Connect with us

Ongoing News

തദ്ദേശത്തിലെ ചില തമാശകൾ

Published

|

Last Updated

ഒരർഥത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു കലയാണ്. തന്ത്രവും കുതന്ത്രവും അടിയും തടയും തെളിയിക്കേണ്ട ഒരു പോർക്കളം. എന്തും സംഭവിക്കാം എന്തും ചെയ്യാം. ഓരോ വോട്ടും വിധി നിർണയിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലാണ് തന്ത്ര കുതന്ത്രങ്ങൾ  കൂടുതൽ പയറ്റാറ്. രാഷ്ട്രീയത്തെക്കാൾ വ്യക്തികൾക്കാണ് വോട്ട് . മറുകണ്ടം ചാടലും ചാടിക്കലും  എല്ലാം ഇവിടെ കൂടുതലാണ്. ഈ വേളയിൽ യഥാർഥത്തിൽ നടന്ന ചില തമാശകൾ നോക്കാം.

1. സ്വന്തം സഹോദരി  എതിർ പാർട്ടിയിൽ മത്സരിക്കുന്നു, എന്ത് ചെയ്യും?  പാർട്ടിയെ പിണക്കാൻ പറ്റുമോ? സഹോദരി വിജയിക്കുകയും വേണം. അവസാനം ഒരുഗ്രനൊരു ഐഡിയ ടിയാൻ കണ്ടുപിടിച്ചു. അതെന്താണെന്നോ.

സൂര്യാസ്തമയം വരെ സ്വന്തം പാർട്ടിക്കുവേണ്ടി വേണ്ടി വോട്ട് ചോദിച്ചു നടക്കും. ഇരുട്ടിയാൽ  പതുക്കെ ഓരോ വീടും കയറിയിറങ്ങി പറയും, പാർട്ടിക്ക് വേണ്ടി പകൽ നിങ്ങളുടെ വോട്ട് ചോദിച്ചത് കാര്യമാക്കേണ്ട. വോട്ട് എൻറെ സഹോദരിക്ക് ചെയ്യണം. പാർട്ടി ചിഹ്നം അല്ലകെട്ടോ, ഈ ചിഹ്നത്തിലാണ് കുത്തേണ്ടത്.

2. ഓടിക്കിതച്ചു വരികയാണ് ഒരു വനിതാ  സ്ഥാനാർഥി. പ്രായമുള്ള ഉമ്മയോട് ചോദിച്ചു, ഉമ്മാ നിങ്ങൾ നിസ്കാര കുപ്പായം  ഒന്ന് തരുമോ?

ആ ഉമ്മ  വേഗം നിസ്കാരക്കുപ്പായം എടുത്തു കൊടുത്തു. സ്ഥാനാർഥി  നിസ്ക്കരിച്ചു. നിസ്കാരം നാട്ടിലാകെ പാട്ടായി.
ഈ നിസ്കാരം നിരീശ്വരവാദിയാണെന്ന പ്രചാരണത്തിൻറെ മുനയൊടിക്കുകയും വിജയത്തിന് വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പോടെ മതകീയ ജീവിതം അവസാനിച്ചുവെന്നാണ് പിൽക്കാല സംസാരം.

3. നേതാക്കളും അണികളും ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. പെട്ടെന്നതാ ഒരു കാർ വന്നുനിൽക്കുന്നു. ഒരു സ്ഥാനാർഥിയുടെ ഭർത്താവാണ്. നേതാവിനെ വിളിച്ചു  ഒരു പീടിക മറവിലേക്ക് കൊണ്ടുപോയി. കുശലാന്വേഷണത്തിന് ശേഷം  ചെറിയൊരു പൊതി കൈമാറി.

നേതാവ് അനുയായികളോട് പറഞ്ഞു, എല്ലാവരും പിരിഞ്ഞു പോകണം, നമ്മൾ വോട്ട് ചെയ്യേണ്ടത് നമ്മുടെ സ്ഥാനാർഥിക്കല്ല. നമുക്ക് വിജയിക്കാൻ സാധിക്കില്ല.  മറ്റൊരു സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുക,  അവർ ജയിക്കട്ടെ.
അവസാനം അവർ ജയിച്ചു. പൊതി  കൊടുത്ത വ്യക്തിക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. തൻറെ ഭാര്യ മറ്റൊരു വാർഡിൽ മത്സരിക്കുന്നുണ്ട് . അവർക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആക്കണം. തൻറെ പാർട്ടിയിൽ പെട്ട സ്ഥാനാർഥി തോൽക്കണം. ത്രികോണ മത്സരത്തിൽ  ആ ലക്ഷ്യം സാക്ഷാത്കരിച്ചു. പണം നൽകി പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തി ഭാര്യയെ പ്രസിഡൻ്റാക്കി.

4. വനിതാസംവരണ വാർഡാണ്. സ്ഥാനാർഥികളെ കിട്ടാതെ വിഷമിച്ചിരിക്കുകയാണ് പാർട്ടിക്കാർ. അവസാനം സ്ഥാനാർഥിയെ വീട്ടിൽ നിന്ന് തന്നെ ഇറക്കി. വിജയിച്ചില്ല  എങ്കിലും തിരഞ്ഞടുപ്പ് കഴിഞ്ഞ് വീട് പുതുക്കി പണിയാൻ സാധിച്ചു.

4. തിരഞ്ഞെടുപ്പ് അവസാനിക്കാൻ  നിമിഷങ്ങൾ മാത്രം. ബൂത്തിൽ  കശപിശ. വോട്ട് ചെയ്യാൻ ഭാര്യയും മാതാവും വന്നു. അപ്പോഴാണ് ഈ കോലാഹലങ്ങൾ. പേടിച്ചരണ്ട് വോട്ടുചെയ്യാതെ മടങ്ങി പോയി രണ്ട് പേരും. അവസാനം   രണ്ടു വോട്ടിന് ഭർത്താവ് തോറ്റു.

5. സ്ഥാനാർഥിയെ അറിയില്ലെന്ന്  ഒരാൾ പരാതി പറഞ്ഞു. നാട്ടുകാരനല്ലേ, നാം അറിയുന്ന , നമ്മെ അറിയുന്ന സ്ഥാനാർഥി. തമാശക്ക് പറഞ്ഞതാണ്. ഉടനെ ഓടിയെത്തുന്നു സ്ഥാനാർഥി. വീട്ടുകാര്യങ്ങളെല്ലാം ചെയ്തുതീർത്തു  ആ സ്ഥാനാർഥി മടങ്ങിപ്പോയി. നാട്ടുകാരനായല്ല, വീട്ടുകാരനായി.

6. തിരഞ്ഞെടുപ്പ് ദിവസം, രാവിലെ തന്നെ തൊട്ടടുത്ത ചില വീടുകളിലേക്ക്  ജോലിക്കാരെ തേടിപ്പോയി. കുറച്ച് പണികൾ ഉണ്ട്, ജോലിക്കാരെയും കിട്ടി. കുറച്ചു വോട്ടും കിട്ടി. പ്രതിഫലം നേരത്തെ കൊടുത്തതാണ് വോട്ട് കിട്ടാൻ കാരണം. പ്രഭാത യാത്ര  സഫലീകരിച്ചു സ്ഥാനാർഥി വിജയിച്ചു.

7. നാടിൻറെ വികസനവും  പറഞ്ഞു വോട്ട് ചോദിച്ചു വന്നതാണ് സിറ്റിംഗ് മെമ്പർ. ഒരു വോട്ടർ ചോദിച്ചു , ഈ നാട് വികസിപ്പിക്കുമെന്ന് പറഞ്ഞിട്ട് എന്ത് ചെയ്തു?
ഉടനെ വന്നു സ്ഥാനാർഥിയുടെ മറുപടി, ഞാൻ എൻറെ വയറു തടവി കൊണ്ടാണ്  ഈ നാട് വികസിക്കും എന്ന് പ്രസംഗിച്ചത്.

8. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്  മൂന്ന് സമിതികളിലേക്ക് ആണല്ലോ മത്സരം. മുന്നണിയായ മത്സരത്തിൽ  ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങി. അവർ  പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് ചോദിച്ചു. മറ്റുരണ്ട് സ്ഥാനാർഥികളെ കൈവെടിഞ്ഞു. വോട്ടെണ്ണിയപ്പോൾ  ഫലമോ ? വോട്ടർമാരും  കൈവെടിഞ്ഞു.

Latest