Ongoing News
വോട്ട് പാട്ടിലാക്കി ഹനീഫാ മുടിക്കോടും ശിഹാബ് കാരാപറമ്പും

മഞ്ചേരി | തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തിരക്കിലാണ് ശിഹാബ് കാരാപറമ്പും ഹനീഫാ മുടിക്കോടും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 100ൽ പരം സ്ഥാനാർഥികൾക്ക് വേണ്ടിയാണ് ഇതുവരെ ഇരുവരും ചേർന്ന് പാട്ടുകൾ ഒരുക്കിയത്. മാപ്പിളപ്പാട്ടിന്റെ ഇശലുകൾക്കാണ് തിരഞ്ഞെടുപ്പ് ഗാനങ്ങളിൽ ഡിമാന്റ് എന്നാണ് ഇരുവരും പറയുന്നത്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളാണ് പാട്ടുകൾക്കായി ഇവരെ സമീപിക്കുന്നത്. മുന്നണി വ്യത്യാസമില്ലാതെ എല്ലാ പാർട്ടികൾക്ക് വേണ്ടിയും പാട്ടെഴുതിയിട്ടുണ്ടെന്ന് ശിഹാബ് പറയുന്നു.
മഞ്ചേരിയിലുള്ള തന്റെ വ്യാപാര സ്ഥാപനത്തിലിരുന്നാണ് ശിഹാബിന്റെ പാട്ടെഴുത്ത്. സ്ഥാനാർഥിയുടെ പേരും ചിഹ്നവും നൽകിയാൽ നിമിഷങ്ങൾ കൊണ്ട് ഒരു പാട്ട് പിറവിയെടുക്കും. എഴുതിയ വരികൾ ഹനീഫാ മുടിക്കോടിന്റെ ഉടമസ്ഥതയിലുള്ള സലാർ സ്റ്റുഡിയോയിലേക്ക് എത്തുന്നതോട് കൂടി വോട്ട് പിടിക്കാനുള്ള പാട്ട് റെഡി. അസിൻ വെള്ളില, നസീബ് നിലമ്പൂർ, രിഫാ മോൾ, ഫാസിലാ ബാനു, ഷാൻവർ തുവ്വൂർ തുടങ്ങി കുട്ടി താരങ്ങളുടെ പാട്ടുകൾക്കാണ് കൂടുതൽ പ്രിയം ഒരു മിനുറ്റിന്റെ സ്റ്റാറ്റസ് വീഡിയോകളാക്കിയും പാട്ടുകൾ നൽകുന്നുണ്ട്. അഞ്ഞൂറോളം മാപ്പിളപ്പാട്ടുകൾക്ക് ശിഹാബ് കാരാപറമ്പ് രചന നിർവഹിച്ചിട്ടുണ്ട്. ഇശൽ കലാ സാഹിതിയുടെ മാപ്പിളപ്പാട്ട് രചയിതാവിനുള്ള ഇശൽ രത്ന പുരസ്‌കാരം. വിദ്യാലയം പ്രതിഭകളോടെപ്പം, തുടങ്ങി വിവിധ പുരസ്‌കാരങ്ങൾ ശിഹാബിനെ തേടിയെത്തിയിട്ടുണ്ട്.