്. പാവപ്പെട്ട കര്‍ഷകരോ സാധാരണ ജനങ്ങളോ കടം തിരിച്ചടക്കാതെ വരുമ്പോള്‍ ജപ്തിയും ഭീഷണിയുമായി വരുന്ന ഈ രാജ്യത്ത് തന്നെയാണ് കോര്‍പറേറ്റ് ഭീമന്മാരുടെ കോടികളുടെ കടങ്ങള്‍ കിട്ടാക്കടമായി എഴുതിത്തള്ളുന്നതെന്നും ഓര്‍ക്കണം. നോണ്‍ ബേങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനീസ് രൂപത്തില്‍ ചില സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും, ബേങ്ക് രൂപത്തിലേക്ക് മാറാന്‍ പത്ത് വര്‍ഷത്തെ വിജയകരമായ ട്രാക്ക് റെക്കോര്‍ഡ് ആവശ്യമാണെന്നാണ് പറയുന്നത്. ഈയൊരു പ്രോത്സാഹനം തീര്‍ച്ചയായും കൂടുതല്‍ കോര്‍പറേറ്റുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമാണ്.
നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിട്ടുപോലും വിവിധ ബേങ്കുകള്‍ പല വിഷയങ്ങളിലും പരാജയപ്പെടുമ്പോള്‍ ഇത്തരം അപകടകരമായ ഒരു നിയമ ഭേദഗതിയുടെ താത്പര്യം എന്തായിരിക്കും? ബേങ്കിംഗ് രംഗത്തേക്ക് ഇതിലും നൂതനമായ നയങ്ങളും നിയമ നിര്‍മാണങ്ങളും നടത്താനും നടപ്പാക്കാനും സാധിക്കുന്ന നിരവധി ഫിനാന്‍ഷ്യല്‍ വിദഗ്ധരും പ്രൊഫഷനലുകളും ഉള്ള രാജ്യത്ത് അവരെയൊന്നും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താതെ ഇത്തരം കുറുക്കു വഴികള്‍ സ്വീകരിക്കുന്നത് തീര്‍ച്ചയായും പ്രശ്‌നത്തിലേക്ക് നയിക്കുന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പരിരക്ഷിക്കാതെ സ്വകാര്യ കമ്പനികള്‍ക്കും വ്യാവസായിക ഭീമന്മാര്‍ക്കും ബേങ്കിംഗ് മേഖല തുറന്നു കൊടുക്കുന്നതുമൂലം, ബേങ്കിംഗ് മേഖലയും പതിയെ സ്വകാര്യവത്കരണത്തിലേക്ക് വഴി തുറക്കുമെന്ന കാര്യം തീര്‍ച്ചയാണ്. രാജ്യം നേരിട്ട സാമ്പത്തിക മേഖലകളിലെ അപകടങ്ങള്‍ വിലയിരുത്തി ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരികയും റിസര്‍വ് ബേങ്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നടപ്പാക്കി ശക്തമായൊരു നിയമ പരിരക്ഷയാണ് ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത്.

നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം പുതിയ പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് നോക്കിക്കാണണം. ചില സ്വകാര്യ താത്പര്യങ്ങള്‍ക്ക് കുറുക്കുവഴി സ്വീകരിക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വലിയ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന കാര്യം മറന്നു പോകരുത്.

---- facebook comment plugin here -----

Latest