Ongoing News
ജനപ്രതിനിധിയാകാൻ അങ്കത്തട്ടിൽ വിദ്യാർഥികളും

തദ്ദേശ തിരഞ്ഞെടുപ്പിൽ വിദ്യാർഥികളും വിവിധ വാർഡ്
തലങ്ങളിൽ മത്സര രംഗത്തുണ്ട്. ഇവരിൽ ചിലരെ പരിചയപ്പെടുത്തുന്നു
തിരഞ്ഞെടുപ്പ് വ്യൂഹം ഭേദിക്കാൻ അഭിമന്യു

അഭിമന്യു
താനൂർ | പരീക്ഷ ചൂടിനിടയിലാണ് അഭിമന്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. താനൂർ നഗരസഭയിലെ പതിനഞ്ചാം ഡിവിഷൻ രായിരി മംഗലം വെസ്റ്റിൽ നിന്ന് എൽ ഡി എഫ് സ്വതന്ത്രനായി ജനവിധി തേടുന്ന അഭിമന്യു കോഴിക്കോട് നാഷനൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ ഒ ടി സ്മാർട്ട് ഹെൽത്ത് കെയർ വിദ്യാർഥിയാണ്. ബുധനാഴ്ച തുടങ്ങുന്ന പരീക്ഷകൾക്കുള്ള പഠനം നടക്കുന്നതിനിടയിൽ രാവിലെ ഏഴ് മുതൽ 8.30 വരെയും ഉച്ചക്ക് ശേഷവും സമയം കണ്ടെത്തി വോട്ടർമാരെ കാണാനായി ഇറങ്ങും. വൈകീട്ടും രാത്രിയും പഠനത്തിനായി മാറ്റിവെക്കും. താനൂർ നഗരസഭയിലേക്ക് മത്സരിക്കുന്നവരിൽ 21 വയസ്സുമായി ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് അഭിമന്യു. തനിക്ക് നല്ല സ്വീകാര്യതയാണ് ജനങ്ങളിൽ ലഭിക്കുന്നതെന്നും ഒരു മാറ്റം അവർ ആഗ്രഹിക്കുന്നതായും അഭിമന്യു പറഞ്ഞു. തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷമാണ് ഐ ഒ ടി സ്മാർട്ട് ഹെൽത്ത് കെയർ തിരഞ്ഞെടുത്തത്. മഹാരാജാസിലെ രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ പേരായതിനാൽ യുവാക്കളിലും വലിയ ആവേശം കാണുന്നതായി അഭിമന്യു കൂട്ടിച്ചേർത്തു. അച്ഛൻ സുകുമാരൻ, അമ്മ അംബിക, സഹോദരങ്ങളായ അംബരീഷ്, അശ്വനി എന്നിവരും അഭിമന്യുവിന്റെ വിജയത്തിനായി പ്രചാരണ ഗോദയിലുണ്ട്.
പരീക്ഷാ ചൂടിനിടയിൽ തിരഞ്ഞെടുപ്പ് തിരക്കിലേക്ക് ഫാത്വിമ നജ്‌ല

ഫാത്വിമ നജ്‌ല
വേങ്ങര | നിയമ വിദ്യാർഥിയായ ഫാത്വിമ നജ്‌ല പരീക്ഷാ ചൂടിനിടയിലാണ് തിരഞ്ഞെടുപ്പ് ചൂടിലെത്തിയത്.
കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ചെറേകാട് നിന്ന് യു ഡി എഫ് സ്ഥാനാർഥിയായാണ് മുസ്‌ലിം ലീഗിന്റെ സീറ്റിൽ ഈ 22കാരിയായ നിയമ വിദ്യാർഥിനി ജനവിധി തേടുന്നത്.
എൽ എൽ ബി പഠനം ക്ലാസ് പൂർത്തീകരിച്ച് ഫൈനൽ പരീക്ഷക്ക് തയ്യാറെടുപ്പിലാണ്. പഞ്ചായത്തിൽ ആദ്യമായാണ് ഒരു നിയമ വിദ്യാർഥി ജനവിധി തേടുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിലൊന്നും പയറ്റി തെളിഞ്ഞ പാരമ്പര്യമില്ലെങ്കിലും സ്വന്തം വാർഡിൽ ജന സേവനത്തിനായി കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് നജ്‌ല.
നാട്ടിൻപുറങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി നാടിനെ സേവിക്കാനാണ് ഇവരുടെ താത്പര്യം.
വളരെ അവിചാരിതമായി തന്നെ തേടിവന്ന സൗഭാഗ്യമാണിതെങ്കിലും ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിച്ച് മുന്നേറാനാണ് ഫാത്വിമ നജ്‌ലയുടെ താത്പര്യം.
തടത്തിൽകുന്നേൽ ഇബ്റാഹിം മൈമൂന ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തവളാണ്. രാമനാട്ടുകര ഭവൻസ് ലോ കോളജിലാണ് നിയമ പഠനം. പഠനം കഴിഞ്ഞ് പ്രാക്ടീസിനൊപ്പം ജനസേവനവും ലക്ഷ്യമാണ്.
എടയൂരില്‍ സക്കീർ

കെ എ സക്കീർ
മലപ്പുറം | ജില്ലാപഞ്ചായത്തിലേക്ക് എടയൂർ ഡിവിഷനിൽ നിന്ന് കന്നിയങ്കത്തിന് ഇറങ്ങുകയാണ് കെ എ സക്കീർ. നിലവിൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുകയാണ് ഈ 27കാരൻ.
വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നതിന് നിർധന വിദ്യാർഥികൾക്ക് ടി വി നൽകുന്നതിന് മുന്നോട്ട് വന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. എടയൂർ മണ്ണത്ത്പറമ്പ് കമ്പിളിപ്പറമ്പിൽ അബ്ദുര്‍റഹ്മാന്റെയും ബിയുമ്മയുടെയും മകനാണ്. സി പി എം എടയൂർ ലോക്കൽ കമ്മിറ്റി അംഗം. ബി എസ ്സി വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരിയാണ്.
ജയമുറപ്പിക്കാൻ അഫ്‌സൽ

ഇ അഫ്‌സൽ
മലപ്പുറം | ജില്ലാപഞ്ചായത്തിലേക്ക് മംഗലം ഡിവിഷനിൽ നിന്ന് കന്നിയങ്കത്തിന് ഇറങ്ങുകയാണ് ഇ അഫ്‌സൽ. കൈനിക്കര ഇളയോടത്ത് മുഹമ്മദ്-സൽമ ദമ്പതികളുടെ മകനാണ്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റാണ് 24കാരൻ. കലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കറ്റ് അംഗമായിരുന്നു. സി പി എം ആലത്തിയൂർ ലോക്കൽ കമ്മിറ്റി അംഗം. എസ് എഫ് ഐ തിരൂർ ഏരിയാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. മലപ്പുറം പ്രിയദർശിനി കോളജിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
കന്നിയങ്കം കുറിക്കാൻ നദീറ

നദീറ കുന്നത്തേരി
തിരൂരങ്ങാടി | നഗരസഭയിലെ ആസാദ് നഗർ 29 ഡിവിഷനിൽ കന്നി അങ്കത്തിന് ഇറങ്ങുന്നത് ചരിത്രപഠന വിഭാഗത്തിലെ വിദ്യാർഥിനിയാണ് എന്നത് ശ്രദ്ധേയമാണ്. ചെമ്മാട് സി കെ നഗർ സ്വദേശി നദീറ കുന്നത്തേരി (26)യാണ് 29 ാം ഡിവിഷനിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ തവണ ഈ വാർഡിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് വിജയിച്ചിരിക്കുന്നത്.
നിലവിലെ സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ രംഗത്തിറങ്ങിയിട്ടുള്ളത്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും ഡിഗ്രിക്ക് ചെമ്മാട്ടെ സ്വകാര്യ കോളജിലേയും പഠനത്തിനുശേഷം എം എ ഹിസ്റ്ററിക്ക് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കി.
ഇപ്പോൾ അവിടെത്തന്നെ പി എച്ച് ഡി ചെയ്യുകയാണ്. തിരൂരിന്റെ പ്രദേശിക ചരിത്രം എന്ന മേഖലയിലാണ് ഗവേഷണം നടത്തുന്നത് നാടിന്റെ വികസനത്തിനും ഉയർച്ചക്കും ഉതകുന്നതരത്തിലുള്ള വികസന മാതൃകകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് നദീറ പറഞ്ഞു.
അതിൽ ഗതാഗത മാർഗങ്ങൾ നവീകരിക്കാനും ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നതിലും സ്ത്രീ സൗഹൃദപരമായ പുതിയ തൊഴിൽ രീതികളെ നാടിന് പരിചയപ്പെടുത്താനും വരുമാന മാർഗമെന്ന രീതിയിൽ ഒരു സംരംഭമായി ഉയർത്തി കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കും. തെരുവോര വിളക്കുകൾ സ്ഥാപിക്കുന്നതിലും നിലനിർത്തി കൊണ്ടു പോകുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും അവർ പറഞ്ഞു.
സിറ്റിംഗ് അംഗത്തിനെതിരെ നിയമ വിദ്യാർഥിനി

പുൽ തടത്തിൽ അമൃത
തിരൂരങ്ങാടി | എ ആർ നഗർ പഞ്ചായത്ത് കൊളപ്പുറം പ്രദേശം ഉൾക്കൊള്ളുന്ന 16-ാം വാർഡിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുന്ന പുൽ തടത്തിൽ അമൃത നിയമ വിദ്യാർഥിനിയാണ്. കുറ്റിപ്പുറം കെ എം സി ടി കോളജിൽ നാലാം വർഷം എൽ എൽ ബി വിദ്യാർഥിനിയായ ഈ 21കാരി സി പി എം പ്രവർത്തകനായ പുൽത്തടത്തിൽ വേലായുധന്റെ മകളാണ്.
എടരിക്കോട് പി കെ എം സ്‌കൂൾ കോട്ടക്കൽ രാജാസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക പഠനം നടത്തിയത്. എസ് എഫ് ഐ പ്രവർത്തകയാണ്. നിലവിലെ വാർഡ് അംഗമായ യു ഡി എഫിലെ പുനത്തിൽ ഷൈലജയാണ് എതിർ സ്ഥാനാർഥി.
പി ജി വിദ്യാർഥിനി സ്വഫ്‌വ

സ്വഫ്‌വ മണിപറമ്പത്ത്
തിരൂരങ്ങാടി | തെന്നല പഞ്ചായത്ത് ആറാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സ്വഫ്‌വ മണിപറമ്പത്ത്. പരേതനായ മണി പറമ്പത്ത് ഹുസൈന്റെയും ബുശ്‌റയുടെയും മകളായ ഇവർ കാലിക്കറ്റ് സർവകലാശാലയിൽ പി ജി വിദ്യാർഥിനിയാണ് കോൺഗ്രസ് ടിക്കറ്റിൽ കൈപത്തി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തവണ കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ മലപ്പുറം ഗവ. കോളജ് യൂനിയനെ എസ് എഫ് ഐ യുടെ കൈയിൽ നിന്നും പിടിച്ചടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫൈനാട്‌സ് സെക്രട്ടറിയായി വിജയിച്ചത് ഇവരായിരുന്നു. കഴിഞ്ഞ തവണത്തെ ഈ വാർഡിലെ മെമ്പർ വികസനത്തിൽ പിറകിലായിരുന്നു.
തൊട്ടടുത്ത രണ്ട് വാർഡുകളിൽ വിനിയോഗിച്ച തുകയുടെ മൂന്നിലൊന്ന് ഭാഗം പോലും ജനകീയ മുന്നണി അംഗം ഇവിടെ ചെലവഴിച്ചിട്ടില്ലെന്നും ഇതാണ് പ്രചാരണ വിഷയമെന്നും ഇവർ പറഞ്ഞു. ജനകീയ മുന്നണിയിലെ നന്നമ്പ്ര മുഹ്‌സിന ശാനിദാണ് എതിരാളി.
അധ്യാപികയാകാൻ തയ്യാറെടുത്ത അഖില

അഖില
വേങ്ങര | അധ്യാപികയാകാൻ ബി എഡ് പ്രവേശനം കാത്തിരിക്കുന്ന അഖില ജന
പ്രതിനിധിയാകാൻ അങ്കത്തിനൊരുങ്ങുകയാണ്.
ഊരകം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കരിമ്പിലിയിലാണ് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി വെള്ളാട്ര പടിക്കൽ മണി പത്മിനി ദമ്പതികളുടെ രണ്ടാമത്തെ മകൾ അഖില മത്സരിക്കുന്നത്.
മലപ്പുറം ഗവ. കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി അധ്യാപികയാകാനുള്ള മോഹത്തോടെ ബി എഡ് പ്രവേശനം കാത്തിരിക്കുകയാണ് ഈ 21 കാരി. രാഷ്ട്രീയ പ്രവർത്തനത്തിൽ അഖിലക്ക് പരിചയവുമുണ്ട്. കോളജിലും നാട്ടിലും എസ് എഫ് ഐയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
നാട്ടിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നവും യുവാക്കളുടെ തൊഴിൽ പ്രശ്‌നവും അന്തിയുറങ്ങാൻ വീടില്ലാത്ത കുടുംബങ്ങളുടെ വീട് നിർമാണത്തിനും മുന്തിയ പരിഗണന നൽകുമെന്ന വാഗ്ദാനത്തോടെയാണ് അഖില തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.