Connect with us

Ongoing News

കളിക്കളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് അങ്കത്തിന്

Published

|

Last Updated

ഐ എം വിജയനൊപ്പം സുബൈർ

വേങ്ങര | മലപ്പുറത്തിന്റെ ഫുട്‌ബോൾ താരവും ഇത്തവണ തിരഞ്ഞെടുപ്പ് അംഗത്തിന്. പറപ്പൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിലാണ് ഫുട്‌ബോൾ താരം കെ പി സുബൈർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മുസ്‌ലിം ലീഗിന് നൽകിയ സീറ്റിലാണ് യു ഡി എഫ് സ്ഥാനാർഥിയായി അംഗത്തിനിറങ്ങിയത്. ഗോളടിക്കാനൊരുങ്ങുന്നത്. പറപ്പൂർ ഐ യു ഹൈസ്‌കൂൾ ടീമംഗമായി ഫുട്ബാൾ കളികളത്തിലേക്കിറങ്ങിയ സുബൈർ സന്തോഷ് ട്രോഫിയിൽ രണ്ട് തവണ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2010 ൽ കോയമ്പത്തൂരിലും 2011ൽ കൊൽക്കത്തയിലും നടന്ന സന്തോഷ് ട്രോഫിയിൽ സ്‌ട്രൈക്കറായിരുന്ന സുബൈർ രണ്ട് ടൂർണമെന്റുകളിലായി എട്ട് ഗോളുകൾ കേരളത്തിനായി നേടിയിട്ടുണ്ട്. ഈ ടൂർണമെന്റിലെ ഹാട്രിക് നേട്ടവും സുബൈറിന് സ്വന്തമാണ്. കൊൽക്കത്ത മുഹമ്മദൻസ് ക്ലബ്ബ്, ഭവാനിപൂർ എഫ് സി, ഐ ടി ഐ ബെംഗളൂരു എന്നിവ ഉൾപ്പെടെ പ്രമുഖ ടീമുകൾക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞ് ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം കളിക്കളത്തിൽ പൊരുതിയിട്ടുണ്ട്.

ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ആംബ്രോസ് എന്നാണ് സുബൈർ അറിയപ്പെടുന്നത്. ഫുട്‌ബോൾ താരമായ ആംബ്രോസിനോട് രൂപ സാദൃശ്യമുള്ളത് കൊണ്ടാണ് ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ആംബ്രോസ് എന്ന പേര് വന്നത്. കഴിഞ്ഞ തവണ ലീഗിന് അടിതെറ്റിയ വാർഡിലാണ് സുബൈറിനെ ലീഗ് നേതൃത്വം കളത്തിലിറക്കിയിരിക്കുന്നത്.
പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനും പൊതു പ്രവർത്തകനുമായ ഇടത് സ്വതന്ത്രൻ ചെമ്പകശ്ശേരി കബീറിനോടാണ് സുബൈറിന്റെ മത്സരം.