Ongoing News
ഡോക്ടർ പ്രചാരണ ചൂടിലാണ്...

ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർമാർ ജനസേവന രംഗത്തും പുതുചരിതം തീർക്കാൻ ഒരുങ്ങുകയാണ്. മുന്‍കാലങ്ങളിലും ഡോക്ടർമാർ മത്സര രംഗത്തുണ്ടെങ്കിലും ഇത്തവണയും സ്ഥാനാർഥികൾക്ക് കുറവൊന്നുമില്ല. അവരിൽ ചിലരെ പരിചയപ്പെടാം.
ജനവിധി തേടി ഹോമിയോ ഡോക്ടർ

ഡോ. ഉമ്മുഹബീബ
തിരൂരങ്ങാടി | നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പനക്കത്താഴം 17-ാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. പി ഉമ്മുഹബീബ (24) ക്ക് ഇത് കന്നിയങ്കം. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ നിന്നും 2018ൽ ബി എസ് എച്ച് എം എസ് നേടിയ ഇവർ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നത്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ ഇവരും കോൺഗ്രസ് പ്രവർത്തകനായ ഭർത്താവ് മറ്റത്ത് ഇസ്ഹാഖും ഈ വാർഡിൽ തന്നെയാണ് താമസം. സ്വന്തമായി ക്ലിനിക് നടത്തിയിരുന്ന ഇവർ ഇപ്പോൾ വീട്ടിൽ തന്നെ പ്രാക്ടീസ് ചെയ്യുന്നു. കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് തനിച്ച് മത്സരിച്ച് വിജയിച്ച ഈ സീറ്റ് ഈ തവണ യു ഡി എഫ് ധാരണയനുസരിച്ച് കോൺഗ്രസിന് നൽകുകയായിരുന്നു. ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ കെ സുലോചനയാണ് എതിർ സ്ഥാനാർഥി.
വിജയം മുന്നില്‍ കണ്ട് കോട്ടക്കലില്‍ കന്നിയങ്കത്തിന്

ഡോ. ഹനീഷ
കോട്ടക്കൽ | നഗരസഭയിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് ഡേ. ഹനീഷ. നഗരമുഖമായ ടൗൺ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. മുസ്്ലിം ലീഗ് സ്ഥാനാർഥിയായി രംഗത്തുള്ള ഡോക്ടർ പാരമ്പര്യ രാഷ്ട്രീയ കുടുംബത്തിലെ അംഗം കൂടിയാണ്.
നിലവിലെ സ്ഥിരം സമിതി അധ്യക്ഷ ടി വി സുലൈഖാബിയുടെ മകളാണ്. കാലങ്ങളായി ലീഗ് സ്വന്തമാക്കിയ മൂന്നാം വാർഡിലെ അംഗമെന്ന നിലയിൽ ഇക്കുറി നഗരസഭയിൽ ഒരു ഡോക്ടർ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. കോട്ടക്കൽ ആയൂർവേദ കോളജിൽ പഠനം പൂർത്തിയാക്കിയ ഹനീഷ തോഴനൂർ ഗവ. ആയുർവേദ ആശുപത്രിയിലായിരുന്നു സേവനം. പിന്നീട് 14 വർഷത്തോളം വിദേശത്ത്.
ഇപ്പോൾ കോട്ടക്കൽ അൽ ശാഫി ആയുർവേദ ആശുപത്രിയിൽ സേവനം ചെയ്യുന്നു. മുസ്്ലിം ലീഗിലെ പ്രൊഫഷനൽ ലീഗ്, മുനിസിപ്പൽ വനിതാ ലീഗ് എന്നിവയിലെ അംഗമാണ്.
ടൗൺ വാർഡെന്ന നിലയിൽ മുൻ അംഗങ്ങൾ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം കുടിവെള്ള പ്രശ്‌നം, വിദ്യാഭ്യാസം ആരോഗ്യം, സ്ത്രീ സുരക്ഷ എന്നിവക്ക് മുഖ്യ പരിഗണന നൽകുമെന്ന് ഇവർ പറഞ്ഞു. ഡോ. കെ വി ഹംസയാണ് ഭർത്താവ്.
പ്രശ്നം പരിഹരിക്കാന്‍ ഹോമിയോ ചികിത്സ

ഡോ. സമീന
മലപ്പുറം | ഹോമിയോ ഡോക്ടറാണ് മലപ്പുറം നഗരസഭാ 29-ാം വാർഡ് കോണോംപാറയിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
നാല് വർഷത്തോളമായി കുന്നുമ്മൽ സഹകരണ ഹോമിയോ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. സമീന അസ്‌കർ കപ്പൂർ തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനാണ് ഇറങ്ങുന്നത്. കോട്ടയം എ എൻ എസ് എസ് ഹോമിയോ കോളജിൽ നിന്ന് ബിരുദം പൂർത്തീകരിച്ച് ആശുപത്രിയിലും കോണോംപാറ വീട്ടിലെ ക്ലിനിക്കിലും രോഗികളെ ചികിത്സിച്ച് വരികയാണ്.
യു ഡി എഫിന്റെ സിറ്റിംഗ് വാർഡാണിത്. കഴിഞ്ഞ തവണ മുസ്‌ലിം ലീഗിന്റെ സി കെ ജലീൽ 463 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് നഗരസഭയിലെത്തിയത്.
ഇത്തവണ മുസ്‌ലിം ലീഗിന്റെ സി കെ നാജിയ ശിഹാറാണ് എതിർ സ്ഥാനാർഥി. മഞ്ചേരി ബി എസ് എൻ എലിലെ ജീവനക്കാരനായ അശ്കറലിയാണ് സമീറയുടെ ഭർത്താവ്. ഷസ ഫാത്വിമ, മിൻഹാ ഫാത്വിമ എന്നിവർ മക്കളാണ്.
“കൈ”വിട്ട വാർഡ് തിരികെ പിടിക്കാൻ ദന്ത ഡോക്ടർ

ഡോ. സൈഫു കടവത്ത്
തിരൂരങ്ങാടി | ആതുര സേവന രംഗത്ത് മികച്ച സേവനം ചെയ്യുന്ന ദന്ത ഡോക്ടറായ സൈഫു കടവത്ത് തിരൂരങ്ങാടി നഗരസഭയിലേക്ക് 29 -ാം ഡിവിഷനിലാണ് കന്നിയങ്കം കുറിക്കുന്നത്.
പള്ളിപ്പടിയിലെ കടവത്ത് സെയ്തലവിയുടെ മകളായ ഈ 33കാരി പഠന കാലം തൊട്ട് കെ എസ് യുവിൽ പ്രവർത്തിച്ച് വരികയായി
രുന്നു.
കോതമംഗലം സെന്റ്ഗ്രിഗോറിയസ് ഡെന്റൽ കോളജ്, എം ജി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇവർ ഇപ്പോൾ എ ആർ നഗർ പഞ്ചായത്തിൽ സ്വന്തമായി അൽശിഫ ഡെന്റൽ ക്ലിനിക്ക് നടത്തി വരുന്നു.
ഭർത്താവ് മമ്പുറം സ്വദേശിയായ മംഗലശ്ശേരി ഹാഫിസ് സഊദിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. സാമൂഹിക സാംസ്‌കാരിക സേവന രംഗത്ത് കൂടുതൽ ഇടപെടലുകൾ വേണമെന്ന ഉറച്ച നിലപാടുള്ള ഇവർ ഈ മാറ്റത്തിനായാണ് മത്സരത്തിനിറങ്ങുന്നത്. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രയാസങ്ങളിൽ അവർക്ക് കൂട്ടായി നിൽക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.സൈഫു സിറാജിനോട് പറഞ്ഞു.
യു ഡി എഫ് സ്ഥാനാർഥിയായ ഇവർ കൈപ്പത്തി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. യു ഡി എഫ് ഒരു തവണ വിജയിച്ചിട്ടുള്ള ഈ ഡിവിഷൻ തിരിച്ചുപിടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.
പി ജി വിദ്യാർഥിനിയായ നദീറ കുന്നത്തേരിയാണ് ഇവിടെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർഥി.