Connect with us

Ongoing News

കർഷക സമരവും ഗോൾവാൾക്കറും; തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കുരുക്ക്

Published

|

Last Updated

കൊച്ചി | തമ്മിലടി കാരണം തിരഞ്ഞെടുപ്പ് കളത്തിൽ തുടക്കത്തിൽ തന്നെ കാലിടറിയ ബി ജെ പിക്ക് ഡൽഹിയിൽ ആളിക്കത്തുന്ന കർഷക സമരവും കേരളത്തിലിപ്പോഴുയർന്നുവന്ന പേരുവിവാദവും തിരിച്ചടിയായേക്കും. തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായി മുന്നണികളൊന്നും ഇക്കാര്യമെടുത്തിട്ടില്ലെങ്കിലും കർഷക വിരുദ്ധ നയങ്ങൾ സൃഷ്ടിച്ച സമരത്തിന്റെ ചൂട് വോട്ടർമാരിൽ പ്രതിഫലിക്കുമെന്നുറപ്പ്.

കേന്ദ്ര സർക്കാറിനെ പിടിച്ചു കുലുക്കിയ സമരത്തിന്റെ കരുത്തും ആവേശവും മാധ്യമങ്ങളിൽ നിറയുന്നത് സാധാരണക്കാരായ തൊഴിലാളികളും കൃഷിക്കാരുമുൾപ്പെടെയുള്ളവരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രാദേശിക ചർച്ചകളുടെ പരിസരം ചൂണ്ടിക്കാട്ടുന്നു. സാധാരണയായി ദേശീയ വിഷയങ്ങൾ പ്രദേശിക തിരഞ്ഞെടുപ്പിൽ ചർച്ചയാകാറില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളുടെ ശക്തമായ സ്വാധീനവും വിഷയത്തിന്റെ ഗൗരവവും കർഷക സമരത്തെ ജനങ്ങൾക്കിടയിൽ ഇതിനകം തന്നെ വലിയ ചർച്ചയായി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. സമരത്തിനനുകൂലമായി സംസ്ഥാനത്ത് നടന്ന പ്രതിഷേധ സമരങ്ങളിലെ പങ്കാളിത്തവും ഇത് ചൂണ്ടിക്കാട്ടുന്നു. കർഷകസമരത്തിനനുകൂലമായി കക്ഷി വ്യത്യാസമില്ലാതെ ആളുകൾ അണിനിരക്കുന്നതിനെ പ്രതിരോധിക്കാൻ ബി ജെ പിക്ക് ദേശീയതലത്തിൽ കഴിഞ്ഞിട്ടില്ലെന്നതും സമരത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതായാണ് വ്യക്തമാക്കുന്നത്.

സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ആയിരക്കണക്കിന് കർഷകരുള്ളത്. സർക്കാർ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കർഷകർ വ്യക്തമാക്കുന്നതിന് സാമൂഹിക മാധ്യമങ്ങളൂടെ വലിയ പിന്തുണയാണ് മലയാളികളുൾപ്പെടെയുള്ളവർ നൽകുന്നത്. ആദ്യഘട്ട വോട്ടെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ക്യാമ്പസിന് ആർ എസ് എസ് ആചാര്യൻ ഗോൾവാൾക്കറുടെ പേര് നൽകിയ കേന്ദ്ര തീരുമാനവും തിരഞ്ഞെടുപ്പ് ചർച്ചകളിൽ അവസാനഘട്ടത്തിൽ കത്തിപ്പടരുകയാണ്. ഇന്റർ നാഷനൽ സയൻസ് ഫെസ്റ്റിവലിൽ കഴിഞ്ഞദിവസം രാജീവ്ഗാന്ധി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധനാണ് രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നിർദേശിച്ചത്. ഇതിന് പിന്നാലെ രൂക്ഷവിമർശമുന്നയിച്ച് ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നേതാക്കളെത്തിയിരുന്നു.

ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള തീരുമാനം ഹീനവും പ്രതിഷേധകരവുമാണെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്ന ചോദ്യവുമായി കോൺഗ്രസ് എം പി ശശി തരൂരും രംഗത്തെത്തിയിരുന്നു. കേന്ദ്രതീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഇതിനു പിന്നാലെ പേരിടലിനെ ന്യായീകരിച്ച് കേന്ദ്രമന്തി മുരളീധരനും ബി ജെ പി നേതാക്കളും കൂടിയെത്തിയതോടെ വിവാദം ചൂടുപിടിച്ചു. സാമൂഹികമാധ്യമങ്ങളിലും കനത്ത പ്രതിഷേധമാണ് പേരിടലുമായി ബന്ധപ്പെട്ട് പരക്കുന്നത്.തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലുയർന്ന ഈ വിവാദങ്ങൾ ബി ജെ പിയെ പിടിച്ചുലക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest